ഭഗവത്ഗീത പിറന്ന നാട്, കുരുക്ഷേത്രയുദ്ധം നടന്ന നാട്, ഭഗവാന് വിഷ്ണുവിന്റെ വാസസ്ഥലം തുടങ്ങി ഭാരതീയസംസ്കാരവുമായി ബന്ധപ്പെട്ട ഒരുപാട് സവിശേഷതകളുണ്ട് ഹരിയാന എന്ന സംസ്ഥാനത്തിന്. വേദസംസ്കാരത്തിന്റെ ഉദയവും ഈ മണ്ണിലത്രെ. പഞ്ചാബ് പ്രവിശ്യയുടെ ഭാഗമായിരുന്ന ഈ പ്രദേശം 1966ലാണ് ഹരിയാന എന്ന പ്രത്യേക സംസ്ഥാനമായത്. ചണ്ഡീഗഢ് കേന്ദ്രഭരണ പ്രദേശമാക്കി പഞ്ചാബിന്റെയും ഹരിയാനയുടെയും തലസ്ഥാനമാക്കുകയും ചെയ്തു.
ഇന്ന് ഈ സംസ്ഥാനം ഭരിക്കുന്ന ബിജെപി ഈ മണ്ണില്‍ വേരൂന്നിയത് വളരെ സാവകാശമായിരുന്നു. ഹരിയാനയുടെ രാഷ്ട്രീയചരിത്രം ആദ്യ കോണ്‍ഗ്രസ് സര്‍ക്കാരോടെയാണ് ആരംഭിക്കുന്നത്. നാലരമാസക്കാലം മാത്രം നീണ്ടുനിന്ന ആ സര്‍ക്കാരിന്ശേഷം വിശാല്‍ ഹരിയാന പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിച്ചു. ആ സര്‍ക്കാരിനും അല്പായുസ്സായിരുന്നു. സംസ്ഥാനം രൂപീകരിക്കപ്പെട്ട് ഒരു വര്‍ഷത്തിനകംതന്നെ രാഷ്ട്രപതി ഭരണത്തിന് കീഴിലായി ഹരിയാന.
തുടര്‍ന്നുള്ള പത്തുവര്‍ഷക്കാലം തുടര്‍ച്ചയായി ബന്‍സിലാലിന്റേയും ബനാര്‍സി ദാസ് ഗുപ്തയുടേയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഹരിയാനയില്‍ ഭരണം നടത്തി. അടിയന്തരാവസ്ഥയെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ഹരിയാനയിലും ഭരണമാറ്റമുണ്ടായി. ചൗധരി ദേവി ലാലും ഭജന്‍ലാലും 1977-80 കാലത്ത് ഹരിയാനയിലെ ജനതാപാര്‍ട്ടി സര്‍ക്കാരില്‍ മുഖ്യമന്ത്രിമാരായി. പിന്നീട് കോണ്‍ഗ്രസിലേക്ക് തിരിച്ചുപോയ ഭജന്‍ലാല്‍ 80ല്‍ അഞ്ചുവര്‍ഷം കോണ്‍ഗ്രസ് സര്‍ക്കാരിലും മുഖ്യമന്ത്രിയായി. 1987ല്‍ പഴയ ജനതാപാര്‍ട്ടി നേതാവ് ചൗധരി ദേവിലാല്‍ ജനതാദളിനെ നയിച്ച് വീണ്ടും ഹരിയാനയില്‍ അധികാരത്തിലെത്തി.
എന്നാല്‍ 1991ലെ നിയമസഭാ തെരഞ്ഞെടുപ്പിനിടയില്‍ നാലുവര്‍ഷം കൊണ്ട് ദേവിലാല്‍, ബനാര്‍സി ദാസ് ഗുപ്ത, ഹുകാം സിങ്, ഓംപ്രകാശ് ചൗട്ടാല എന്നിവര്‍ മുഖ്യമന്ത്രിമാരായി. നാലുവര്‍ഷത്തിനിടെ മൂന്നുവട്ടമാണ് ചൗട്ടാല മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ജനതാദള്‍ ഭരണം തമ്മിലടിയുടെ പാരമ്യതയില്‍ അവസാനിച്ചപ്പോള്‍ 1991ല്‍ മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തിയ കോണ്‍ഗ്രസ് ഭജന്‍ലാലിന്റെ നേതൃത്വത്തില്‍ അഞ്ചുവര്‍ഷം തികച്ചുഭരിക്കുകയും ചെയ്തു. 1996 മുതല്‍ കോണ്‍ഗ്രസ്സിനെകൂടാതെ ഹരിയാന വികാസ് പാര്‍ട്ടി, ജനതാദള്‍, ഓം പ്രകാശ് ചൗട്ടാലയുടെ നേതൃത്വത്തില്‍ ജനതാദള്‍ പിളര്‍ത്തിയുണ്ടായ ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ എ്ന്നീ പാര്‍ട്ടികള്‍ മാറിമാറി ഹരിയാനഭരിച്ചു.
2014ലെ പൊതുതെരഞ്ഞെടുപ്പോടെയാണ് ഹരിയാന ബിജെപിയെ നെഞ്ചോട് ചേര്‍ത്തത്. ആ വര്‍ഷം മെയ് മാസം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള പത്ത് മണ്ഡലങ്ങളില്‍ ഏഴിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. അതേവര്‍ഷം ഒക്ടോബറില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മൊത്തം 90 സീറ്റുകളില്‍ 47 എണ്ണം ബിജെപിക്ക് പിടിച്ചെടുക്കാന്‍ കഴിഞ്ഞു. 2009ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഹരിയാനയില്‍നിന്ന് ഒരു പ്രതിനിധിയെ പോലും പാര്‍ലമെന്റിലേക്ക് അയയ്ക്കാനായില്ല. രണ്ടാം സ്ഥാനത്തെത്തിയത് മൂന്ന് മണ്ഡലങ്ങളില്‍ മാത്രം. 2004ലെ തെരഞ്ഞെടുപ്പില്‍ പത്തില്‍ ഒരു സീറ്റാണ് (സോണിപത് മണ്ഡലം) ബിജെപിക്ക് കിട്ടിയത്. അന്ന് അഞ്ച് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്താന്‍ സാധിച്ചു.
2014ല്‍ രാജ്യമെമ്പാടും ആഞ്ഞടിച്ച ബിജെപി അനുകൂല തരംഗം ഹരിയാനയിലുമുണ്ടായി. 2009ലെ മൊത്തം വോട്ട് ഓഹരിയുടെ ഇരട്ടി നേടിക്കൊണ്ടാണ് ബിജെപി കഴിഞ്ഞ തവണ പത്തില്‍ ഏഴ് സീറ്റുകള്‍ നേടിയത്. 2009ല്‍ 17.21 ശതമാനം വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. 2014ല്‍ ഇത് 34.7 ശതമാനമായി ഉയര്‍ന്നു. ഇന്ത്യന്‍ നാഷണല്‍ ലോക്ദളാണ് വോട്ട് ഓഹരിയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തെത്തിയത്. (24.4 ശതമാനം). അതിലും താഴെയായിരുന്നു കോണ്‍ഗ്രസിന്റെ വോട്ട് ഓഹരി (22.9 ശതമാനം). 2009ല്‍ ഒമ്പത് സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ്സിന് 2014ല്‍ ലഭിച്ചത് ഒരു സീറ്റുമാത്രം.
2014ലെ ബിജെപി മുന്നേറ്റം 2019ലും ആവര്‍ത്തിക്കുമെന്നാണ് ഹരിയാനയിലെ രാഷ്ട്രീയാന്തരീക്ഷം നല്കുന്ന സൂചന. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന മനോഹര്‍ലാല്‍ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭ നടപ്പാക്കിയ വികസനക്കുതിപ്പും രാജ്യത്തിന്റെ യശ്ശസ്സുയര്‍ത്തുന്ന മോദിഭരണവും ഇതിന് കാരണമാകുമെന്നുതന്നെ വേണം കരുതാന്‍. ഇതിന് തെളിവാണ് കഴിഞ്ഞ ഡിസംബറില്‍ സംസ്ഥാനത്തെ അഞ്ച് മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും ജിന്ദ് നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലും ബിജെപി നേടിയ വിജയം. തെരഞ്ഞെടുപ്പ് നടന്ന റോഹ്ത്തക്ക്, ഹിസാര്‍, ഹര്‍ണല്‍, പാനിപ്പത്ത്, യമുനാനഗര്‍ എന്നീ അഞ്ച് മുനിസിപ്പല്‍ കോര്‍പറേഷനുകളും ബിജെപി കീഴടക്കി. ഈ വര്‍ഷമാദ്യം ജിന്ദ് അസംബ്ളി മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും ബിജെപി വിജയം കൊയ്തു.
പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിലെത്തി നില്ക്കുമ്പോള് ഹരിയാനയില്‍ ബിജെപിക്ക് ആശങ്കകളൊന്നുമില്ല. മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സുഭാഷ് ബറലയും മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറും.
കുറേ മാസങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്ന പ്രതിപക്ഷ ഐക്യനിര ഹരിയാനയെ സംബന്ധിച്ച് തകര്‍ന്നുതരിപ്പണമായതാണ് ജിന്ദ് ഉപതെരഞ്ഞെടുപ്പിന് ശേഷം കണ്ടത്. ബിഎസ്പി ഇന്ത്യന്‍ നാഷണല്‍ ലോക്ദളിന്റെ പാലം വലിച്ചതോടെയാണ് ബിജെപിക്കെതിരെ രൂപീകരിച്ച പ്രതിപക്ഷ ഐക്യനിരയില്‍ വിള്ളലുണ്ടായത്. സഖ്യമില്ലെന്ന് മായാവതി അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയാണുണ്ടായത്.
കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കി ഹരിയാനയില്‍ നേട്ടംകൊയ്യാന്‍ ഈയിടെ ആം ആദ്മി പാര്‍ട്ടി നടത്തിയ ശ്രമവും പരാജയപ്പെട്ടു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ 4.2 ശതമാനം മാത്രം വോട്ട് ഓഹരിയുള്ള ആപുമായി സഖ്യം ചേര്‍ന്നിട്ട് പ്രത്യേക ഇന്നത്തെ നിലയില്‍ ഹരിയാനയില്‍ ദുര്‍ബലകക്ഷിയായ കോണ്‍ഗ്രസ്സിന് പ്രത്യേകിച്ച് കാര്യമൊന്നുമുണ്ടാകില്ല എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാവാം കെജ്രിവാളിന്റെ ഓഫറിനോട് കോണ്‍ഗ്രസ്സിന്റെ പ്രതികരണം അനുകൂലമായിരുന്നില്ല.
കോണ്‍ഗ്രസ്സില്‍ വിശ്വാസം നഷ്ടപ്പെട്ട ഹരിയാനയിലെ ഒരു പ്രമുഖനേതാവ്കൂടി ബിജെപിയിലെത്തിയത് കഴിഞ്ഞദിവസമാണ്. കോണ്‍ഗ്രസ്സ് നേതാവും മുന്‍ എംപിയുമായ അരവിന്ദ് ശര്‍മ്മയാണ് ബിജെപിയില്‍ ചേര്‍ന്നത്. ഹരിയാനയിലെ സോനാപത് ലോക്സഭാ മണ്ഡലത്തിലെ മുന്‍ എംപിയാണ് അരവിന്ദ്ശര്‍മ്മ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി പ്രസിഡന്റ് അമിത്ഷായുടെയും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിന്റെയും ഡോ. അനില്‍ ജെയിന്റെയും നേതൃത്വത്തിന് കീഴില്‍ ബിജെപിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് തന്റെ ഭാഗ്യമാണെന്ന് അരവിന്ദ് ശര്‍മ്മ പറഞ്ഞു.
ദരിദ്രര്‍ക്കും ദളിതര്‍ക്കും കൃഷിക്കാര്‍ക്കും യുവജനങ്ങള്‍ക്കും തൊഴില്‍രഹിതര്‍ക്കും സ്ത്രീകള്‍ക്കും വൃദ്ധര്‍ക്കും വേണ്ടി മോദിസര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ അങ്ങേയറ്റം ആകര്‍ഷിച്ചതായും പറഞ്ഞുകൊണ്ടാണ് അരവിന്ദ് ശര്‍മ്മയുടെ ബിജെപി പ്രവേശം. മെയ് 12ന് ലോക് സഭയിലേക്കുള്ള തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ പോളിംഗ് ബൂത്തുകളിലേക്ക് കയറുന്ന ഹരിയാനയിലെ ബഹുഭൂരിപക്ഷം ജനങ്ങളുടെയും ചിന്തയും അരവിന്ദ് ശര്‍മ്മ പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമാകാനിടയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: