അധികാരത്തിന്റെ ലഹരി നുകരുന്നതിനപ്പുറം ആത്മാര്‍ത്ഥതയോ ഇച്ഛാശക്തിയോ ഇല്ലാത്തതാണ് പിണറായി വിജയന് നയിക്കുന്ന ഇടതുമുന്നണി സര്‍ക്കാരെന്ന് കര്‍ഷക വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം വൃഥാവിലായിരിക്കുന്നതില്നിന്ന് തെളിയുന്നു. ജപ്തിഭീഷണി നേരിടുന്ന കര്‍ഷകരുടെ രക്ഷയ്ക്കായി പ്രഖ്യാപിച്ച പാക്കേജിന്റെ ഉത്തരവിറക്കാന്‍ ചീഫ് സെക്രട്ടറി തയാറാവാത്തത് ഭരണനേതൃത്വത്തില്‍ ഏറ്റുമുട്ടലിന് വഴിവച്ചിരിക്കുന്നു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുന്‍പേ മന്ത്രിസഭാ തീരുമാനം നടപ്പാക്കണമെന്ന് റവന്യൂമന്ത്രി രേഖാമൂലം നിര്‍ദ്ദേശിച്ചിട്ടും ചീഫ് സെക്രട്ടറി കൂട്ടാക്കിയില്ലത്രേ. കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ ഒരു ഭാഗത്തും ചീഫ് സെക്രട്ടറി മറുഭാഗത്തുമായി കടുത്ത വാക്കുതര്ക്കമുണ്ടായിട്ടും പ്രശ്നപരിഹാരത്തിന് വഴിതെളിഞ്ഞിട്ടില്ല. മോറട്ടോറിയം ഉത്തരവിന്റെ ഫയല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അയയ്ക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സ്ക്രീനിങ് കമ്മിറ്റി ഇനിയും തീരുമാനിച്ചിട്ടില്ലെന്നു മാത്രമല്ല, കമ്മിറ്റിയുടെ അടുത്ത യോഗത്തിന്റെ അജണ്ടയില്‍ ഈ വിഷയം ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അറിയുന്നു.
നേരത്തെ ഇറക്കിയ മോറട്ടോറിയം ഉത്തരവിന്റെ കാലാവധി ഒക്ടോബര്‍ 31 വരെ ഉണ്ടെന്നും, പുതിയ ഉത്തരവിന്റെ ആവശ്യമില്ലെന്നുമാണ് ചീഫ് സെക്രട്ടറി ടോം ജോസിന്റെ ന്യായീകരണം. അതേസമയം, കാര്‍ഷികാവശ്യങ്ങള്‍ക്ക് എടുത്ത വായ്പകള്‍ക്കു മാത്രം ബാധകമാകുന്നതാണ് പഴയ ഉത്തരവെന്നും, കര്‍ഷകരെടുത്ത എല്ലാത്തരം ലോണുകള്‍ക്കും മോറട്ടോറിയം പ്രഖ്യാപിക്കുന്നതിന് പുതിയ ഉത്തരവ് ആവശ്യമാണെന്ന് സര്‍ക്കാരും പറയുന്നു. ഇവിടെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് ഇടതുമുന്നണി സര്‍ക്കാരാണ്. സ്വന്തം തീരുമാനം നടപ്പാക്കാന്‍ ചീഫ് സെക്രട്ടറിയുടെ ദയാവായ്പ്പിന് കാത്തിരിേക്കണ്ടിവരുന്നത് ഒരു സര്‍ക്കാരിനും ഭൂഷണമല്ല.
മന്ത്രിസഭാ തീരുമാനത്തില്‍ 48 മണിക്കൂറിനകം ഉത്തരവിറങ്ങിയിരിക്കണമെന്നതില് ചീഫ് സെക്രട്ടറിക്ക് വല്ല നിശ്ചയവുമുണ്ടോ എന്ന് മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി ചോദിച്ചതായാണറിവ്. ഒരു മുഖ്യമന്ത്രിക്ക് ഇങ്ങനെ ചോദിക്കേണ്ടിവരുന്നതുതന്നെ നാണക്കേടാണ്. കരുത്തുറ്റ ഭരണാധികാരി, ഇരട്ടച്ചങ്കന് എന്നൊക്കെയുള്ള വിശേഷണങ്ങള്‍ സ്വയം എടുത്തണിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കഴിവില്ലായ്മയാണ് ഇവിടെ തുറന്നുകാട്ടപ്പെടുന്നത്. പാര്‍ട്ടി നേതാവായിരുന്നുകൊണ്ട് രാഷ്ട്രീയ പ്രതിയോഗികളെ തല്ലും കൊല്ലും എന്നൊക്കെ ഭീഷണിപ്പെടുത്തുന്നതുപോലെയല്ല, ഭരണചക്രം തിരിക്കുന്നതെന്ന് അദ്ദേഹം ഇനിയും മനസ്സിലാക്കിയിട്ടില്ല.
കര്‍ഷകരുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നതല്ലാതെ അവരുടെ ക്ഷേമത്തിന് കാര്യമായി യാതൊന്നും ചെയ്യാന്‍ ഇടതുമുന്നണി സര്‍ക്കാരിനായിട്ടില്ല എന്നതാണ് വാസ്തവം. ഇടുക്കി ജില്ലയില്‍ മാത്രം ഏഴ് കര്‍ഷകരാണ് ജീവിതം ഗതിമുട്ടി ആത്മഹത്യയില്‍ അഭയം തേടിയത്. വടക്കന്‍ ജില്ലകളില്‍ വേറെയും. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത് വലിയ വിവാദമായപ്പോള്‍ എന്തെങ്കിലും ചെയ്തെന്ന് വരുത്താനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. വന്‍തോതില്‍ കര്‍ഷക ആത്മഹത്യകള്‍ നടന്ന കാലത്തെ ഒന്നാം യുപിഎ സര്‍ക്കാരിനെ പിന്തുണയ്ക്കുകയും, രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രക്ഷോഭങ്ങള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചവരുമാണ് സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടികള്‍.
ചരിത്രത്തിലാദ്യമായി കര്‍ഷകക്ഷേമത്തിനായി ഏറ്റവും കൂടുതല്‍ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കിയ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ‘കര്‍ഷക പ്രക്ഷോഭം’ സംഘടിപ്പിക്കാനും ഈ പാര്‍ട്ടികള്‍ക്ക് മടിയില്ല. അതേസമയം മോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ച പദ്ധതികള്‍ പലതും നടപ്പാക്കാതിരിക്കുകയയോ, പണം വാങ്ങി സ്വന്തം പേരില്‍ നടപ്പാക്കി മേനി നടിക്കുകയോ ആണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. ഇക്കൂട്ടരുടെ തനിനിറമാണ് കാര്‍ഷിക പാക്കേജിന് ഉത്തരവിറങ്ങാതിരിക്കുന്നതിലൂടെ വെളിപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: