തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം മുന്നില്‍ക്കണ്ട് സംസ്ഥാനത്ത് കോലീബി സഖ്യമാണെന്ന് പറഞ്ഞ് നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറക്കരുത് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ കെ.മുരളീധരനെ വിജയിപ്പിക്കാന്‍ പാര്‍ട്ടിയുടെ സ്വന്തം സ്ഥാനാര്‍ത്ഥി ടി.എന്‍ സീമയെ തോല്‍പ്പിച്ചത് കേരളം ഓര്‍ക്കുന്നുണ്ട്.
സീമയുടെ തോല്‍വി നേതൃത്വം പറഞ്ഞ് ഉറപ്പിച്ചതാണെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകരെ ആശ്വസിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ളവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. എന്നാല്‍ വെറും ശാസനയില്‍ ഒതുക്കി നേതാക്കള്‍ തടിയൂരിയതും വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസ് സിപിഎം കൂട്ടുകെട്ടിന്റെ ബാക്കി പത്രം.
പാര്‍ട്ടിയുടെ ഗ്ലാമര്‍ പരിവേഷമായിട്ടാണ് ഡോ.ടി.എന്‍. സീമയെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മത്സരിപ്പിച്ചത്. സിപിഎമ്മിന്റെ മറ്റ് സ്ഥാനാര്‍ത്ഥികളെയെല്ലാം രണ്ടും മൂന്നും വട്ട ചര്‍ച്ചകള്‍ നടത്തിയാണ് നിശ്ചയിച്ചതെങ്കില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ച തുടങ്ങുന്നതിനു മുമ്പേ തീരുമാനിച്ചതായിരുന്നു സീമയുടെ സ്ഥാനാര്‍ത്ഥിത്വം. എന്നാല്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതൃത്വം കണക്കിന് കാലുവാരി. ഫലം പുറത്തു വന്നപ്പോള്‍ ടി.എന്‍. സീമയ്ക്ക് മൂന്നാ സ്ഥാനം. കെ.മുരളീധരന് വിജയിച്ചപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് രണ്ടാം സ്ഥാനത്ത്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ചെറിയാന് ഫിലിപ്പ് രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡലത്തിലാണ് സീമ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത്.
വട്ടിയൂര്‍ക്കാവില്‍ കെ.മുരളീധരന്റെയും തൊട്ടടുത്ത മണ്ഡലമായ കഴക്കൂട്ടത്ത് കടകം പള്ളി സുരേന്ദ്രന്റെയും വിജയത്തിനായി സിപിഎം കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ അവിശുദ്ധ കൂട്ടുകെട്ടിന്റെ പരിണിത ഫലമാണ് സീമയുടെ തോല്‍വി. ഫലം പുറത്ത് വന്നപ്പോള്‍ കഴക്കൂട്ടത്ത് കടകംപള്ളി വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം.എ.വാഹിദ് മൂന്നാം സ്ഥാനത്തായി. ബിജെപിയിലെ വി.മുരളീധരനായിരുന്നു രണ്ടാം സ്ഥാനം. വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന പിരപ്പിന്‍കോട് മുരളിയോട് തോല്‍വിയുടെ വിശദീകരണം ആവശ്യപ്പെട്ടു. എന്നാല്‍ പാര്‍ട്ടി നേതൃത്വം ഇടപെട്ട് നടത്തിയ കാലുവാരലായതിനാല് വിശദീകരണം നല്കാന് തയ്യാറായില്ല. ഒരു വെറും ശാസനയില്‍ ഒതുക്കി പാര്‍ട്ടി തലയൂരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: