മലപ്പുറം: വിവിധ രൂപത്തിലും ഭാവത്തിലുമുള്ള സ്ഥാനാര്‍ഥികളെയിറക്കി ഒരു മണ്ഡലം എങ്ങനെ തിരിച്ചുപിടിക്കാം എന്ന് ഇടതു മുന്നണി പരീക്ഷണം നടത്തുന്ന മണ്ഡലമാണ് പൊന്നാനി. 1957 മുതല്‍ 1977 വരെ സംവരണ മണ്ഡലമായിരുന്ന കാലത്ത് ഇടതുപക്ഷത്തിനൊപ്പം നിന്ന മണ്ഡലം പിന്നീട് അവരെ നിഷ്ക്കരുണം തള്ളിക്കളയുകയായിരുന്നു. മുസ്ലിംലീഗിന്റെ കുത്തകയായി അറിയപ്പെട്ടിരുന്ന രണ്ട് മണ്ഡലങ്ങളിലൊന്നാണ് പൊന്നാനി.
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടക്കല്‍, തവനൂര്‍, പൊന്നാനി, പാലക്കാട് ജില്ലയിലെ തൃത്താല എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പൊന്നാനി മണ്ഡലം. 2004 വരെ പെരിന്തല്‍മണ്ണ, മങ്കട നിയമസഭാ മണ്ഡലങ്ങള്‍ പൊന്നാനിക്കൊപ്പമായിരുന്നു. മണ്ഡല പുനര്‍നിര്‍ണയം വന്നപ്പോള്‍ പെരിന്തല്‍മണ്ണയും മങ്കടയും മലപ്പുറത്തേക്ക് പോന്നു. തവനൂര്‍, കോട്ടക്കല്‍ മണ്ഡലങ്ങള്‍ പൊന്നാനിയോട് ചേര്‍ത്തു.
1977 ജി.എം. ബനാത്ത്വാലയിലൂടെയാണ് പൊന്നാനി മുസ്ലിംലീഗ് പിടിച്ചെടുത്തത്. എം.കെ. കൃഷ്ണനെന്ന മാര്‍ക്സിസ്റ്റ് നേതാവില്‍ നിന്ന് നഷ്ടപ്പെട്ട പൊന്നാനി തിരിച്ചുപിടിക്കാനുള്ള ഇടതുമുന്നണിയുടെ ശ്രമങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
സ്വതന്ത്ര സ്ഥാനാര്‍ഥികളെ ഇറക്കി പരമാവധി വോട്ട് പിടിക്കുകയെന്ന തന്ത്രമാണ് ഇന്നും ഇടതുപക്ഷം നടത്തുന്നത്. 2009ല്‍ സുന്നി സഹയാത്രികന് ഹുസൈന് രണ്ടത്താണിയെ പിഡിപിയുടെ പിന്തുണയോടെ മത്സരിപ്പിച്ചു. കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞു വന്ന നിലവിലെ താനൂര്‍ എംഎല്‍എ വി. അബ്ദുറഹ്മാനെ 2014-ല്‍ മത്സരിപ്പിച്ചു. ഇതേ പരീക്ഷണം തന്നെയാണ് നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിലൂടെ ഇത്തവണയും ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് കുത്തക മണ്ഡലമായ നിലമ്പൂര്‍ പിടിച്ചെടുത്തത് പോലെ പൊന്നാനിയും അന്‍വറിലൂടെ പിടിക്കാനാണ് നീക്കം. എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ തീവ്രചിന്താഗതിക്കാരെയും കോണ്‍ഗ്രസിലെ വിമതന്മാരെയും കൂടെ നിര്‍ത്താനുള്ള ശ്രമങ്ങളും ഇടതുമുന്നണി രഹസ്യമായി ആരംഭിച്ചു കഴിഞ്ഞു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏഴില്‍ അഞ്ച് സ്ഥലത്തും സ്വതന്ത്ര സ്ഥാനാര്‍ഥികളെയാണ് എല്‍ഡിഎഫ് രംഗത്തിറക്കിയത്. തവനൂരും പൊന്നാനിയും തിരൂരും ഇടത് സ്ഥാനാര്‍ഥികള്‍ വിജയിക്കുകയും ചെയ്തു.
നാല് പതിറ്റാണ്ടായി തുടരുന്ന ലീഗിന്റെ ആധിപത്യവും മൂന്നാം അങ്കത്തിനിറങ്ങിയിരിക്കുന്ന ഇ.ടി. മുഹമ്മദ് ബഷീറിന്റെ വിജയവും ഇത്തവണ തുലാസിലാണ്. മതന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള മണ്ഡലത്തില്‍ ലീഗിനെ വെല്ലുന്ന വര്‍ഗീയധ്രുവീകരണത്തിനാണ് ഇടതുമുന്നണി തിരികൊളുത്തിയിരിക്കുന്നത്. ഇകെ, എപി സുന്നി വിഭാഗങ്ങള്‍ തമ്മിലുള്ള പോര് മുതലെടുക്കാനും അണിയറനീക്കം നടക്കുന്നുണ്ട്. എപി സുന്നികള്‍ കാലങ്ങളായി ഇടതുപക്ഷത്തിനൊപ്പമാണ്. മുസ്ലിംലീഗിനെ പിന്തുണക്കുന്ന ഇകെ സുന്നികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനാണ് എല്‍ഡിഎഫിന്റെ ശ്രമം. എസ്ഡിപിഐയുമായി രഹസ്യചര്‍ച്ച നടത്തിയ മുസ്ലീം ലീഗ് നടപടി പ്രചാരണ വിഷയമാക്കിയിരിക്കുകയാണ് ഇടതുമുന്നണി. ഇകെ സുന്നികളെ ഭിന്നിപ്പിക്കാനാണ് ഈ വിഷയം കൂടുതലായും ഉപയോഗപ്പെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: