പാലക്കാട്: ചെര്‍പ്പുളശ്ശേരിയില്‍ സിപിഎം പ്രവര്ത്തകന് എസ്എഫ്ഐ പ്രവര്‍ത്തകയെ പീഡിപ്പിച്ചത് സിപിഎം ഏരിയാക്കമ്മിറ്റി ഓഫീസില്‍ വച്ച്. യുവതി പോലീസില്‍ നല്കിയ പരാതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ പീഡിപ്പിച്ച യുവാവിനെതിരെ കേസ് എടുത്തിട്ടില്ല. അതേസമയം നവജാത ശിശുവിനെ ഉപേക്ഷിച്ചതിന്റെ പേരില്‍ യുവതിക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം ക്രിമിനല്‍ കേസ് എടുക്കുകയും ചെയ്തു.
അതേസമയം പരാതിയില്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമമുണ്ട്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സംഭവം ഒതുക്കാനുള്ള നീക്കം. സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ മധ്യസ്ഥചര്‍ച്ചകള്‍ നടന്നതായും സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടതായും സൂചനയുണ്ട്. സംഭവം ഒതുക്കാന്‍ പോലീസിനും പരാതിക്കാര്‍ക്കും മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ട്. ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയെ കാണുന്നതിനും വിലക്കേര്‍പ്പെടുത്തി.
പെണ്‍കുട്ടിയുടെ പരാതിയില്‍ 164-ാംവകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുവതിയും കുഞ്ഞും ചികിത്സയിലാണ്. യുവതിയുടെയും യുവാവിന്റെയും കുടുംബങ്ങള്‍ സിപിഎം അനുഭാവികളാണ്.
ഈമാസം 16ന്് മണ്ണൂരിലെ വീട്ടുപറമ്പില്‍ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നുള്ള അന്വേഷണമാണ് ഇരുപതുകാരിയുടെ പീഡനപരാതിയിലേക്ക് എത്തിയത്. പാര്‍ട്ടിയോഫീസില്‍ വച്ചാണ് പീഡിപ്പിക്കപ്പെട്ടതെന്ന യുവതിയുടെ മൊഴിയാണ് കേസിന്റെ ഗതിമാറ്റിയത്.
കഴിഞ്ഞവര്‍ഷമാണ് കേസിനാസ്പദമായ സംഭവം. ചെര്‍പ്പുളശ്ശേരി സ്വകാര്യകോളേജിലെ വിദ്യാര്‍ഥിയും എസ്എഫ്ഐ പ്രവര്‍ത്തകയുമായിരുന്നു പരാതിക്കാരി. ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണ് ആരോപണവിധേയനായ യുവാവ്. കോളേജ് മാഗസിന് തയാറാക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇവര്‍ ഏരിയാ കമ്മിറ്റി ഓഫീസിലെത്തിയത്. ഇവിടെ യുവജനസംഘടനയുടെ മുറിയില്‍വച്ചാണ് പീഡനം. സംഭവം പാര്‍ട്ടി തള്ളിപ്പറഞ്ഞെങ്കിലും പാര്‍ട്ടി ഓഫീസില്‍ വച്ചാണ് പീഡനത്തിനിരയായതെന്ന് യുവതി മങ്കരപോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. പ്രണയം നടിച്ചായിരുന്നു പീഡനം. സിപിഎം അനുഭാവികളായ യുവതിയും അമ്മയും അന്ന് പ്രദേശത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. യുവാവ് വര്‍ക്ഷോപ്പ് നടത്തുകയാണ്.
ആരോപണ വിധേയന് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നാണ് ചെര്‍പ്പുളശ്ശേരി ഏരിയാ സെക്രട്ടറി കെ.ബി. സുരേഷ് പറയുന്നത്. എന്നാല്‍ പാര്‍ട്ടിയുമായി ബന്ധമില്ലാത്ത യുവാവ് എങ്ങനെ പാര്‍ട്ടി ഓഫീസില്‍ വെച്ച് യുവതിയെ പീഡിപ്പിച്ചു എന്ന ചോദ്യത്തിന് സെക്രട്ടറിക്കും സിപിഎമ്മിനും മറുപടിയില്ല. പെണ്‍കുട്ടിയുടെ രഹസ്യമൊഴിയെടുക്കും. ആരോപണവിധേയനായ യുവാവിനെ പോലീസ് വീണ്ടും ചോദ്യം ചെയ്യും.
യുവതിയുടെ പരാതിയില്‍ മങ്കരപോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേസ് ചെര്‍പ്പുളശ്ശേരി പോലീസിന് കൈമാറി. ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
സംഭവത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച, എബിവിപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സംഘടനകള്‍ ചെര്‍പ്പുളശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: