കൊല്ലം : ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശിനിയായ 13 കാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിലെ പ്രതി സിപിഎം നേതാവിന്റെ മകനെ കണ്ടെത്തുന്നതിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയായ റോഷനേയും പെണ്‍കുട്ടിയേയും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യക്കിലാണ് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കാന്‍ തീരുമാനിച്ചത്. ബെംഗളൂരുവിലും രാജസ്ഥാനിലുമാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.
ഇരുവയേും കണ്ടെത്തുന്നതിനായി കേരള പോലീസ് ബെംഗളൂരു പോലീസിന്റെ സഹായം തേടിയിരുന്നു. റോഷന്‍ പെണ്‍കുട്ടിയുമായി ബെംഗളൂരുവിലേക്ക് കടക്കുന്നതിനായി എടുത്ത ട്രെയിന്‍ ടിക്കറ്റിന്റെ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ബെംഗളൂരുവിലേക്കും വ്യാപിപ്പിച്ചത്. ബംഗളൂരുവിനും രാജസ്ഥാനും പുറമേ മലബാര്‍ ഭാഗത്തേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും പ്രതിയേയോ കാണാതായ പെണ്‍കുട്ടിയേയോ കണ്ടുപിടിക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല.
മൂന്ന് സുഹൃത്തുകള്‍ക്കൊപ്പം പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ മുഖ്യപ്രതി മുഹമ്മദ് റോഷന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയേയും കൊണ്ടു പോയത്. റോഡരികില്‍ ശില്‍പങ്ങളുണ്ടാക്കി വിറ്റു ജീവിക്കുന്ന രാജസ്ഥാന്‍ കുടുംബത്തിലെ അംഗമാണ് പെണ്‍കുട്ടി. ഓച്ചിറ പോലീസിന്റെ രണ്ട് സംഘങ്ങള്‍ ബംഗളൂരുവിലും രാജസ്ഥാനിലും പെണ്‍കുട്ടിയേയും പ്രതിയായ യുവാവിനേയും തേടി പോയിരിക്കുന്നത്.
ബംഗളൂരുവിലേക്കുള്ള ട്രെയിനില്‍ കയറി പോയ യുവാവും പെണ്‍കുട്ടിയും യാത്ര പൂര്‍ത്തിയാകാതെ ഇടയ്‌ക്ക് ഏതോ സ്റ്റേഷനില്‍ ഇറങ്ങിയെന്നാണ് പോലീസ് പറയുന്നത്. ബൈക്ക് വിറ്റ വകയില്‍ അറുപതിനായിരത്തോളം രൂപ യുവാവിന്റെ കൈവശമുണ്ടെന്നാണ് വിവരം. ഈ പണം വച്ചാണ് ഇവര്‍ നിരന്തരം യാത്ര ചെയ്യുന്നത്. രണ്ട് പേരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ ഇവരെ പിന്തുടരാന്‍ പറ്റാത്ത സാഹചര്യമുണ്ട്.
















