ഇടുക്കി: ചൂട് കൂടുന്നതിന് പിന്നാലെ വൈദ്യുതി ബോര്‍ഡിനെ പോലും അത്ഭുതപ്പെടുത്തി രാത്രി വൈകിയുള്ള ഉപഭോഗം കുതിച്ചുയരുന്നു. ബുധനാഴ്ച 85.8957 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. ഇത് സര്‍വകാല റെക്കോഡാണ്.
പകല്‍ സമയത്തെയും രാത്രി സമയത്തെയും റെക്കോഡുകള്‍ ഇതേ ദിവസം മറികടന്നു. ഉച്ചയ്ക്ക് 3725 മെഗാവാട്ട് ആണ് പരമാവധി ഒരു സമയം ഉപയോഗിച്ച വൈദ്യുതി. രാത്രിയില്‍ ഇത് 4211 മെഗാവാട്ട് വരെയെത്തി. ഇതിന് മുമ്പ് യഥാക്രമം 3600 ഉം 4100 ഉം ആയിരുന്നു റെക്കോഡ്. കഴിഞ്ഞ 19ന് ആണ് ഇത് രേഖപ്പെടുത്തിയത്. അതേസമയം വൈകിട്ട് ഏഴ് മുതല്‍ 10 വരെയായിരുന്ന പീക്ക് ടൈമിലും മാറ്റമുണ്ടായി. എസിയുടെയും ഫാനിന്റെയും ഉപയോഗം കൂടിയതോടെ രാത്രി 10.30-1.45 വരെ കൂടുതല്‍ വൈദ്യുതി ഏതാണ്ട് ഒരേ അളവില്‍ തന്നെ ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിലൊരു ഉപഭോഗം കെഎസ്ഇബിയുടെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. ഇതിന് അനുസരിച്ച് ജലവൈദ്യുത പദ്ധതികളുടെ പ്രവര്‍ത്തനത്തിലും മാറ്റം വരുത്തുന്നു.
മുമ്പ് വൈകിട്ട് പ്രവര്‍ത്തനം ആരംഭിക്കുന്ന ജലവൈദ്യുത പദ്ധതികള്‍ രാത്രി 11 വരെയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഉപഭോഗം ഉയര്‍ന്നതോടെ ചില ഫീഡറുകള്‍ രാത്രിയില്‍ തന്നെ പവര്‍കട്ട് ഓഫ് ആകുന്നതും പതിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: