മനസ്സില്‍ വാര്‍ത്തെടുത്ത ഗോമടേശ്വരന്റെയും നരസിംഹമൂര്‍ത്തിയുടെയും രൂപവും ദശാവതാരവിളക്കും ഓടിലും പഞ്ചലോഹത്തിലും മെനഞ്ഞെടുത്തിരുന്നെങ്കിലും നാലടി ഉയരത്തിലുള്ള ഗോമടേശ്വരരൂപം ലക്ഷ്യം കണ്ടതിന്റെ ആത്മനിര്‍വൃതിയിലാണ് പവിത്രന്. നീണ്ട എട്ടുമാസത്തെ അധ്വാനത്തിനിടയിലാണ് ഗോമടേശ്വരരൂപം പാകപ്പെടുത്തിയെടുത്തത്.
കാഞ്ഞങ്ങാട് അളറായി വയലിലെ വടക്കേപ്പുരയില്‍ പവിത്രന്റെ വീട്ടിലെത്തിയാല്‍ വെട്ടിത്തിളങ്ങുന്ന വിളക്കും രൂപങ്ങളും കാണാം. ഇതിനു മുമ്പും ഗോമടേശ്വരരൂപം ഉണ്ടാക്കിയിരുന്നു. പഞ്ചലോഹനിര്മിതമാണിത്. 25 കിലോ പഞ്ചലോഹം ഉരുക്കിയെടുത്തായിരുന്നു ഈ ദേവസൃഷ്ടി. ഇപ്പോള്‍ 80 കിലോ ഓട്ടിലാണ് വിഗ്രഹ നിര്‍മ്മാണം പൂര്‍ത്തിയായത്. ശ്രാവണബലഗോളയിലെ ഗോമടേശ്വര വിഗ്രഹത്തോട് കിടപിടിക്കത്തക്കതാണ് ഈ രൂപസാദൃശ്യം. കര്‍ണ്ണാടകയിലെ കാര്‍ക്കളയിലെ ക്ഷേത്രത്തിലേക്കുള്ളതാണ് ഗോമടേശ്വര വിഗ്രഹം.
ദശാവതാര വിളക്കുകള്‍ ഇതുവരെ നാലെണ്ണം ഉണ്ടാക്കിയിരുന്നു. മത്സ്യം മുതല്‍ കല്ക്കിവരെ നീളുന്ന മഹാവിഷ്ണുവിന്റെ അവതാരങ്ങള്‍ വിളക്കിനു ചുറ്റും മനോഹരമായി വാര്‍ത്തെടുത്തിട്ടുണ്ട്. ശ്രീപദ്മനാഭക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് സമാനമായുള്ള മഹാവിഷ്ണുവിന്റെ അനന്തശയനം. ബ്രഹ്മദേവനും നാരദമഹര്‍ഷിയും വസിഷ്ഠമഹര്ഷിയുമെല്ലാം അനന്തശയനത്തിനടുത്തായുണ്ട്. 50 കിലോ ഓട്ടിലാണ് വിളക്കുപണി പൂര്‍ത്തിയാക്കിയത്. ദശാവതാരവിളക്കിന് ആറുമാസവും ഗോമടേശ്വര വിഗ്രഹനിര്‍മാണത്തിന് എട്ടുമാസവും വേണ്ടിവന്നുവെന്ന് പവിത്രന് പറഞ്ഞു.
അച്ഛന് വടക്കേപ്പുരയില്‍ കുഞ്ഞമ്പുവായിരുന്നു പണിപ്പുരയിലെ പവിത്രന്റെ ഗുരു. അച്ഛനുണ്ടായിരുന്നപ്പോഴും അദ്ദേഹത്തിന്റെ വിയോഗത്തിനു ശേഷവും കര്‍ണാടകയിലുള്‍പ്പെടെ നിരവധി സ്ഥലങ്ങളിലേക്ക് വിഗ്രഹങ്ങള്‍ രൂപപ്പെടുത്തിക്കൊടുത്തിട്ടുണ്ട്. മഹാവിഷ്ണു, സുബ്രഹ്മണ്യന്, അയ്യപ്പന്, കണ്ണാടി വിഗ്രഹങ്ങള്‍ തുടങ്ങി നൂറുകണക്കിന് വിഗ്രഹങ്ങള്‍ പണിതുനല്കിയിട്ടുള്ള പവിത്രന് ഈ രംഗത്ത് 33 വര്‍ഷമായി. ഭാര്യ റീനയും മക്കള്‍ അഭിരാം, ആതിഥ്യന് എന്നിവരും പണിശാലയില്‍ പവിത്രന്റെ സഹായികളാണ്.
നരസിംഹമൂര്‍ത്തിയുടെ മുഖാവരണം, ക്ഷേത്രങ്ങളുടെ ധ്വജസ്തംഭങ്ങള്‍, കണ്ണാടി വിഗ്രഹങ്ങള്‍, പഞ്ചുരുളി തെയ്യം തുടങ്ങി നിരവധി സൃഷ്ടികള്‍ പവിത്രന്റെ കരവിരുതില്‍ വാര്‍ത്തെടുത്തിട്ടുണ്ട്. ഇടനിലക്കാര്‍ മുഖാന്തിരമാണ് ആവശ്യക്കാര്‍ എത്തുന്നത്. അതിനാല്‍ തുച്ഛമായ വരുമാനം മാത്രമേ ലഭിക്കുന്നുള്ളൂ. ആവശ്യക്കാരിലേക്കെത്തുമ്പോള് മൂന്നിരട്ടി വിലയാണ് ഈടാക്കപ്പെടുന്നതെന്നും പവിത്രന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: