കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മരുമകന് അഭിഷേക് ബാനര്‍ജിയുടെ ഭാര്യയില്‍നിന്ന് രണ്ട് കിലോ സ്വര്‍ണം പിടികൂടിയത് സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു. തായ് വിമാനത്തില്‍ ബാങ്കോക്കില്‍നിന്ന് കൊല്‍ക്കത്ത വിമാനത്താവളത്തിലെത്തിയപ്പോഴാണ് യുവതിയുടെ പക്കല്‍ സ്വര്‍ണമുള്ളതായി സ്കാനിങ്ങില്‍ കണ്ടെത്തിയത്. മമതയുടെ വലംകൈയായി അറിയപ്പെടുന്ന തൃണമൂല്‍ എംപിയാണ് അഭിഷേക്.
കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതോടെ യുവതി ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചു. ഉടന്‍ നിരവധി മുതിര്‍ന്ന പോലീസുദ്യോഗസ്ഥരെത്തി അവരെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതേച്ചൊല്ലി പോലീസും കസ്റ്റംസ് ഉദ്യോഗസ്ഥരും തമ്മില്‍ വിമാനത്താവളത്തില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്തു. എന്നാല്‍ യുവതിക്കെതിരെ കേസെടുക്കുകയോ സ്വര്‍ണം പിടിച്ചെടുക്കുകയോ ചെയ്തതായി വ്യക്തമല്ല.
സ്വര്‍ണം കടത്തിക്കൊണ്ടുവന്നത് ആര്‍ക്കുവേണ്ടിയാണെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കു നേരെയാണ് സംശയത്തിന്റെ മുന നീളുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് പണമായി കൊണ്ടുവരാന്‍ കഴിയാത്തതിനാല്‍ കണ്ടെത്തിയ വഴിയാണോ സ്വര്‍ണക്കടത്തെന്ന് സംശയമുണ്ട്. അങ്ങനെയെങ്കില്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും കരുതപ്പെടുന്നു.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പ്രാദേശിക ഹിന്ദി പത്രത്തില്‍ വന്ന ഇത് സംബന്ധിച്ച വാര്‍ത്തയുടെ ഫോട്ടോ സഹിതം ബിജെപി എംപിയും പ്രമുഖ പത്രപ്രവര്‍ത്തകനുമായ സ്വപന് ദാസ് ഗുപ്ത ട്വീറ്റ് ചെയ്തതോടെയാണ് സംഭവം ചര്‍ച്ചയായത്. സംഭവത്തിന്റെ വിശദാംശങ്ങള്‍ക്ക് ശ്രമിക്കുകയാണെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ബാബുല്‍ സുപ്രിയോയും പ്രസ്താവിച്ചു.
സംഭവത്തോട് പ്രതികരിക്കണമെന്ന് മഹിളാ മോര്‍ച്ച നേതാവ് ലോക്കറ്റ് ചാറ്റര്‍ജി ആവശ്യപ്പെട്ടിട്ടും അഭിഷേക് ബാനര്‍ജി മൗനം പാലിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്വര്‍ണ്ണക്കടത്ത് പ്രശ്നവും കത്തിപ്പടരാന്‍ ഇടയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: