ഡോ. നിഷികാന്ത്
മലയാളസാഹിത്യത്തിന് എണ്ണപ്പെട്ട സംഭാവനകള്‍ നല്കിയ കവിയാണ് ഇരയിമ്മന്‍ തമ്പി. ശ്രദ്ധേയങ്ങളായ ഗാനങ്ങള്‍, കീര്‍ത്തനങ്ങള്‍, പദങ്ങള്‍, ജാവളികള്‍ എന്നിവയും കീചകവധം, ഉത്തരാസ്വയംവരം,ദക്ഷയാഗം എന്നീ ആട്ടക്കഥകളും അദ്ദേഹം ഭാഷയ്ക്കു നല്കി. കഥകളിയരങ്ങുകളില്‍ സജീവസാന്നിദ്ധ്യമാണു തമ്പിയുടെ മൂന്ന് ആട്ടക്കഥകളും.
കേരള കലാമണ്ഡലം കല്പിത സര്‍വകലാശാലയില്‍ നിന്ന് ഇരയിമ്മന്‍ തമ്പിയുടെ ആട്ടക്കഥകള്‍-അരങ്ങുചരിത്രം, രംഗപാഠം, പ്രയോഗം എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ കെ. നിഷികാന്ത് ഈ രംഗത്ത് പുതിയൊരു വാഗ്ദാനമാണ്. ചെങ്ങന്നൂര്‍ ആല ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ മലയാളം അദ്ധ്യാപകനായ ഈ കലാപണ്ഡിതന്‍ മാവേലിക്കര, കാട്ടില്‍ കുടുംബാംഗമാണ്.
തമ്പിയുടെ ആട്ടക്കഥകളിലെ സാഹിത്യപാഠവും രംഗപാഠവും തമ്മിലുളള പൊരുത്തവും പൊരുത്തക്കേടുകളുമാണ് രംഗപാഠത്തിലെ ചര്‍ച്ചാവിഷയം. വേഷവൈവിദ്ധ്യംകൊണ്ടും രംഗസംവിധാനംകൊണ്ടും വൈചിത്ര്യം പുലര്‍ത്തുന്നവയാണ് തമ്പിയുടെ ആട്ടക്കഥകള്‍. അതില്‍ത്തന്നെ കീചകവധവും ഉത്തരാസ്വയംവരവും പാണ്ഡവരുടെ അജ്ഞാതവാസകാലത്തെ സംഭവങ്ങളാണ് ഇതിവൃത്തമായി സ്വീകരിച്ചിട്ടുളളത്. ദക്ഷയാഗം ശിവമാഹാത്മ്യത്തെ പ്രകീര്‍ത്തിക്കുന്നു.
ഇരയിമ്മന്‍ തമ്പിയുടെ കവിവ്യക്തിത്വം ആട്ടക്കഥാരചനയില്‍ മാത്രമല്ല വ്യാപരിച്ചത് എന്നതു സൂചിപ്പിച്ചു. അതിന് അനുകൂലമായ പരിസരം സൃഷ്ടിച്ചതു വലിയകൊട്ടാരം കഥകളിയോഗമാണ്. പ്രതിനായകകഥാപാത്രങ്ങളാണ് അദ്ദേഹത്തിന്റെ ആട്ടക്കഥകളിലെ നായകന്മാര്. ഒരു കഥാപാത്രം എങ്ങനെ പ്രതിനായകനായി രൂപാന്തരപ്പെടുന്നു എന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് ദക്ഷന്. ആട്ടക്കഥകളില്‍, മിനുക്കുവേഷങ്ങള്‍ക്കു തിരനോക്കും അലര്‍ച്ചയുമുളളത് തമ്പിയുടെ കീചകവധത്തിലാണ്.
പ്രതിനായകന്റെ പ്രതിദ്വന്ദ്വിയായി നായികയെ (അതു സ്വാഭാവികമെങ്കിലും) അവതരിപ്പിച്ചതും ഇക്കഥയിലാണ്. കോകി, കേകിയാട്ടം എന്നിവ ഏകകഥാപാത്രത്തില്‍ പ്രതിഷ്ഠിച്ചതും അതിന്റെ പ്രായോഗികത പരീക്ഷിച്ചതും ഉത്തരാസ്വയംവരത്തിലാണ്. കഥകളിയിലെ താളാത്മകമായ ‘പുറംചാട്ടം’ ദക്ഷയാഗത്തിലെ യുദ്ധവട്ടത്തിലുണ്ട്. കരിവേഷങ്ങളുടെ സാദ്ധ്യത തമ്പി ഉപയോഗപ്പെടുത്തുന്നില്ല തുടങ്ങിയ നിരീക്ഷണങ്ങളില്‍ ഈ പഠനം എത്തിച്ചേരുകയുണ്ടായി.
ബാല്യകാലം മുതല്‍ ക്ഷേത്രോത്സവങ്ങളില്‍ കഥകളി കാണുക പതിവായിരുന്നു. ബാലമനസ്സിനെ ആകര്‍ഷിക്കുന്ന ഒന്നാണല്ലോ അതിന്റെ വേഷഭൂഷകള്‍. അതെങ്ങനെയോ മനസ്സില്‍ കയറിക്കൂടി. അക്കാലത്ത് കഥകളിയിലെ ‘വധ’ങ്ങളായിരുന്നു തന്നെ ഏറെ ആകര്‍ഷിച്ചതെന്ന് ഡോ. നിഷികാന്ത് പറയുന്നു.
”മുതിര്‍ന്നപ്പോള്‍ ഗൗരവത്തില്‍ ആസ്വദിക്കണമെന്നു തോന്നി. കഥകളിക്കമ്പവും പ്രൊഫ. എം.കൃഷ്ണന് നായരുടെ സാഹിത്യവാരഫലത്തോടുളള കമ്പവുമാണ് മലയാളഭാഷയും സാഹിത്യവും ഐച്ഛികവിഷയമായി പഠിക്കാന്‍ പ്രേരിപ്പിച്ചത്. മലയാളഭാഷയും സാഹിത്യവും പഠിക്കുന്നവര്‍ക്ക് ആട്ടക്കഥ നിര്‍ബന്ധമാണ്. എനിക്ക് പഠിക്കാന്‍ ലഭിച്ച ഗ്രന്ഥങ്ങളിലൊന്ന് ഇരയിമ്മന്‍ തമ്പിയുടെ ഉത്തരാസ്വയംവരം ആയിരുന്നു. ഇത്രമാത്രം കഥാപാത്രബഹുലമായ ഒരാട്ടക്കഥ, ദുര്യോധനനെന്ന പ്രതിനായക കഥാപാത്രത്തിന് മിഴിവു ലഭിക്കത്തക്കവിധത്തില്‍ അതില്‍ സാങ്കേതികത നിബന്ധിച്ചത് എന്നിവ മറ്റു രണ്ട് ആട്ടക്കഥകളിലേക്കുകൂടി മനസ്സിനെ പായിച്ചു. അപ്പോള്‍ അവിടെയും അദ്ഭുതം ജനിപ്പിക്കുന്ന കൗതുകങ്ങള്‍ കാണാന്‍ കഴിഞ്ഞു. അതാണ് പഠനമാര്‍ഗ്ഗത്തിലേക്കു തിരിയാന്‍ ഇടയാക്കിയത്” നിഷികാന്ത് പറയുന്നു.
ആറുകൊല്ലം ചെറുതുരുത്തി ഗവ.ഹയര്‍സെക്കന്‍ഡറി സ്ക്കൂളില്‍ അദ്ധ്യാപകനായി നിഷികാന്ത് ജോലി ചെയ്തു. കഥകളിക്കമ്പമാണ് ചെറുതുരുത്തിയില്‍ എത്തിച്ചത്. നിനച്ചിരിക്കാതെ, ആല ഗവ.എച്ച്എസ്എസില്‍ വന്നപ്പോള്‍, കലാമണ്ഡലം കല്പിത സര്‍വ്വകലാശാലയില്‍ ഇന്റഗ്രേറ്റഡ് പിഎച്ച്ഡിക്ക് അപേക്ഷ ക്ഷണിച്ചതറിഞ്ഞ് അപേക്ഷിച്ചു. ഗവേഷണം ചെയ്യാന്‍ അവിടെനിന്ന് അനുമതി ലഭിച്ചു.
കഥകളിയില്‍ അഗാധമായ പാണ്ഡിത്യമുള്ള ഡോ: കെ.എന്‍.വിശ്വനാഥന് നായര്‍ സാര്‍ (റിട്ട. പ്രിന്‍സിപ്പല്‍. എന്‍എസ്എസ് കോളജ്, പന്തളം)വഴികാട്ടിയുമായി. അദ്ദേഹവുമായുളള ചര്‍ച്ചകളും മറ്റും പുതിയ വാതിലുകള്‍ തുറന്നിട്ടു. വിഷയസംബന്ധമായ പുതിയ പുസ്തകങ്ങളിലേക്ക് അദ്ദേഹം നിഷികാന്തിനെ നയിക്കുകയും ചെയ്തു. ഗവേഷണപ്രബന്ധം പൂര്‍ത്തിയാക്കാന്‍ അല്പം കാലതാമസമുണ്ടായി എന്നതുമാത്രമാണ് ഗവേഷണത്തില്‍ തടസ്സമുണ്ടായത്. മറ്റുള്ളതെല്ലാം അനുകൂല സാഹചര്യങ്ങളായിരുന്നു.
ഡോ. നിഷികാന്ത് കഥകളി ഗായകന് കലാനിലയം ഉണ്ണികൃഷ്ണനോടൊപ്പം
പ്രതികരിക്കാൻ ഇവിടെ എഴുതുക: