തൃശൂര്‍: സീറ്റ് മോഹികളായ നിരവധി നേതാക്കളുണ്ടെങ്കിലും ചില മണ്ഡലങ്ങളില്‍ മത്സരത്തിന് മുന്‍പേ തോല്‍വി ഉറപ്പാക്കുന്ന സ്ഥാനാര്‍ഥികളെ എല്‍ഡിഎഫും യുഡിഎഫും രംഗത്തിറക്കുന്നത് പതിവാണ്. ബിജെപിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് എന്‍ഡിഎ ശക്തിപ്രാപിച്ച കഴിഞ്ഞ തെരഞ്ഞടുപ്പില്‍ ഇത് വ്യാപകമായിരുന്നു. ഇക്കുറിയും മാറ്റമില്ല.
കോണ്‍ഗ്രസും സിപിഎമ്മും സംസ്ഥാനത്ത് രഹസ്യധാരണയിലാണെന്ന് സ്ഥാനാര്‍ഥി നിര്‍ണയം വ്യക്തമാക്കുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തുക എന്നതാണ് ഇക്കുറി മിനിമം അജണ്ട. വന്‍തോതിലുള്ള പണമിടപാട് സംബന്ധിച്ച ആരോപണങ്ങളും ഇതിന്റെ ഭാഗമായി ഉയര്‍ന്നു വരാറുണ്ട്.
2014-ലെ തെരഞ്ഞടുപ്പില്‍ എറണാകുളത്ത് സിപിഎം സ്ഥാനാര്‍ഥിയാക്കിയത് ക്രിസ്റ്റി ഫെര്ണാണ്ടസിനെയായിരുന്നു. നടന് മമ്മൂട്ടി മുതല്‍ പി. രാജീവ് വരെയുള്ളവരുടെ പേരുകള്‍ ചര്‍ച്ച ചെയ്തശേഷമാണ് ക്രിസ്റ്റിയെ സ്ഥാനാര്‍ഥിയാക്കിയത്. എം.എം. ലോറന്‍സ്, കെ. ചന്ദ്രന് പിള്ള, ഡോ. സെബാസ്റ്റ്യന്‍ പോള്‍ തുടങ്ങിയവരെയെല്ലാം തഴഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും പോലും അന്തംവിട്ടു. അവരും ഇങ്ങനെയൊരു പേര് ആദ്യമായി കേള്‍ക്കുകയായിരുന്നു. അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന് നേരിട്ടാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. ഫലം വന്നപ്പോള്‍ പ്രതീക്ഷിച്ചതുപോലെ ക്രിസ്റ്റി ഫെര്‍ണാണ്ടസ് എട്ടുനിലയില്‍ പൊട്ടി.
സിപിഐയുടെ കരുത്തരായ സ്ഥാനാര്‍ഥികള്‍ മത്സരത്തിനിറങ്ങുന്ന മണ്ഡലമാണ് തിരുവനന്തപുരം. എന്നാല്‍ കഴിഞ്ഞ തവണ സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നപ്പോള്‍ സിപിഐക്കാര്‍ മാത്രമല്ല കോണ്‍ഗ്രസുകാരും ബിജെപിക്കാരും വരെ ഞെട്ടി. ബെന്നറ്റ് എബ്രഹാം എന്ന പേര് ഇടതു നേതാക്കള്‍ പോലും അതുവരെ കേട്ടിരുന്നില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ കൈയില്‍ നിന്ന് സിപിഐ നേതാക്കള്‍ പണം പറ്റിയെന്ന് ആരോപണമുയര്‍ന്നു. സ്ഥാനാര്‍ഥിയെ മാറ്റണമെന്ന് പ്രാദേശികഘടകങ്ങള്‍ മുറവിളികൂട്ടി. പാര്‍ട്ടിയും ഇടതുമുന്നണിയും കുലുങ്ങിയില്ല.
പലതും പറഞ്ഞ് പിടിച്ചുനിന്നെങ്കിലും ഫലം വന്നതോടെ നേതൃത്വത്തിന്റെ കള്ളക്കളി വെളിച്ചത്തായി. ബെന്നറ്റ് മൂന്നാം സ്ഥാനത്ത്. ഒടുവില്‍ സി. ദിവാകരനെതിരെ നടപടിയെടുത്ത് തല്ക്കാലം പിടിച്ചുനിന്നു സിപിഐ നേതൃത്വം. ഇടത് സ്ഥാനാര്‍ഥിയുടെ വോട്ടുകള്‍ വന്‍തോതില്‍ കോണ്‍ഗ്രസിന് മറിഞ്ഞു. എന്നിട്ടും ബിജെപിയിലെ ഒ. രാജഗോപാലിനേക്കാള്‍ ശശി തരൂരിന് ഭൂരിപക്ഷം പതിനയ്യായിരത്തിനടുത്ത് മാത്രം. അതേ സി. ദിവാകരന് ഇത്തവണ അതേ ഇടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്നത് മറ്റൊരു കൗതുകം.
രഹസ്യ ധാരണകള്‍ ഇക്കുറിയും സജീവമാണ്. തോല്‍വി ഉറപ്പാണെന്ന് പ്രാദേശിക നേതൃത്വം ചൂണ്ടിക്കാണിച്ചിട്ടും ചിലരെ നേതൃത്വം ഇടപെട്ട് സ്ഥാനാര്‍ഥികളാക്കുന്നതിന് പിന്നില്‍ ഇത്തരം ധാരണകളാണ്.
ചാലക്കുടിയില്‍ ഇന്നസെന്റിനെ നിര്‍ത്തല്ലേയെന്ന് സിപിഎം ഏരിയക്കമ്മിറ്റികളും തൃശൂര്‍, എറണാകുളം ജില്ലാ നേതൃത്വങ്ങളും ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടതാണ്. സ്ഥിതി അനുകൂലമല്ലെന്ന് കണ്ട് സ്വയം പിന്മാറാന് ഇന്നസെന്റ് ഒരുങ്ങിയതുമാണ്. ഇന്നസെന്റിനെ വീണ്ടും മത്സരിപ്പിക്കുന്നതിന് പിന്നില്‍ സിപിഎം നേതൃത്വത്തിന്റെ താത്പര്യമെന്തെന്ന് വ്യക്തം.
കോട്ടയം സീറ്റില്‍ അപ്രതീക്ഷിതമായെത്തിയ യുഡിഎഫ് ഘടകകക്ഷി സ്ഥാനാര്‍ഥി ബലിയാടാണെന്ന് ഇതിനകം കോട്ടയത്ത് മാത്രമല്ല പാട്ടായിരിക്കുന്നത്. ഇനി നാട്ടുകാരെങ്ങാനും ജയിപ്പിക്കാന്‍ തീരുമാനിച്ചാല്‍ത്തന്നെ സ്വന്തം പാര്ട്ടിക്കാര് ഉറപ്പായും തോല്‍പ്പിച്ചുകൊള്ളുമെന്ന് നേതൃത്വത്തിനറിയാം.
ചാനലുകളില്‍ സ്ഥിരമായി വിഡ്ഢിവേഷം കെട്ടുന്ന നേതാവിനെ പ്രമുഖപാര്‍ട്ടി കാസര്‍കോട് സ്ഥാനാര്‍ഥിയാക്കിയതും കൗതുകമാണ്. ഇദ്ദേഹത്തിന്റെ പേര് പരിഗണിക്കുമ്പോള്‍ത്തന്നെ ജില്ലാ നേതൃത്വം വേണ്ടെന്ന് കരഞ്ഞ് പറഞ്ഞതാണ്. പ്രചരണത്തിനിറങ്ങും മുന്‍പ് തന്നെ ജില്ലാ നേതൃത്വവും സ്ഥാനാര്‍ഥിയും രണ്ട് തട്ടിലായിക്കഴിഞ്ഞു. വടകരയില്‍ പി. ജയരാജനെതിരെ ദുര്‍ബലനായ പുതുമുഖ സ്ഥാനാര്‍ഥിയെ അവതരിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം തുനിഞ്ഞത്. ലീഗിന്റെ ഇടപെടല്‍ കൊണ്ട് മാത്രമാണ് കെ. മുരളീധരനെ പരിഗണിക്കാന്‍ തയ്യാറായത്.
ജയരാജന് വേണ്ടിയുള്ള ധാരണ തങ്ങളുടെ കോട്ടകളില്‍ വിള്ളല്‍ വീഴ്ത്തുമെന്ന് ലീഗിനറിയാം. വടകര, നാദാപുരം മേഖലകളില്‍ സിപിഎമ്മുമായി ലീഗ് സ്ഥിരം ഏറ്റുമുട്ടലിലുമാണ്.
തൃശൂരില്‍ സിപിഎം നേതാക്കളും പ്രവര്‍ത്തകരും ഇതുവരെ രംഗത്തിറങ്ങിയിട്ടില്ല. ഉള്ള ശക്തിവെച്ച് സിപിഐ ചില പൊടിക്കൈകള്‍ കാണിക്കുകയാണ്. ശക്തമായ ത്രികോണ മത്സരത്തിന് അരങ്ങൊരുങ്ങുന്ന തൃശൂരില്‍ സിപിഎം കൈ-വിടില്ല എന്ന് സിപിഐക്കാര്‍ തന്നെ അടക്കം പറഞ്ഞ് തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: