ഉപഗ്രഹ വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചതോടെ രാജ്യത്തിന്റെ യശസ്സ് മാനംമുട്ടെ ഉയര്‍ത്തിയിരിക്കുന്നു. യുദ്ധ സാങ്കേതിക വിജ്ഞാനമേഖലയില്‍ അഭിമാനകരമായി പ്രവര്‍ത്തിക്കുന്ന ഡിആര്‍ഡിഒയാണ് ‘മിഷന് ശക്തി’ പരീക്ഷിച്ച് ലോകത്തിന്റെ നെറുകയില്‍ ഇന്ത്യയെ എത്തിച്ചത്. ഈ ശക്തി നേടിയിട്ടുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. അമേരിക്കയും റഷ്യയും ചൈനയുമാണ് മുന്‍ഗാമികള്‍. മിഷന് ശക്തി പരീക്ഷണം വന്‍ വിജയമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തെ അറിയിച്ചപ്പോള്‍ 130 കോടി ജനങ്ങളുടെയും അഭിമാനത്തിന്റെ തിളക്കമേറി. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയാണിത്. ഭൂമിയില്‍ നിന്നാണ് പരീക്ഷണ മിസൈല്‍ തൊടുത്തുവിട്ടത്. ഭ്രമണ പഥത്തില്‍ ഒട്ടനവധി മിസൈലുകള്‍ നമുക്കുണ്ടെങ്കിലും ഇതുവരെ വികസിപ്പിച്ചെടുക്കാന്‍ കഴിയാത്ത ഉപഗ്രഹവേധ മിസൈല്‍ ഇപ്പോള്‍ ഇന്ത്യക്കും സ്വന്തമായി. നമ്മുടെ മിസൈലുകള്‍ ആരെയും ആക്രമിക്കാനുള്ളതല്ല. പ്രതിരോധത്തിന് മാത്രമാണ്. പരീക്ഷണം അന്താരാഷ്ട്ര നിയമങ്ങളെയോ കരാറുകളെയോ ലംഘിക്കുന്നതല്ല. രാജ്യത്തെ ഒരു സുപ്രധാന വിവരം അറിയിക്കാനുണ്ടെന്ന് ഇന്നലെ രാവിലെ അറിയിച്ച പ്രധാനമന്ത്രി ഉച്ചയ്ക്ക് 12.30നാണ് രാഷ്ട്രത്തെ അഭിസംബോധന ചെയ്തത്.
പ്രവര്‍ത്തനരഹിതമായ സാറ്റലൈറ്റുകള്‍ വീഴ്ത്താന്‍ എ സാറ്റ് ഉപയോഗിച്ചിട്ടുണ്ട്. ചൈനയും പാക്കിസ്ഥാനും ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളുമായുള്ള സംഘര്‍ഷം നിലനില്‍ക്കെ ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചത് പ്രതിരോധ രംഗത്ത് മികച്ച നേട്ടമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഒഡിഷയിലെ കലാം ദ്വീപില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചതെന്നാണു സൂചന. ഇതിനെപ്പറ്റിയുള്ള ഔദ്യോഗിക വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. അടുത്തിടെ ഇന്ത്യ ഒരു മൈക്രോസാറ്റ് (കൃത്രിമ ഉപഗ്രഹത്തിന്റെ ചെറുപതിപ്പ്) എല്‍ഇഒയിലേക്ക് അയച്ചത് ചര്‍ച്ചാവിഷയമായിരുന്നു. പ്രതിരോധ ആവശ്യങ്ങള്‍ക്ക് അയച്ചതാണെന്നായിരുന്നു ഡിആര്‍ഡിഒ വ്യക്തമാക്കിയത്. ഈ ഉപഗ്രഹമാണ് ഇപ്പോള്‍ മിസൈല്‍ ഉപയോഗിച്ചു തകര്‍ത്തതെന്നു കരുതുന്നു. മറ്റൊരു രാജ്യത്തിന്റെ ഉപഗ്രഹത്തെ തകര്‍ക്കുകയാണെങ്കില്‍ അതു യുദ്ധ പ്രഖ്യാപനമായാണു കണക്കാക്കുക. മിഷന് ശക്തി പരീക്ഷണമിസൈലിന് 2000 കിലോമീറ്റര്‍ അകലെയുള്ള ഉപഗ്രഹത്തെപ്പോലും തകര്‍ക്കാന്‍ ശേഷിയുണ്ട്. 2007ലും ചൈന ഇതു പരീക്ഷിച്ചിട്ടുണ്ട്. അന്ന് 800 കിലോമീറ്റര്‍ മുകളിലുള്ള ഉപഗ്രഹമാണ് തകര്‍ത്തത്. ഇത്തരം പരീക്ഷണങ്ങള്‍ അന്തരീക്ഷത്തില്‍ അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കാറുള്ളത്. മൂവായിരത്തോളം അപകടകരമായ അവശിഷ്ടങ്ങളാണ് ഓരോ പരീക്ഷണവും അന്തരീക്ഷത്തില്‍ അവശേഷിപ്പിക്കുന്നത്. ഇത്തരം അവശിഷ്ടങ്ങള്‍ പിന്നീട് ഉപഗ്രഹങ്ങള്‍ക്കു തന്നെ ഭീഷണിയാകുന്നുണ്ട്. മിസൈല്‍ പരീക്ഷണത്തെ വിമര്‍ശിക്കുന്നവര്‍ ഇതൊക്കെ ചൂണ്ടിക്കാട്ടുന്നുണ്ട്.
വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ ആണവ പരീക്ഷണം നടത്തിയതുപോലെ അതീവ രഹസ്യമായാണ് ഉപഗ്രഹ വേധ മിസൈലും പരീക്ഷിച്ചത്. വാജ്പേയി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കുമ്പോള്‍ മാത്രമാണ് പൊക്രാന്‍ സ്ഫോടനം ലോകം അറിഞ്ഞത്. അന്ന് വിദേശ രാജ്യങ്ങള്‍ അമ്പരപ്പോടെയാണ് സ്ഫോടനവാര്‍ത്ത ശ്രവിച്ചത്. അമേരിക്കയുടെ ചാരക്കണ്ണുകള്ക്കൊന്നും ഇന്ത്യയുടെ നീക്കം കാണാനായിരുന്നില്ല. അതിന്റെ നിരാശയില്‍നിന്നാണ് സാമ്പത്തിക ഉപരോധമടക്കം അമേരിക്ക പ്രഖ്യാപിച്ചത്. അവരെ മറ്റ് രാജ്യങ്ങളും അനുകരിച്ചു. പക്ഷെ ഇന്ത്യ അതൊന്നും കൂട്ടാക്കിയില്ല. ഉപരോധം മറികടക്കാന്‍ ഇന്ത്യന്‍ ജനത സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രത്യാശ വിജയിക്കുകയും ചെയ്തു. പ്രവാസി ഇന്ത്യക്കാര്‍ കൈയയച്ച് സഹായിച്ചു. സ്വാഭാവികമായി ഉപഗ്രഹവേധ മിസൈലിനെയും സംശയത്തോടെ വീക്ഷിച്ചേക്കാം. അത് ശത്രുരാജ്യങ്ങളായിരിക്കില്ല. അവരുടെ ഇന്ത്യയിലെ മിത്രങ്ങളായിരിക്കാനും മതി. ഏതായാലും സാമ്പത്തിക രംഗമടക്കമുള്ള മേഖലയിലെന്നപോലെ പ്രതിരോധ രംഗത്തും രാജ്യം മികച്ച നേട്ടം കൈവരിച്ചിരിക്കുന്നതില്‍ അഭിമാനിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: