തിരുവനന്തപുരം: കാര്‍ഷിക വായ്പാ മൊറട്ടോറിയത്തില്‍ ഉത്തരവിറങ്ങാത്തതില്‍ സര്‍ക്കാരിന് ഉത്തരവാദിത്ത്വമില്ലെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം. പഴിയെല്ലാം ഉദ്യോഗസ്ഥരുടെ മേല്‍ കെട്ടിവച്ച് മന്ത്രിമാര്‍ കൈകഴുകാന്‍ ശ്രമിക്കുന്നു.
കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗത്തില്‍ മന്ത്രിമാര്‍ ശ്രമിച്ചതും ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ചയുണ്ടായെന്നു വരുത്താനാണ്. ഇടുക്കിയിലും വയനാട്ടിലും കര്‍ഷക ആത്മഹത്യകള്‍ പെരുകുകയും സര്‍ക്കാര്‍ സൃഷ്ടിച്ച മഹാപ്രളയത്തിന് ശേഷമുള്ള വരള്‍ച്ചക്കാലത്ത് കര്‍ഷകര്‍ ദുരിതത്തിലും കടക്കെണിയിലുമാവുകയും ചെയ്തതോടെ ജനവികാരം സര്‍ക്കാരിനെതിരെ തിരിയാന്‍ തുടങ്ങി. ഇതു മറികടക്കാനാണ് മൊറട്ടോറിയം ദീര്‍ഘിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍, കൃഷി മന്ത്രി സുനില്‍കുമാറിന്റെ വേണ്ട വിധത്തിലുള്ള ഇടപെടല്‍ ഇല്ലാത്തതിനാല്‍ പ്രഖ്യാപനം തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതുവരെ നീണ്ടുപോയി.
അതേസമയം, സര്‍ക്കാരിന് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന ഉദ്ദേശമില്ലായിരുന്നെന്ന തെളിവുകളാണ് പുറത്തുവരുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം പുതിയ പ്രഖ്യാപനങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ നിലവിലുള്ള പദ്ധതികളെക്കുറിച്ചുള്ള ഫയലുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറാറുണ്ട്. ഈ ഫയലുകളില്‍ മൊറട്ടോറിയത്തെക്കുറിച്ചോ പ്രഖ്യാപനത്തെക്കുറിച്ചോ രേഖപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് അടിയന്തരസഹായമായി പ്രഖ്യാപിക്കേണ്ട മൊറട്ടോറിയം ലഭിക്കില്ല. മൊറട്ടോറിയത്തിന്റെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടുന്നതിനുള്ള മന്ത്രിസഭാ തീരുമാനം മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കഴിഞ്ഞ ദിവസം മടക്കി.
കാലാവധി നീട്ടാന്‍ മന്ത്രിസഭ തീരുമാനിച്ചാല്‍ സാധാരണ 48 മണിക്കൂറിനകം ഉത്തരവ് ഇറങ്ങേണ്ടതാണ്. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതുവരെ നീട്ടിക്കൊണ്ടു പോയതിന്റെ ഉത്തരവാദിത്വമാണ് ഇടത് മന്ത്രിമാര്‍ ചീഫ് സെക്രട്ടറിയുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നത്. അതേസമയം, 48 മണിക്കൂര്‍ കഴിഞ്ഞിട്ടും എന്തുകൊണ്ട് ഉത്തരവിറങ്ങിയില്ലായെന്ന്, കര്‍ഷകരെക്കുറിച്ച് നിരന്തരം ആശങ്കപ്പെടുന്ന കൃഷിമന്ത്രി പരിശോധിച്ചില്ലെന്ന ചോദ്യവും പലകോണുകളില്‍ നിന്നും ഉയരുന്നു. കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും കൃഷിമന്ത്രിയും ഉത്തരവാദിത്വം മുഴുവന്‍ ചീഫ് സെക്രട്ടറിയുടെ തലയില്‍ കെട്ടിവച്ചു. തുടര്‍ന്ന് ഇത്തരത്തില്‍ ശാസിച്ചതായി മാധ്യമങ്ങളെ അറിയിച്ചു.
തെരഞ്ഞെടുപ്പില്‍ കര്‍ഷകരുടെ വികാരം ഇടതു സര്‍ക്കാരിനെ ബാധിക്കുമെന്ന തിരിച്ചറിവിലാണ്, ഉദ്യോഗസ്ഥരുടെ പിടിപ്പുകേടു കാരണം ജനങ്ങളോട് സമാധാനം പറയേണ്ട ഗതികേടിലാണ് തങ്ങളെന്ന് മന്ത്രിമാര്‍ ആവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: