ഇടുക്കി: വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പ്രവേശനം അനുവദിക്കുന്ന മംഗളാദേവി കണ്ണകി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണമി ഉത്സവം ഏപ്രില്‍ 19ന്. കുമളിയില്‍ നിന്ന് 13 കിലോമീറ്റര്‍ കാനനപാതയിലൂടെ സഞ്ചരിച്ചാലാണ് പെരിയാര്‍ വന്യജീവി സങ്കേതത്തില്‍പ്പെട്ട ഇവിടെ എത്താനാകുക. ഇതിനായി ട്രിപ്പ് ജീപ്പുകളാണ് ഒരുക്കിയിരിക്കുന്നത്.
ചിത്രാപൗര്‍ണമി ഉത്സവം സുഗമവും സുരക്ഷിതവുമായി ആഘോഷിക്കുന്നതിന് വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇടുക്കി-തേനി ജില്ലാ ഭരണകൂടങ്ങളുടെ സംയുക്തയോഗം തീരുമാനിച്ചു.
വനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തുന്ന ഭക്തര്‍ക്കായി വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തുന്ന സജ്ജീകരണങ്ങള്‍ കമ്പം മുന്‍സിപ്പല്‍ ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ വിലയിരുത്തി. ഇടുക്കി കളക്ടര്‍ എച്ച്. ദിനേശന്‍, തേനി കളക്ടര്‍ എം. പല്ലവി ബല്‍ദേവ് എന്നിവര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി. ഭക്തരുടെ സുരക്ഷയ്‌ക്കും വനത്തിന്റെയും ക്ഷേത്രത്തിന്റെയും പരിപാവനതയുടെ സംരക്ഷണത്തിനും മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്.
ക്ഷേത്രം സ്ഥിതിചെയ്യുന്നത് വന്യജീവി സംരക്ഷണ നിയമം നിലനില്‍ക്കുന്ന പെരിയാര്‍ ടൈഗര്‍ റിസര്‍വ് പ്രദേശത്തായതുകൊണ്ട് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി, ഭക്തര്‍ക്ക് ബുദ്ധിമുട്ടില്ലാതെ ദര്‍ശനത്തിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ക്ഷേത്രത്തിലേക്കുപോകാനുള്ള വാഹനങ്ങള്‍ക്ക് ആര്‍ടിഒ പാസ് നല്‍കും.
കാനനപാതയില്‍ ഓരോ 600 മീറ്റര്‍ ഇടവിട്ട് ശുദ്ധജല വിതരണ കിയോസ്‌കുകള്‍ സ്ഥാപിക്കും. യോഗത്തില്‍ വനംവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ശില്‍പ്പ വി. കുമാര്‍, തമിഴ്നാട് ഡിആര്‍ഒ കെ. കന്തസാമി, പോലീസ് സൂപ്രണ്ട് വി. ഭാസ്‌കരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















