മാനന്തവാടി: മൊറട്ടോറിയത്തിന്റെ പേരില്‍ പിണറായി സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിച്ചതുമായി ബന്ധ—പ്പെട്ട വിവാദം മുറുകുന്നതിനിടെ വീണ്ടും കര്‍ഷക ആത്മഹത്യ. കടക്കെണിയില്‍ പെട്ട വയനാട് തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരി ആനപ്പാറ പുളിയങ്കണ്ടി വി.വി. കൃഷ്ണകുമാര്‍ (55) ആണ് ജീവനൊടുക്കിയത്.
വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ ഏതാനും മാസങ്ങള്‍—ക്കുള്ളില് ആത്മഹത്യ ചെയ്ത കര്‍ഷകര്‍ ഇരുപത്തൊന്നായി. കാര്‍ഷിക ജില്ലകളായ വയനാട്ടില്‍ പതിമൂന്നു പേരും ഇടുക്കിയില്‍ ഏഴു പേരുമാണ് ആത്മഹത്യ ചെയ്തത്. ഒരാള്‍ തൃശൂരിലും.
തൃശ്ശിലേരി സഹകരണ ബാങ്കില്‍നിന്ന് 2017ല്‍ കൃഷ്ണകുമാര്‍ മൂന്ന് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. വിളനാശം മൂലം ഒന്നും തിരിച്ചടക്കാനായില്ല. സ്വകാര്യ പണമിടപാടുകാര്‍ക്ക് നാല് ലക്ഷം രൂപയാണ് നല്കാന് ഉണ്ടായിരുന്നത്. മുമ്പ് കാട്ടിക്കുളം തെറ്റ് റോഡില്‍ വനത്തിനുള്ളിലായിരുന്നു കൃഷ്ണകുമാറിന്റെ കുടുംബം താമസിച്ചിരുന്നത്.
കാട്ടാന ശല്യം രൂക്ഷമായ ഇവിടെ നിന്ന് പത്ത് വര്‍ഷം മുമ്പാണ് തൃശ്ശിലേരി ആനപ്പാറയിലേക്ക് മാറി താമസിച്ചത്. ഇവിടെ രണ്ടര ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്തതിനൊപ്പം പുതിയ വീടും നിര്‍മിച്ചിരുന്നു. ഇതിനായി എടുത്ത വായ്പ കൃഷി നശിച്ചതോടെ തിരിച്ചടക്കാനായില്ല. കഴിഞ്ഞ കുറേ ദിവസങ്ങളായി കൃഷ്ണകുമാര്‍ വലിയ മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് സഹോദരന് സുന്ദരന്‍ പറഞ്ഞു. ‘ാര്യ: രത്നമ്മ. മക്കള്‍: സത്യനാഥന്, സുരേന്ദ്രന്, പല്‍പ്പു, മഞ്ജു. മരുമക്കള്‍: കണ്ണയ്യന്, സോമണ്ണന്‍, പവിത്ര, ആശ.
മൊറട്ടോറിയത്തിന്റെ പേരില്‍ കൊടും വഞ്ചന
കൊച്ചി: കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഏതാനും മാസങ്ങള്‍ക്കു മുന്‍പ് പ്രഖ്യാപിച്ചത്. കര്‍ഷക ആത്മഹത്യകള്‍ തുടരുന്ന സമയത്തായിരുന്നു പ്രഖ്യാപനം. പക്ഷെ അത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വെറും തട്ടിപ്പായിരുന്നു.
സംസ്ഥാന സര്‍ക്കാരോ കാര്‍ഷിക വകുപ്പോ ഇതിനുള്ള ഒരു നടപടിയും കൈക്കൊണ്ടില്ല. മൊറട്ടോറിയം പ്രഖ്യാപിച്ച് ഉത്തരവിറക്കിയിട്ടുമില്ല. ഇത് വിവാദമായപ്പോള്‍ നേരത്തെ പ്രഖ്യാപിച്ച മൊറട്ടോറിയം നീട്ടിയതായി ചീഫ് സെക്രട്ടറി ഉത്തരവിറക്കി.
എന്നാല്‍ അതിറങ്ങിയപ്പോഴേക്കും തെരഞ്ഞെടുപ്പ് വിജ്ഞാപനമായി, അതോടെ ചട്ടലംഘനമായതിനാല്‍ മൊറട്ടോറിയത്തിന്റെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടാനുള്ള ഉത്തരവ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ മടക്കി. ഇപ്പോള്‍ നിലവില്‍ മൊറട്ടോറിയം ഇല്ല. കൊടിയ കര്‍ഷക വഞ്ചന പുറത്തായതോടെ ഇതിന്റെ ഉത്തരവാദിത്തം മുഴുവന്‍ ഉദ്യോഗസ്ഥരില്‍ കെട്ടിവച്ച് തലയൂരാനാണ് സര്‍ക്കാര്‍ ശ്രമം.
ആത്മഹത്യ ചെയ്തത് 22 കര്‍ഷകര്‍
തൊടുപുഴ: കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയും കാരണം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ജീവനൊടുക്കിയത് 22 കര്‍ഷകര്‍. അതില്‍ മിക്കവയും ഇടുക്കി, വയനാട് ജില്ലകളില്‍. വയനാട്ടില്‍ മാര്‍ച്ച് അവസാനമായപ്പോഴേക്കും ആത്മഹത്യ ചെയ്തത് പതിമൂന്നു കര്‍ഷകര്‍.
ഇടുക്കിയില്‍ എട്ടുപേരാണ് ജീവനൊടുക്കിയത്. ഏഴു കര്‍ഷകരും ഒരു കര്‍ഷക തൊഴിലാളിയും. ജീവനൊടുക്കിയവര്ക്കെല്ലാം ബാങ്കില്‍ നിന്ന് തിരിച്ചടവിനായി നോട്ടീസ് ലഭിച്ചിരുന്നു. ഇതുമൂലമുണ്ടായ മാനസിക സംഘര്‍ഷമാണ് ആത്മഹത്യക്ക് കാരണം. കെഎസ്എഫ്ഇയുടെ ജപ്തി നോട്ടീസ് വന്നതോടെ മാനക്കേട് ഭയന്ന് ബന്ധുവിന്റെ പുരയിടത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു മുരിക്കാശ്ശേരി മേരിഗിരി താന്നിക്കാട്ടുകാലയില്‍ സന്തോഷ് (37). പല ബാങ്കുകളില്‍ നിന്നായി സന്തോഷ് 20 ലക്ഷത്തോളം രൂപ ലോണെടുത്തിരുന്നു. പെരിഞ്ചാംകുട്ടി ചെമ്പകപ്പാറ കുന്നുംപുറത്ത് സഹദേവന് (68) രണ്ട് ബാങ്കുകളിലായി 13 ലക്ഷത്തോളം രൂപയായിരുന്നു കടം. അടിമാലി ഇരുന്നൂറേക്കര്‍ കുന്നത്ത് സുരേന്ദ്രന് (76) മക്കളുടെ വിവാഹത്തിനായി പണം കടമെടുത്തത് തിരിച്ചടയ്ക്കാനാകാതെ വന്നതോടെ ജപ്തി ഭയന്നാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.
കൃഷി നശിച്ചതോടെ വരുമാനം മുടങ്ങി. അതോടെ വായ്പാഅടവുകളും നിലച്ചു. അതോടെ ബാങ്കുകള്‍ തനിനിറം പുറത്തെടുത്തു. പിടിച്ചു നില്ക്കാന് സഹായകമായ ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല. പ്രളയാനന്തരം നല്കുമെന്നു പറഞ്ഞ പതിനായിരം രൂപ പോലും പലര്‍ക്കും കിട്ടിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: