തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പിലെ പോസ്റ്റല്‍ ബാലറ്റുകള്‍ പിടിച്ചെടുക്കാനൊരുങ്ങി ഇടത്-വലത് സര്‍വീസ് യൂണിയനുകള്‍. തെരഞ്ഞെടുപ്പ് ദിവസം ഡ്യൂട്ടിയിലുള്ള ജീവനക്കാരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ വാങ്ങുന്നതും തിരകെ അയക്കുന്നതും തങ്ങളിലൂടെ മതിയെന്ന് ഓഫീസ് അധികാരികളോട് യൂണിയന് നേതാക്കള്‍. എതിര്‍പ്പുമായി ജീവനക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. പോലീസിലും പോസ്റ്റല്‍ ബാലറ്റ് അട്ടിമറിക്കാനൊരുങ്ങി ഇടത് അനുകൂല അസോസിയേഷനുകള്‍.
കാലാകാലങ്ങളായി വോട്ടെടുപ്പ് ദിവസം ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ സമ്മതിദാന അവകാശം നിര്‍വഹിക്കുന്നത് ഇടത്-വലത് യൂണിയനുകളാണ്. പോസ്റ്റല്‍ ബാലറ്റിന് അപേക്ഷ നല്‍കാനുള്ള അവകാശം മാത്രമേ ജീവനക്കാര്‍ക്കുള്ളൂ. പലരുടെയും വോട്ടുകള്‍ ചെയ്യുന്നതും ബാലറ്റ് പേപ്പര്‍ തരികെ എത്തിക്കുന്നതും എല്ലാം യൂണിയനുകളാണ്. അല്ലെങ്കില്‍ ജീവനക്കാരന് വോട്ട് രേഖപ്പെടുത്തി തുറന്ന കവറില്‍ യൂണിയന് നേതാക്കളെ ഏല്‍പ്പിക്കണം. തങ്ങളുടെ സ്ഥാനാര്‍ഥിക്ക് വോട്ട് രേഖപ്പെടുത്തിയെന്ന് ഉറപ്പാക്കിയശേഷമേ ബാലറ്റ് ഓഫീസറെ ഏല്പിക്കൂ.
ഇതിനായി അതാത് വകുപ്പുകളിലെ ഇടത്-വലത് യൂണിയനുകള്‍ തയാറെടുപ്പ് തുടങ്ങി. തങ്ങളുടെ യൂണിയനുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്നവരോട് ബാലറ്റുകള്‍ നല്‍കണമെന്ന കര്‍ശന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ഇതിനായി ഓരോ വകുപ്പിലെയും നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ സ്ഥലം മാറ്റും എന്നതടക്കമുള്ള ഭീഷണിയും ഇടത് യൂണിയനുകള്‍ നടത്തുന്നുണ്ട്. പലരും ബാലറ്റിനായുള്ള അപേക്ഷയില്‍ വീടിന്റെ മേല്‍വിലാസമാണ് നല്‍കുക. അതിനാല്‍ തന്നെ പോസ്റ്റല്‍ ബാലറ്റ് കൈപ്പിടിയിലൊതുക്കാന്‍ പ്രാദേശിക നേതാക്കളും ശ്രമം ആരംഭിച്ചിട്ടുണ്ട്.
സ്വതന്ത്രമായി പൗരവാകാശം നിര്‍വഹിക്കാനാകണം
സ്വതന്ത്രമായി തങ്ങളുടെ പൗരാവകാശം നിര്‍വഹിക്കാന്‍ അനുവദിക്കണമെന്ന് ജീവനക്കാര്‍ പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പ്രത്യേക ദിവസങ്ങളില്‍ കളക്ട്രേറ്റുകളില്‍ വോട്ടിംഗ് മെഷീന് സ്ഥാപിച്ചു. അവിടെ സ്വതന്ത്രമായി വോട്ട് രേഖപ്പെടുത്താമായിരുന്നു. അതിനാല്‍ തന്നെ പോസ്റ്റല്‍ ബാലറ്റ് കുറവായിരുന്നു. ഇത്തവണയും ആ സംവിധാനം ഒരുക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
പോലീസിലും വേണം സമ്മതിദാനസ്വാതന്ത്ര്യം
രാഷ്ട്രീയം പാടില്ലാത്ത പോലീസ് സേനയിലാണ് പോസ്റ്റല്‍ ബാലറ്റ് ഏറ്റവും കൂടുതല്‍ ദുരുപയോഗം നടക്കുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. കേരള പോലീസ് അസോസസിയേഷന്‍, പോലീസ് ഓഫീസേഴ്സ് അസോസിയേഷന് നേതാക്കള്‍ വഴിമാത്രമേ പോസ്റ്റല്‍ ബാലറ്റ് ലഭിക്കൂ. ബാലറ്റ് കിട്ടാനുള്ള അപേക്ഷയില്‍ വീട്ടിലെ മേല്‍ വിലാസം നല്കിയാല് അത് പലപ്പോഴു വെട്ടി സ്റ്റേഷന്റെ അഡ്രസ്സിലാക്കും. ചിലപ്പോള്‍ ബാലറ്റ് കാണാന്‍ പോലും കിട്ടില്ല. അസോസിയേഷനുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ സ്ഥലംമാറ്റവും അച്ചടക്ക നടപടിയും നേരിടേണ്ടി വരും. അതിനാല്‍ പോസ്റ്റല്‍ ബാലറ്റ് നല്‍കുകയേ നിര്‍വാഹമുള്ളൂവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇതിനായി അസോസിയേഷന് നേതാക്കള്‍ ഓരോ സ്റ്റേഷനുകളിലും ക്യാമ്പുകളിലും നേതാക്കളൈ ചുമതലപ്പെടുത്തിക്കഴിഞ്ഞു. പോലീസില്‍ സിപിഎം ഫ്രാക്ഷന് യോഗം ചേര്‍ന്നതും പോസ്റ്റല്‍ ബാലറ്റും തെരെഞ്ഞെടുപ്പു ഫണ്ടും പിരിക്കുന്നതും കഴിഞ്ഞ ദിവസം ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു. കഴിഞ്ഞതവണ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വോട്ടിംഗ് മെഷീനിലൂടെ സമ്മതിദാനാവകാശം നല്‍കാനായത് പോലെ തങ്ങള്‍ക്കും സംവിധാനം ഒരുക്കണമെന്നാണ് പോലീസുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: