കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വമ്പിച്ച നയമാറ്റ പ്രഖ്യാപനമായിരുന്നു മേക് ഇന്‍ ഇന്ത്യ. ഇന്ത്യയില്‍ ഇന്ത്യയ്ക്കാവശ്യമുള്ളത് ഉല്‍പ്പാദിപ്പിക്കുക. ഇന്ത്യക്കാര്ക്കുല്പ്പാദകരാകാം, ഇതര രാജ്യക്കാര്ക്കുമാകാം. ലോകം അതിശയത്തോടെ കണ്ട അസാധാരണമായ സ്വദേശിവല്‍ക്കരണ മായിരുന്നു പദ്ധതി. വിവിധ തലത്തില്‍ വ്യാപകമായ മേഖലകളില്‍ ആവിഷ്കരിച്ച ഈ പദ്ധതിയില്‍ നേട്ടമുണ്ടായ ഒരു സംസ്ഥാനം കേരളമാണ്.
കേരളത്തില്‍ കൊച്ചിയാണ് മുന്നില്‍
കൊച്ചി കപ്പല്‍ ശാല മാത്രം ഉദാഹരണമെടുക്കാം. സാധ്യമായതിന്റെ പരമാവധിയാണിപ്പോള് കപ്പല്‍ശാലയിലെ ഉല്പാദനം. തൊഴിലവസരങ്ങള്‍ കൂടി . അനുബന്ധ തൊഴില്‍ വര്‍ധിച്ചു. പ്രത്യക്ഷമായും പരോക്ഷമായും സാമ്പത്തിക നേട്ടമുണ്ടായ തൊഴിലാളി കുടുംബങ്ങള്‍, രാഷ്ട്രീയം മറന്ന് പ്രധാനമന്ത്രി മോദിക്ക് നന്ദി പറയുന്നു.
പക്ഷേ, പതിറ്റാണ്ടുകളായി തൊഴിലാളികളെ കബളിപ്പിച്ചും സാമ്പത്തികമായി പിരിച്ച് പിഴിഞ്ഞും കഴിഞ്ഞ ചിലര്‍ കുത്തിത്തിരിപ്പുകള്‍ക്ക് ശ്രമിക്കുന്നെങ്കിലും ഫലിക്കുന്നില്ല.
കപ്പല്‍ ശാലയിലെ കാര്യങ്ങള്‍ ഇങ്ങനെ:
കൊച്ചി കപ്പല്‍ ശാല ഇന്ന് നേട്ടങ്ങളുടെ ഓരോ പടവുകളും കീഴടക്കുകയാണ്. കപ്പലുകളുടെ നിര്‍മ്മാണവും അറ്റകുറ്റപ്പണിയുമായി കൊച്ചി കപ്പല്‍ ശാലയില്‍ തിരക്കുകള്‍ മാത്രമാണ്. യാത്രയ്ക്കുള്ള ചെറുബോട്ടുകള്‍ മുതല്‍ നേവിയുടെ വിമാന വാഹിനിക്കപ്പല്‍ വരെ നിര്‍മ്മിക്കുന്നു. കൊച്ചി കോര്‍പ്പറേഷനു മുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുവരെ ജലവാഹനങ്ങള്‍ നിര്‍മ്മിച്ചു നല്കുന്നു. ഇന്ത്യയില്‍ മാത്രമല്ല, ലോകരാജ്യങ്ങള്‍ക്കിടയില്‍ തന്നെ വിശ്വസ്ത സ്ഥാപനമാണ് ഇന്ന് സിഎസ്എല്‍. കൊച്ചി കപ്പല്‍ ശാലയുടെ കുതിപ്പിന് കാരണം ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയാണ്. പ്രതിരോധ വകുപ്പും, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പും ഷിപ്പ് യാര്‍ഡിന്റെ പിന്തുണയാണ് കപ്പല്‍ ശാലക്ക് വലിയ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ സാധിച്ചതിന്റെ പ്രധാന കാരണം. 2017ല്‍ കൊച്ചിന് ഷിപ്പ് യാര്‍ഡില്‍ അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രത്തിന്റെ നിര്‍മ്മാണം ആരംഭിക്കാന്‍ സാധിച്ചു. ആറു ട്രാന്‍സ്ഫര്‍ സ്റ്റേഷനുകള്‍ ഉള്‍പെടുന്ന യാര്‍ഡില്‍ ഒരേ സമയം ഒന്നിലേറെ കപ്പലുകള്‍ വെള്ളത്തിലിറക്കാനും ഡോക്കില്‍ കയറ്റാനുമുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി. അത്യാധുനിക സാങ്കേതിക നിലവാരമുള്ള ജര്‍മന്‍ നിര്‍മിത ലിഫ്റ്റും സ്ഥാപിക്കും. ഇതിനായി 150 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്.
വെല്ലിങ്ടണ്‍ ഐലന്‍ഡില്‍ കൊച്ചി തുറമുഖ ട്രസ്റ്റില്‍ നിന്നു പാട്ടത്തിനെടുത്ത 42 ഏക്കറിലാണ് ഷിപ്പ് റിപ്പെയര്‍ യാര്‍ഡിന്റെ നിര്‍മ്മാണം നടക്കുന്നത്. ഇതിനൊപ്പം 6,000 പേര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കാനും കേന്ദ്ര സര്‍ക്കാരിന് സാധിച്ചു. മോദി സര്‍ക്കാര്‍ ആദ്യം കൊച്ചി കപ്പല്‍ശാലയ്ക്ക് 3200 കോടി രൂപയും പിന്നീട് 1,799 കോടി രൂപയുടെ പദ്ധതികള്‍ക്കുമാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രി നേരിട്ടാണ് കൊച്ചി കപ്പല്‍ശാലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: