ബെംഗളൂരു: നിമഗെയെക്കെ ചുനാവണെ സ്പര്‍ദ്ദെ? (നിങ്ങളൊക്കെ തെരഞ്ഞെടപ്പില്‍ എന്തിനാ മത്സരിക്കുന്നത്?-എന്ന് ഈ കന്നടത്തിന്റെ മലയാളം) സഖാക്കളോടാണ് ഈ ചോദ്യം.
2018 മെയ് 25. വിധാന്‍സൗധയ്ക്ക് മുന്നിലെ കൂറ്റന്‍ വേദിയില്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ രാജ്യത്തെ ബിജെപി വിരോധികള്‍ക്കൊപ്പം ഇരുകൈകളും ഉയര്‍ത്തി ആവേശത്തോടെ മുഖ്യമന്ത്രി പിണറായി വിജയനുമുണ്ടായിരുന്നു. രണ്ടായിരുന്നു സ്വപ്നം. ഒന്ന് മോദിയെ താഴെയിറക്കി രാഹുലിനെ പ്രധാനമന്ത്രിയാക്കുക, രണ്ട് കര്‍ണാടകത്തില്‍ ഒരു സീറ്റിലെങ്കിലും ബിജെപിയെ പരാജയപ്പെടുത്തുക.
ആഗ്രഹം കൊള്ളാം, പക്ഷെ അവസ്ഥയോ. കര്‍ണാടകത്തില്‍ സിപിഎമ്മിനും സിപിഐക്കും കെട്ടിവച്ച കാശെങ്കിലും ലഭിക്കണമെങ്കില്‍ കോണ്‍ഗ്രസിന്റേയോ ജെഡിഎസ്സിന്റെയോ സഹായം വേണം. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സഖ്യ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തങ്ങളെ കൂടി ഉള്‍പ്പെടുത്തുമെന്നും ഒരു സീറ്റെങ്കിലും ലഭിക്കുമെന്നുമായിരുന്നു ഇടതുമുന്നണി നേതാക്കളുടെ പ്രതീക്ഷ. എന്നാല്‍ കോണ്‍ഗ്രസും ജെഡിഎസ്സും കൂടെക്കൂട്ടിയില്ല.
ജെഡിഎസ്സിന് കേരളത്തില്‍ മന്ത്രിസ്ഥാനം നല്കിയതൊക്കെ പറഞ്ഞ് ഒന്ന് അടുക്കാന്‍ സിപിഎം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കര്‍ണാടകത്തില്‍ വാര്‍ഡ് തെരഞ്ഞെടുപ്പില്‍ പോലും വിജയിക്കാത്ത സിപിഎമ്മിനെ ഒപ്പംകൂട്ടാന്‍ കോണ്‍ഗ്രസും തയാറായില്ല.
ഇരുപത്തെട്ടു മണ്ഡലങ്ങളുള്ള കര്‍ണാടകത്തില്‍ പല മണ്ഡലങ്ങളിലും സ്ഥാനാര്‍ഥിയായി നിര്‍ത്താന്‍ പോലും ആളില്ല. ഇതോടെ സിപിഎമ്മും സിപിഐയും ഓരോ സീറ്റില്‍ മത്സരിക്കാന്‍ തീരുമാനിച്ചു. ആകെ കുറച്ചു വോട്ട് ലഭിക്കുന്നത് ചിക്കബെല്ലാപ്പുരയിലാണ്. ഇവിടെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന ജി.വി. ശ്രീരാമറെഡ്ഡിയായിരുന്നു സ്ഥിരം സ്ഥാനാര്‍ഥി. 1994, 2004ലും ശ്രീരാമറെഡ്ഡി ഇവിടെ നിന്ന് നിയമസഭയിലേക്ക് വിജയിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ചതിന് മാസങ്ങള്‍ക്ക് മുന്‍പ് ശ്രീരാമറെഡ്ഡിയെ പാര്‍ട്ടി തരംതാഴ്ത്തി.
ഇതോടെ ഇക്കുറി സിപിഎമ്മിനുവേണ്ടി മത്സരിക്കുന്നത് സിഐടിയു സംസ്ഥാന പ്രസിഡന്റ് വരലക്ഷ്മിയാണ്. സിപിഐ തുമകൂരുവിലാണ് മത്സരിക്കുന്നത്. എന്‍. ശിവണ്ണയാണ് സ്ഥാനാര്‍ഥി. എസ്യുസിഐ സംസ്ഥാനത്ത് ഏഴു സീറ്റില്‍ മത്സരിക്കുന്നുണ്ട്.
സിപിഎമ്മും സിപിഐയും ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകത്തില്‍ ഇതുവരെ പച്ചതൊട്ടിട്ടില്ല. 2014-ല്‍ സിപിഐ മൂന്ന് സീറ്റിലും സിപിഎം രണ്ടു സീറ്റിലുമായിരുന്നു മത്സരിച്ചിരുന്നത്. സിപിഐക്ക് ആകെ ലഭിച്ചത് 28,203 വോട്ട് (0.09ശതമാനം), സിപിഎമ്മിന് ആകെ ലഭിച്ചത് 35,465വോട്ട് (0.11ശതമാനം).
നിയമസഭയില്‍ 1952 മുതല്‍ 1985വരെ ഇരുപാര്‍ട്ടികള്‍ക്കും ഒന്നുമുതല്‍ നാലുവരെ എംഎല്‍എമാരുണ്ടായിരുന്നു. 1989നു ശേഷം സിപിഐ ഒരു സീറ്റിലും വിജയിച്ചിട്ടില്ല. 1994, 2004ലും സിപിഎം ഒരു സീറ്റില്‍ വിജയിച്ചിരുന്നു. പിന്നീട് ഒരു തെരഞ്ഞെടുപ്പിലും രണ്ടാംസ്ഥാനത്ത് പോലും എത്തിയിട്ടില്ല. 2009 മുതല്‍ നടക്കുന്ന എല്ലാ തെരഞ്ഞെടുപ്പിലും ഒരു ശതമാനത്തില്‍ താഴെയാണ് സിപിഎമ്മിന്റെ വോട്ട്.
2013 നിയമസഭ തെരഞ്ഞെടുപ്പില്‍ 16 സീറ്റില്‍ മത്സരിച്ച സിപിഎമ്മിന് ആകെ ലഭിച്ചത് 68,775 വോട്ട് (0.22ശതമാനം). എട്ട് സീറ്റില്‍ മത്സരിച്ച സിപിഐക്ക് ലഭിച്ചത് 25,480 വോട്ട് (0.08ശതമാനം).
2018 നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഐ കോണ്‍ഗ്രസിന് പിന്തുണ നല്‍കുകയായിരുന്നു. 19 സീറ്റില്‍ മത്സരിച്ച സിപിഎം നോട്ടയ്ക്കും വളരെ പിന്നിലായി. നോട്ട 3,22,281 വോട്ട് നേടിയപ്പോ സിപിഎമ്മിന് 81,191 വോട്ടാണ് ലഭിച്ചത്. (0.20ശതമാനം).
പ്രതികരിക്കാൻ ഇവിടെ എഴുതുക: