ഭൂമാധികരണം
ഭൂമാവായ ബ്രഹ്മത്തെക്കുറിച്ചുള്ള ഈ അധികരണത്തില്‍ രണ്ട് സൂത്രങ്ങളാണുള്ളത്.
സൂത്രം – ഭൂമാ സംപ്രസാദാ ദധ്യുപദേശാത്
സുഷുപ്തിയില്‍ അനുഭവിക്കുന്നതിനേക്കാള്‍ അധികമായ ആനന്ദത്തെ പറഞ്ഞിരിക്കുന്നതിനാല്‍ .
ഭൂമാവ് എന്നാല്‍ ബ്രഹ്മം എന്നര്‍ത്ഥം. എന്തെന്നാല്‍ സുഷുപ്തിയില്‍ ആനന്ദമനുഭവിക്കുന്ന ജീവനേക്കാള്‍ വലിയ ധര്‍മ്മം അതിനുണ്ടെന്ന് പറഞ്ഞിക്കുന്നതിനാലാണിത്.
ഛാന്ദോഗ്യോപനിഷത്തില്‍ നാരദ – സനത് കുമാര സംവാദത്തില്‍ ‘യോ വൈ ഭൂമാ തത് സുഖം നാല്പസുഖമസ്തി, ഭൂ മൈവ സുഖം യത്ര നാന്യത് പശ്യതി നാന്യത് ശൃണോതി നാന്യത് വിജാനാതി സ ഭൂമാ അഥ യത്രാന്യത് പശ്യതി അന്യത് ശൃണോതി അന്യദ് വിജാനാതി തത് അല്പം ‘
ഭൂമാവാണ് സുഖം. അല്പത്തില് സുഖമില്ല.അതിനാല്‍ ഭൂമാവിനെ അറിയണം. എവിടെ വേറൊന്നിനെ കാണുകയോ കേള്‍ക്കുകയോ അറിയുകയോ ചെയ്യാത്തത് അതാണ് ഭൂമാവ്. മറ്റൊന്നിനെ കാണുകയും കേള്‍ക്കുകയും അറിയുകയും ചെയ്യുന്നത് അത് അല്പമാണ്.
ഇവിടെ ‘ഭൂമാവ് ‘ എന്ന് പറഞ്ഞത് പ്രാണനെയോ ജീവാത്മാവിനെയോ ഉദ്ദേശിച്ചാണെന്ന് പൂര്‍വ്വ പക്ഷം വാദിക്കുന്നു.
സനത് കുമാരന് ഉപദേശത്തില്‍ വാക്ക്, മനസ്സ് , സങ്കല്പം, ചിത്തം തുടങ്ങിയവയെ ക്രമത്തില്‍ മുകളിലേക്കും സൂക്ഷ്മവുമായി പറഞ്ഞ് അവയ്ക്ക് മേലേ പ്രാണനെ ഉപാസിക്കാന്‍ പറയുന്നു. അതിന് ശേഷം മറ്റൊന്നിനെ പറയുന്നില്ല. അതുകൊണ്ട് പ്രാണനെയാണ് സുഖകാരണമായി പറയുന്നതെന്നാണ് ഇവരുടെ വാദം. അല്ലെങ്കില്‍ പ്രാണനെന്ന് വിളിക്കാറുള്ള ജീവാത്മാവിനെയുമാകാം. പ്രാണനിലാണ് എല്ലാം സമര്‍പ്പിച്ചിരിക്കുന്നത് എന്ന ശ്രുതിവാക്യവും പ്രമാണമായി ഉദ്ധരിക്കുന്നു.
‘പ്രാണോ വാവ ആശയാ ഭൂയാന്‍……………… പ്രാണേ സര്‍വ്വം സമര്‍പ്പിതം’ . ഒരു ചക്രത്തിന്റെ ആരക്കാലുകള്‍ നടുക്കുള്ള നാഭിയില്‍ ചേര്‍ത്തിക്കുന്നത് പോലെ എല്ലാം പ്രാണനില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ എല്ലാറ്റിനേയും നിലനിര്‍ത്തുന്ന പ്രാണന് ഭൂമാവെന്ന് കരുതാമെന്നാണ് വാദം.
പ്രാണന്റെ സഹായത്തോടെ ശരീരത്തെ നിലനിര്‍ത്തുന ജീവനേയും ഭൂമാവായി കരുതാം. മന്ത്രത്തില്‍ ഭൂയാന്‍ എന്ന് ബഹുവചനം പറഞ്ഞിരിക്കുന്നതിനാല്‍ പരമാത്മാവിനെയല്ല എന്ന് പൂര്‍വ്വ പക്ഷം വാദിക്കുന്നു.
എന്നാല്‍ ഈ വാദങ്ങളെയെല്ലാം നിഷേധിക്കുകയാണ് സൂത്രം. ഭൂമാവാകാന്‍ അര്‍ഹത പരമാത്മാവിന് മാത്രമാണ്. അത് പ്രാണനോ ജീവനോ അല്ല.
സൂത്രത്തില്‍ സംപ്രസാദന്‍ എന്ന് പറഞ്ഞത് പ്രാണനെയാണ്. സുഷുപ്തിയില്‍ ജീവന് വളരെ നന്നായി പ്രസാദിക്കുന്നതിനാല്‍ സംപ്രസാദന്‍ എന്ന് വിളിക്കുന്നു. സുഷുപ്തിയിലും പ്രാണന് സന്തോഷത്തോടെ തന്റെ പ്രവര്‍ത്തനം ചെയ്യുന്നു. അങ്ങനെയുള്ള പ്രാണനെയും അതിക്രമിച്ചാണ് ഉപദേശം.
സനത് കുമാര മഹര്‍ഷി പ്രാണന് വരെയാണ് ഉപദേശിക്കുന്നത്. അത് കൊണ്ട് ആത്മജ്ഞാനം പൂര്‍ത്തിയാകുന്നില്ല. ഇതിനും മീതെ ഒന്ന് ഉണ്ടെന്ന് ഉപദേശിക്കുന്നുണ്ട്.
പ്രാണനെ അതിര്‍ത്തിയാക്കി അതിവാദത്തെ പറയുന്നു. സത്യം പറയുന്നയാളാണ്
അതിവദിക്കുന്നത്. സത്യം എന്നാല്‍ ബ്രഹ്മം. അത് മാത്രമാണ് മാറ്റമില്ലാതെ എന്നുമുള്ളത്.
തൈത്തിരീയത്തില്‍ ‘സത്യം ജ്ഞാനം അനന്തം ബ്രഹ്മ’ എന്ന് പ്രസ്താവമുണ്ട്.
പ്രാണനെ അതിക്രമിച്ച സത്യം അത് പരബ്രഹ്മമാണ്. അതാണ് ഭൂമാവാണ്.
ദുഃഖത്തിന്റെ മറുകരയില്‍ എത്തിക്കുമെന്ന് പറഞ്ഞാണ് നാരദ -സനത് കുമാര സംവാദം തീരുന്നത്. പ്രാണ ഉപാസന കൊണ്ട് ദു:ഖം തീരുകയില്ല. ആത്മജ്ഞാനം കൊണ്ടു മാത്രമേ ദു:ഖത്തെ മറികടക്കാന്‍ കഴിയൂ. ‘തരതി ശോകമാത്മവിത് ‘. ഇങ്ങനെ ഭൂമാവിനെ ദുഃഖത്തിനപ്പുറമുള്ള സുഖമാണ് എന്ന് പറയുന്നതിനാല്‍ ഭൂമാവ് പരമാത്മാവ് തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: