അടവുകളും ചുവടുകളും മിനുക്കി അരയും തലയും മുറുക്കി മുന്നണികള്‍ കാസര്‍കോടിന്റെ തുളുനാടന്‍ കോട്ട പിടിക്കാന്‍ അങ്കത്തട്ടിലെത്തിയപ്പോള്‍ അന്തിമഫലം പ്രവചിക്കുക അസാധ്യം. ഇരുമുന്നണികള്‍ക്കും ശക്തമായ വെല്ലുവിളി ഉയര്‍ത്തും ബിജെപി.
കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, കല്യാശേരി എന്നീ നിയോജകമണ്ഡലങ്ങള്‍ ചേര്‍ന്നതാണ് കാസര്‍കോട് മണ്ഡലം. 1957ലെ ആദ്യ തെരഞ്ഞെടുപ്പില്‍ത്തന്നെ മണ്ഡലം ശ്രദ്ധാകേന്ദ്രമായി. അന്ന് കണ്ണൂര്‍ മണ്ഡലം ഇല്ലാതിരുന്നതിനാല്‍ കമ്യൂണിസ്റ്റ് നേതാവ് എ.കെ. ഗോപാലന് കാസര്‍കോട്ടേയ്ക്കു മാറേണ്ടിവന്നു. കോണ്‍ഗ്രസിന് പുറമേ പിഎസ്പി, ആര്‍എസ്പി, കര്‍ണാടകസമിതി എന്നിവരുടെയെല്ലാം പിന്തുണ എതിര്‍സ്ഥാനാര്‍ഥി ബി. അച്യുതഷേണായിക്കായിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ എകെജി 5145 വോട്ടിന് വിജയിച്ചു. 1962ല്‍ ഭൂരിപക്ഷം 83,363 ആയി ഉയര്‍ത്തിയ എകെജി 67-ല്‍ മണ്ഡലത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ (1,18,510) വിജയിച്ചു. എന്നാല്‍ 71 ല്‍ പരാജയം മണത്ത എകെജി പാലക്കാടേയ്ക്ക് മാറി. അന്നത്തെ പാലക്കാട് സിറ്റിങ് എംപി ഇ.കെ. നായനാര്‍ക്ക് കാസര്‍കോട്ട് മത്സരിക്കാന്‍ നറുക്ക് വീണു. നായനാരെ 28,404 മലര്‍ത്തിയടിച്ച് കോണ്‍ഗ്രസിന്റെ യുവതുര്‍ക്കി രാമചന്ദ്രന് കടന്നപ്പള്ളി ഹീറോയായി. അടുത്ത തെരഞ്ഞെടുപ്പിലും കടന്നപ്പള്ളി വിജയം ആവര്‍ത്തിച്ചു. ഇതിനുശേഷം ഒരുതവണ മാത്രമാണ് മണ്ഡലത്തില്‍ കോണ്‍ഗ്രസിന് വിജയക്കൊടി നാട്ടാനായത്. ഇന്ദിരഗാന്ധി വധത്തെത്തുടര്‍ന്നുണ്ടായ കോണ്‍ഗ്രസ് അനുകൂലതരംഗം 1984ല്‍ കോണ്‍ഗ്രസിന്റെ വിജയത്തില്‍ നിര്‍ണായക ഘടകമായി. കോണ്‍ഗ്രസിലെ ഐ. രാമറൈ സിപിഎമ്മിന്റെ ഇ. ബാലാനന്ദനെ 11,369 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
സിപിഎമ്മിന്റെ സിറ്റിങ് എംപി പി. കരുണാകരന് ഇക്കുറി മത്സരിക്കാനില്ല. കന്നിയങ്കത്തില്‍ 1,08,256 വോട്ടിന് വിജയിച്ച കരുണാകരന്റെ ഭൂരിപക്ഷം കഴിഞ്ഞ തവണ 6,921 വോട്ടായി കുറഞ്ഞു. 1,72,652 വോട്ടാണ് ബിജെപി നേടിയത്. ഇത്തവണ കെ.പി. സതീഷ്ചന്ദ്രനാണ് എല്‍ഡിഎപ് സ്ഥാനാര്‍ഥി, രാജ്മോഹന്‍ ഉണ്ണിത്താനെയാണ് യുഡിഎഫ് ഇറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: