കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റപത്രം വൈകുന്നതിന് പിന്നില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാധീനമാണെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. മുളയ്ക്കലിനെതെിരെ ബലാത്സംഗകേസ്് രജിസ്റ്റര്‍ ചെയ്ത് അഞ്ച് മാസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കന്യാസ്ത്രീകള്‍ ഇന്നലെ കോട്ടയം ജില്ലാ പോലീസ് ചീഫ് എസ്. ഹരിശങ്കറുമായി കൂടിക്കാഴ്ച നടത്തി.
കുറ്റപത്രം അനന്തമായി വൈകിയാല്‍ വീണ്ടും പ്രതിഷേധവുമായി തെരുവിലേക്ക് ഇറങ്ങുമെന്ന സൂചന കൂടിക്കാഴ്ചയ്ക്ക് ശേഷം കന്യാസ്ത്രീകള്‍ മാധ്യമങ്ങള്‍ക്ക് നല്കി. ‘ഞങ്ങളെ വീണ്ടും തെരുവിലേക്ക് ഇറക്കല്ലേ’ എന്ന് മാത്രമാണ് അധികാരികളോട് പറയാനുള്ളതെന്നും അവര്‍ പറഞ്ഞു. ഇരയെ പിന്തുണയ്്ക്കുന്ന സിസ്റ്റര്‍ അനുപമ ഉള്‍പ്പെടെ നാല് കന്യാസ്ത്രീകളാണ് ജില്ലാ പോലീസ് ചീഫുമായി കൂടിക്കാഴ്ച നടത്തിയത്. കേസില്‍ മൊഴിമാറ്റത്തിന് സമ്മര്‍ദമെന്ന് ബിഷപ്പിനെതിരായ ബലാത്സംഗ കേസിലെ സാക്ഷി വെളിപ്പെടുത്തിയിരുന്നു.
ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കിയതിന് ശേഷം മഠത്തിനുള്ളില്‍ തടവുജീവിതമാണെന്ന് സിസ്റ്റര്‍ ലിസി വടക്കേതില്‍ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കന്യാസ്ത്രീകള്‍ കുറ്റപത്രം വൈകരുതെന്ന ആവശ്യവുമായി എത്തിയത്. സിസ്റ്റര്‍ ലിസി വടക്കേതിലിന് ആവശ്യമായ മരുന്നോ ഭക്ഷണമോ നല്‍കുന്നില്ലെന്നും കന്യാസ്ത്രീകള്‍ ആരോപിച്ചു. മതിയായ സുരക്ഷ മഠത്തില്‍ ഉറപ്പാക്കണമെന്ന ആവശ്യത്തോട് ഇക്കാര്യം പരിഗണിക്കാമെന്ന് എസ്പി പറഞ്ഞതായും അവര്‍ അറിയിച്ചു.
കുറ്റപത്രം സമര്‍പ്പിക്കുന്നത് നീട്ടിക്കൊണ്ട് പോകുന്നതിന് പിന്നില്‍ സാക്ഷികളെ സ്വാധീനിക്കാനാണെന്ന ആരോപണം ശക്തമാണ്. നേരത്തെ കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാതെയിരിക്കാനും സമ്മര്‍ദം ശക്തമായിരുന്നു.
കഴിഞ്ഞ ജനുവരിയില്‍ അഡ്വ. ജിതേഷ് ബാബുവിനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഇതിന് ശേഷം സിസ്റ്റര്‍ അനുപമ ഉള്‍പ്പെടെയുള്ള കന്യാസ്ത്രീകളെ സ്ഥലംമാറ്റാന്‍ നീക്കം നടത്തി. എന്നാല്‍, ഇരയെ വിട്ട് എവിടെയും പോകില്ലെന്ന് കന്യാസ്ത്രീകള്‍ ശക്തമായ നിലപാട് സ്വീകരിച്ചതോടെ കേസിന്റെ നടപടികള്‍ കഴിയുന്നത് വരെ കുറവിലങ്ങാട് തുടരാന്‍ സഭാനേതൃത്വം അനുമതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: