ബെംഗളൂരു: യെദ്യൂരപ്പയുടേതെന്ന പേരില്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പുറത്തുവിട്ട ഡയറിയുടെ താളുകള്‍ വ്യാജമാണെന്ന് ആദായനികുതി വകുപ്പ് കര്‍ണാടക, ഗോവ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ജനറല്‍ ബി.ആര്. ബാലകൃഷ്ണ. ഡയറിയുടെ ഒറിജിനല്‍ ലഭിച്ചിട്ടില്ല. ലഭിച്ച പേജിന്റെ കോപ്പികള്‍ നേരത്തെ ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ പരിശോധനയ്ക്ക് അയച്ചു. പ്രാഥമിക പരിശോധനയില്‍ തന്നെ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പേജുകള്‍ക്ക് കൃത്യതയുണ്ടായിരുന്നില്ല. തുടര്‍ച്ചയായുള്ള തീയതികളിലായിരുന്നില്ല ഡയറി എഴുതിയിരുന്നത്. ഇത് വ്യാജമായി നിര്‍മിച്ചതാണെന്ന് കണ്ടെത്തിയതിനാലാണ് കൂടുതല്‍ അന്വേഷണം നടത്താതിരുന്നത്. ഡയറികള്‍ തെളിവായി സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് നിരവധി കേസുകളില്‍ സുപ്രീംകോടതി ഉത്തരവുണ്ട്. 1991ലെ ജയിന് ഹവാല കേസിലാണ് ഡയറി, നോട്ട്ബുക്, പേപ്പര്‍താളുകള്‍ എന്നിവയ്ക്ക് നിയമസാധുത ലഭിക്കില്ലെന്ന ഉത്തരവ് സുപ്രീംകോടതി ആദ്യമായി പുറപ്പെടുവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
2017 ആഗസ്റ്റിലാണ് ശിവകുമാറിന്റെ വീട്ടില്‍നിന്ന് ഡയറിയുടെ താളുകള്‍ കിട്ടിയത്. 2017 നവംബറില്‍ യെദ്യൂരപ്പയെ ചോദ്യം ചെയ്തു. തന്റെ കൈയക്ഷരവും കൈയൊപ്പും യെദ്യൂരപ്പ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ഇതും ഡയറിയില്‍ കണ്ട കൈയൊപ്പുമാണ് ഹൈദരാബാദിലെ ലാബിലേക്കയച്ചത്.
ജയിന് ഹവാലക്കേസില്‍ മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി, വി.സി. ശുക്ല എന്നിവരെ വെറുതെവിട്ടുള്ള ന്യൂദല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീംകോടതിയില്‍ നല്കിയ അപ്പീല്‍ പരിഗണിച്ചായിരുന്നു ഉത്തരവ്. ജസ്റ്റിസുമായ എം.കെ. മുഖര്‍ജി, എസ്. കുര്ഡുക്കര്, കെ.ടി. തോമസ് എന്നിവരടങ്ങിയ ബെഞ്ചാണ് ഡയറി തെളിവായി സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് വിധിച്ചത്.
യെദ്യുരപ്പയുടെ ഡയറിയിലെ പേജുകള്‍ എന്ന രീതിയില്‍ ഒരു മാഗസിന് പ്രസിദ്ധീകരിച്ച രേഖകളാണ് കഴിഞ്ഞ ദിവസം ബിജെപിക്കെതിരെ വലിയ അഴിമതിയാരോപണമായി കോണ്‍ഗ്രസ് ഉയര്‍ത്തിയത്. മുഖ്യമന്ത്രിയാവാന്‍ ബി.എസ്. യെദ്യൂരപ്പ ബിജെപി ദേശീയ നേതാക്കള്‍ക്ക് 1,800 കോടി രൂപ കോഴ കൊടുത്തെന്നാണ് അവര്‍ ആരോപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: