”കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 73 സീറ്റാണ് എന്‍ഡിഎക്ക് ഉത്തര്‍പ്രദേശില്‍ ലഭിച്ചത്. ഇത്തവണ 74 ആകും”. ഏറ്റവുമൊടുവില്‍ ഇംഗ്ലീഷ് ദിനപത്രത്തിന് നല്കിയ അഭിമുഖത്തില്‍ യുപിയെക്കുറിച്ചുള്ള ചോദ്യത്തിന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നല്കിയ മറുപടിയാണിത്. കൂടുതലായി ലഭിക്കുന്ന ആ ഒരു സീറ്റ് രാഹുലിന്റെ അമേത്തിയാണെന്നാണ് അമിത് ഷാ പറയാതെ പറയുന്നത്. നെഹ്റു കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലത്തില്‍ അവരുടെ ‘ഭാവി പ്രധാനമന്ത്രി’ രാഹുലിനെ വീഴ്ത്തി കോണ്‍ഗ്രസ്സിന് മറക്കാനാകാത്ത തിരിച്ചടി നല്‍കുകയാണ് ഷായുടെ ലക്ഷ്യം.
1977ല്‍ ജനതാ പാര്‍ട്ടിയും 1998ല്‍ ബിജെപിയും ജയിച്ചതൊഴിച്ചാല്‍ മറ്റ് തെരഞ്ഞെടുപ്പുകളിലെല്ലാം അമേത്തിയില്‍ വിജയക്കൊടി പാറിച്ചത് കോണ്‍ഗ്രസ്സാണ്. സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി തുടങ്ങിയ അതികായരെ തെരഞ്ഞെടുത്ത വിവിഐപി മണ്ഡലത്തെ 2004 മുതല്‍ രാഹുല്‍ ഗാന്ധിയാണ് പ്രതിനിധീകരിക്കുന്നത്. ആദ്യ സ്ഥാനാര്‍ഥി പട്ടികയില്‍ സ്മൃതി ഇറാനിയെ പ്രഖ്യാപിച്ച് എതിരാളിയാരെന്ന് ബിജെപി വ്യക്തമാക്കിക്കഴിഞ്ഞു.
2014ല്‍ അമേത്തിയില്‍ മത്സരിച്ച സ്മൃതി ശക്തമായ പോരാട്ടം നടത്തി രാഹുലിന്റെ ഭൂരിപക്ഷം 3,70,198ല്‍നിന്നും 1,07,903 ആയി കുറച്ചിരുന്നു. ഒറ്റ തെരഞ്ഞെടുപ്പില്‍ 2,62,295 വോട്ടുകളാണ് രാഹുലിന് നഷ്ടപ്പെട്ടത്. 37,570 ആയിരുന്ന ബിജെപി വോട്ടുകള്‍ 3,00,748ലെത്തിച്ചു. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം തുടര്‍ന്നു. അമേത്തി ലോക്സഭാ മണ്ഡലത്തിലുള്ള അഞ്ച് നിയമസഭാ സീറ്റുകളില്‍ ഒരിടത്തും കോണ്‍ഗ്രസ്സിന് ജയിക്കാന്‍ സാധിച്ചില്ല. ബിജെപി നാല് സീറ്റ് പിടിച്ചപ്പോള്‍ ഒരിടത്ത് സമാജ്വാദി പാര്‍ട്ടി ജയിച്ചു. അമിത് ഷായുടെ ആത്മവിശ്വാസത്തിന് പിന്നില്‍ ഈ കണക്കുകളുമുണ്ട്.
കേന്ദ്രമന്ത്രിയായ സ്മൃതി
2014ല്‍ സ്മൃതി ഇറാനിയെ അമിത് ഷാ അമേത്തിയില്‍ ഇറക്കിയത് 2019 ലക്ഷ്യമിട്ടായിരുന്നു. അന്ന് പാര്‍ട്ടി നേതാവെന്ന മേല്‍വിലാസമാണ് സ്മൃതിക്ക് ഉണ്ടായിരുന്നതെങ്കില്‍ ഇന്നവര്‍ കേന്ദ്രമന്ത്രിയാണ്. പറയത്തക്ക ജാതി വോട്ടുകളുടെ പിന്‍ബലം ഇല്ലാതിരുന്നിട്ടും രാഹുലിനെ നിരവധി തവണ പിന്നിലാക്കി ഞെട്ടിക്കാന്‍ അവര്‍ക്ക് സാധിച്ചു. രാഹുല്‍ ബ്രാഹ്മണനെന്നാണ് നെഹ്റു കുടുംബത്തിന്റെ പ്രചാരണം.
കേന്ദ്രത്തില്‍ അധികാരത്തിലെത്തിയപ്പോള്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്മൃതിയെ മന്ത്രിയാക്കിയതും അമേത്തി മനസ്സില്‍ക്കണ്ടാണ്. അഞ്ച് വര്‍ഷത്തിനിടെ രാഹുലിനേക്കാള്‍ മണ്ഡലം സന്ദര്‍ശിച്ചിട്ടുണ്ട് അവര്‍. നിരവധി വികസന പദ്ധതികളും നടപ്പിലാക്കി. വിവിഐപി എംപിയേക്കാള്‍ ജനങ്ങള്‍ക്ക് തങ്ങളുടെ പരാതികളും ആവശ്യങ്ങളും ഉന്നയിക്കാന്‍ അവസരം ലഭിച്ചത് സാധാരണക്കാരിയായ കേന്ദ്രമന്ത്രിയോടാണ്.
പ്രയാഗ്രാജില് നടന്ന കുംഭമേളയില്‍ അമേത്തിയില്‍നിന്നും ഇരുപതിനായിരം പേരെയാണ് സൗജന്യമായി സ്മൃതി പങ്കെടുപ്പിച്ചത്. മിന്നലാക്രമണത്തിന്റെ കഥ പറയുന്ന ‘ഉറി ദ സര്‍ജിക്കല്‍ സ്ട്രൈക്ക്’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനം മൊബൈല്‍ തിയറ്ററുകള്‍ തയാറാക്കി മണ്ഡലത്തിലുടനീളം പ്രദര്‍ശിപ്പിച്ചതും വാര്‍ത്തയായിരുന്നു.
വല്ലപ്പോഴും മണ്ഡലത്തിലെത്തുന്ന രാഹുല്‍ തങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ തയാറാവുന്നില്ലെന്നത് വോട്ടര്‍മാരുടെ സ്ഥിരം പരാതിയാണ്. അമേത്തിയിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷനെ രണ്ട് തവണ ജനങ്ങള്‍ തടഞ്ഞു. ഏതാനും ദിവസം മുന്‍പ് കര്‍ഷക വിഷയത്തില്‍ ബിജെപിയെ കുറ്റപ്പെടുത്തി സ്വന്തം മണ്ഡലത്തിലെത്തിയ രാഹുലിനെതിരെ പ്രതിഷേധിച്ചത് സ്ഥലം നഷ്ടപ്പെട്ട കര്‍ഷകരാണ്. ദേശീയ വിഷയങ്ങളില്‍ രാഹുലിന് മറുപടി നല്കാന് ബിജെപി രംഗത്തിറക്കുന്നതും സ്മൃതിയെയാണ്. രാഷ്ട്രീയമായി രാഹുലിനെ ആക്രമിക്കാനുള്ള ഒരവസരവും അവര്‍ പാഴാക്കാറുമില്ല.
ദാരിദ്ര്യത്തിന്റെ കാഴ്ചകള്‍
കേന്ദ്ര ഭരണത്തെ വര്‍ഷങ്ങളോളം നിയന്ത്രിച്ച വിവിഐപികള്‍ പ്രതിനിധാനം ചെയ്ത മണ്ഡലത്തില്‍ ദാരിദ്ര്യത്തിന്റെ കാഴ്ചകള്‍ക്ക് കുറവില്ല. അധികാരവും സമ്പത്തും ഒരു കുടുംബത്തിലേക്ക് കേന്ദ്രീകരിച്ച കോണ്‍ഗ്രസ് വോട്ടു ചെയ്ത പാവപ്പെട്ട കുടുംബങ്ങളെ അവഗണിച്ചു. ഡിജിറ്റല്‍ ഇന്ത്യാ കാലത്തും വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം തുടങ്ങിയ മേഖലകളിലെല്ലാം പതിറ്റാണ്ടുകള്‍ പുറകിലാണ് അമേത്തി. ഇതിന് മാറ്റം വരുത്താനുള്ള അഞ്ച് വര്‍ഷത്തെ സ്മൃതിയുടെ പരിശ്രമം വിജയിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
നെഹ്റു കുടുംബത്തെ ഏറ്റവും വലിയ രാഷ്ട്രീയ ശത്രുവായി പ്രഖ്യാപിച്ചിട്ടുള്ള മോദിക്കും അമിത് ഷായ്ക്കും അമേത്തിയില്‍ രാഹുലിന്റെ തോല്‍വി വ്യക്തിപരമായ നേട്ടം കൂടിയാകും. കേന്ദ്രത്തിലെ കോണ്‍ഗ്രസ് ഭരണത്തില്‍ അന്വേഷണ ഏജന്‍സികളാല്‍ ഏറ്റവുമധികം വേട്ടയാടപ്പെട്ട നേതാക്കളാണ് ഇരുവരും. രാഷ്ട്രീയ മാന്യതയില്ലാത്ത നീചമായ പ്രചാരണരീതിയാണ് മോദിക്കും ഷായ്ക്കുമെതിരെ വര്‍ഷങ്ങളോളം കോണ്‍ഗ്രസ് നടത്തിയത്. കോണ്‍ഗ്രസ് ആരെ നിര്‍ത്തിയാലും ജയിക്കുമെന്നതില്‍ നിന്ന് ദേശീയ അധ്യക്ഷന്‍ മത്സരിച്ചാല്‍പ്പോലും ഉറപ്പില്ലാത്ത മണ്ഡലമായി മോദി ഭരണത്തില്‍ അമേത്തി മാറിക്കഴിഞ്ഞു. രണ്ടാമതൊരു സീറ്റില്‍ക്കൂടി രാഹുല്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: