കോട്ടയം ജില്ലയിലെ കൂരോപ്പടയിലുള്ള മാതൃമല ദേവീക്ഷേത്രം ഹൈന്ദവ നവോത്ഥാനത്തിന്റെ ഒരു പ്രതീകവും നാഴികക്കല്ലുമാകുന്നു. രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് പ്രസ്തുത ക്ഷേത്രത്തില്‍ പുതിയതായി നിര്‍മിച്ച മനോഹര മന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ഒട്ടേറെ ഓര്‍മകള്‍ തിക്കിത്തിരക്കി വന്നു. നെടുനാള്‍ അലസതയിലൂം വിസ്മൃതിയിലും ആണ്ടുകഴിഞ്ഞിരുന്ന ഹിന്ദു സമൂഹം തങ്ങളുടെ പുണ്യക്ഷേത്രങ്ങളോരോന്നായി അന്യമതസ്ഥരും നിരീശ്വരവാദികളും കയ്യടക്കി കുരിശും ചന്ദ്രക്കലയും മറ്റും സ്ഥാപിച്ചുവരുന്നതു നിസ്സംഗരായി നോക്കി നിന്ന കാലം അവസാനിച്ചുവെന്നതിന്റെ ലക്ഷണങ്ങളില്‍ ഒന്നായി മാതൃമലയെക്കാണാവുന്നതാണ്.
1966-ലാണ് മാതൃമല കുന്നിന്മുകളില്‍ കുരിശുനാട്ടി വെള്ളിയാഴ്ച തോറും മലകയറി കൂരോപ്പട മാര്‍സ്ലീവാ പള്ളിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്ത്യാനികള്‍ പ്രാര്‍ത്ഥന ആരംഭിച്ചത്. അതിനും രണ്ടു വ്യാഴവട്ടത്തിലധികമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവന്ന വ്യാപകമായ ക്ഷേത്ര ഭൂമി കയ്യേറ്റങ്ങളുടെ മുന്നണിപ്പോരാളികള്‍ കോട്ടയം ജില്ലക്കാരായ ക്രിസ്ത്യാനികളായിരുന്നു. 1938 മുതല്‍ അവര്‍ വയനാട്ടിലും കണ്ണൂര്‍ ജില്ലയുടെ മലമ്പ്രദേശങ്ങളിലുമൊക്കെ വ്യാപകമായ കയ്യേറ്റങ്ങള്‍ നടത്തിവന്നു. ആലക്കോട് വൈതന്‍ മല, പുല്‍പ്പള്ളി, കൊടിയൂര്‍, മുണ്ടയംപറമ്പ്, തിരുവമ്പാടി, നിലമ്പൂര്‍, അട്ടപ്പാടി, കൊല്ലങ്കോട് മുതലായ ക്ഷേത്രങ്ങളുടെയും രാജകുടുംബങ്ങളുടെയും മറ്റും ഭൂമി കപടമാര്‍ഗങ്ങളിലൂടെ കയ്യേറാന്‍ ആരംഭിച്ചിരുന്നു. ഈ കയ്യേറ്റങ്ങള്‍ക്കായി വിവിധ ക്രൈസ്തവ സഭകളും ക്രൈസ്തവര്‍ നടത്തിവന്ന ബാങ്കിങ് സ്ഥാപനങ്ങളും ബ്രിട്ടീഷ് തോട്ടക്കാരും മിഷണറി സംഘങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും എത്ര ഇണക്കത്തോടെയാണ് പ്രവര്‍ത്തിച്ചു കരുക്കള്‍ നീക്കിയതെന്നു ചിന്തിച്ചാല്‍ വിസ്മയിച്ചുപോകും.
കഴിഞ്ഞ 50-60 വര്‍ഷംകൊണ്ട് ആ പ്രദേശത്തിനു വന്നിട്ടുള്ള മാറ്റങ്ങള്‍ നമ്മെ അദ്ഭുതപ്പെടുത്തുന്നവയാണ്. ആ വനമേഖലയാകെ തലങ്ങും വിലങ്ങും നിര്‍മിക്കപ്പെട്ടിട്ടുള്ള ഒന്നാന്തരം റോഡുകളും, വൈദ്യുതി ലൈനുകളും മാനംമുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന കുരിശുകളും, വാണിജ്യ വ്യവസായ സ്ഥാപനങ്ങളും ഓരോ സഭയുടെയും വക വിവിധ തട്ടുകളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും അവയെല്ലാം നിയന്ത്രിക്കുന്ന മെത്രാസനങ്ങളും മെത്രാപ്പോലീത്താമാരും സര്‍വാധികാരികളും നടത്തിവാഴുകയാണ്. അതുപോലെ തന്നെയാണ് ഇസ്ലാമിക സ്ഥാപനങ്ങളുടെ വാണിജ്യവ്യവസായാദികളുടെയും അവസ്ഥ.
മലയാള മനോരമ സ്ഥാപനങ്ങളുടെ പ്രമുഖനായിരുന്ന കെ.എം. മാത്യുവിന്റെ ആത്മകഥയായ ‘എട്ടാമത്തെ മോതിരം’ എന്ന ഗ്രന്ഥത്തില്‍ അവരുടെ കുടുംബാചാര്യ സ്ഥാനം വഹിച്ചിരുന്ന കെ.സി. മാമ്മന്‍ മാപ്പിള മക്കള്‍ക്കായി എഴുതിയ ഒരു കത്തിന്റെ ചില ഭാഗങ്ങള്‍ നല്‍കിയിട്ടുണ്ട്. അതില്‍ അവര്‍ നടത്തേണ്ട പരിശ്രമങ്ങളും കൈവരിക്കേണ്ട നേട്ടങ്ങളും വിവരിക്കുന്ന ഭാഗം, ആ കണ്ണുകള്‍ എത്ര വ്യാപകമായും അകലേക്കും എത്തിയിരുന്നുവെന്നു നമ്മെ ഓര്‍മിപ്പിക്കുന്നു.
വിദ്യാഭ്യാസം, കൃഷി, വാണിജ്യം, ഗോസംരക്ഷണം (ഭക്ഷണവും), സാമ്പത്തികരംഗം, ഭരണരംഗം എന്നീ മേഖലകളിലെല്ലാം ക്രിസ്തീയ സഭകളുടെ മത്സരിച്ചുള്ള ആധിപത്യസ്ഥാപന ശ്രമങ്ങള്‍ നമ്മെ കിടിലംകൊള്ളിക്കുന്നു. സ്വാതന്ത്ര്യലബ്ധിയോടെ, ബ്രിട്ടീഷ് ഭരണകാലത്തെ സൗജന്യങ്ങളും, പ്രത്യേകാവകാശങ്ങളും അവസാനിപ്പിച്ച്, തോട്ടങ്ങളും വ്യവസായങ്ങളും ഏറ്റെടുക്കാന്‍ ജനകീയ സര്‍ക്കാരുകള്‍ നടപടിയെടുക്കുന്നതിനു പകരം അവലംബിച്ച അലംഭാവം മൂലം നാലു ലക്ഷത്തിലധികം ഹെക്ടര്‍ തോട്ടഭൂമി വിവിധ മതതാല്‍പ്പര്യക്കാര്‍ സ്വന്തമാക്കാന്‍ അവസരമുണ്ടാക്കപ്പെടുന്നു. കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടിയിലുണ്ടായിരുന്ന കറുപ്പത്തോടും ഒരു സായിപ്പ് ഇന്ത്യാ ഗവണ്‍മെന്റിനും അതീതമായി ബ്രിട്ടീഷ് രാജാവിന്റെ പ്രത്യേക കല്‍പ്പന പ്രകാരം സ്വന്തമാക്കിയതെന്ന വാദമുന്നയിച്ചു ന്യൂദല്‍ഹിക്കുമതീതനാണ് താനെന്നു കരുതി പെരുമാറി വന്നു. അയാളെ നിലയ്‌ക്കുനിര്‍ത്തി വസ്തുവഹകള്‍ പിടിച്ചെടുക്കാതെ അത് അന്തിമമായി ഒരു മുസ്ലിം വിദ്യാഭ്യാസ സ്ഥാപനത്തില്‍ ചെന്നെത്തുകയും അവിടെ സ്ഥാപിതമായ മെഡിക്കല്‍ കോളജ് നിയമലംഘനത്തിന്റെയും വിദ്യാര്‍ത്ഥി ചൂഷണത്തിന്റെയും വേദിയാകയും ചെയ്തു. അങ്ങനെ സംഘടിത മതങ്ങളുടെ കരുനീക്കങ്ങള്‍ക്കിരയായി അവശതയിലായ ഹൈന്ദവര്‍ക്ക് ആശ്വാസം അല്‍പമെങ്കിലും നല്‍കിയ ഏതാനും ചില സ്ഥലങ്ങളില്‍ ഒന്നാണ് മാതൃമല. 1966-ല്‍ അവിടെ നാട്ടിയ മരക്കുരിശും, പിന്നീട് സ്ഥാപിച്ച കോണ്‍ക്രീറ്റ് കുരിശും പറിച്ച് അതിനു ചുറ്റുമുള്ള ഏതാനും സെന്റ് സ്ഥലവും ക്ഷേത്രത്തിന് നല്‍കിക്കൊണ്ട് പിന്മാറിയ സംഭവത്തെയാണ് പ്രതീകമെന്നു വിവരിച്ചത്.
അതിന് മുന്‍പ് 1958, 60 കാലത്ത് ഗുരുവായൂരിനടുത്ത് മണത്തല വിശ്വനാഥ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായ എഴുന്നള്ളിപ്പ് തടയാനായി ചാവക്കാട്ടെ മുസ്ലിം ജനവിഭാഗം അന്നത്തെ ഭരണകക്ഷിയായിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒത്താശയോടെ നടത്തിയ കുത്സിതനീക്കത്തെ ശക്തമായ പ്രക്ഷോഭത്തിന്റെയും നിയമത്തിന്റെയും മാര്‍ഗത്തിലൂടെ നേരിട്ട് അവിടത്തെ ഹൈന്ദവ സമാജം പരാജയപ്പെടുത്തി. ആ സമരത്തിന് ഗുരൂവായൂരിലും പരിസരങ്ങളിലുമുള്ള രാഷ്‌ട്രീയ സ്വയംസേവക സംഘം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി അണിനിരന്നായിരുന്നു പൊരുതിയത്. പിന്നീട് ഗുരുവായൂരും ചുറ്റുവട്ടത്തും ക്ഷേത്രത്തിന്റെയോ ഹൈന്ദവരുടെയോ താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമായ ഒരു നീക്കവും അനുവദിക്കാന്‍ ഇടനല്‍കിയില്ല.
1966-ല്‍ മാതൃമലയില്‍ ആരംഭിച്ച ഹൈന്ദവ നീക്കം കുരിശു കൃഷിയെ ചെറുക്കുന്നതായി. മാതൃമല പരമ്പരാഗതമായി അവിടത്തെ കോലത്തോട് കുടുംബത്തിന്റെതായിരുന്നു. പുരാതനമായി ഒരു ക്ഷേത്രം അവിടെ ഉണ്ടായിരുന്നുവെന്ന ഐതിഹ്യവും ഏതാനും അവശിഷ്ടങ്ങളും ബാക്കിയായി. കൂരോപ്പടയിലെ സ്വയംസേവകര്‍ മുന്‍കയ്യെടുത്ത് അനധികൃതമായി സ്ഥാപിക്കപ്പെട്ട കുരിശെടുത്തു മാറ്റി. തുടര്‍ന്ന് ക്രിസ്ത്യാനികള്‍ ഒരു കത്തനാരുടെ നേതൃത്വത്തില്‍ എത്തി ചീങ്കണ്ണിപ്പാറ തുരന്ന് കോണ്‍ക്രീറ്റ് കുരിശു സ്ഥാപിച്ചു. മാതൃമലയുടെ പേര് സ്ലീവാമലയെന്നാക്കി പോസ്റ്ററുകളും ബാനറുകളും ഉയര്‍ന്നു. പല ഇടവകകളില്‍നിന്നും എത്തിയ ക്രൈസ്തവര്‍ കുരിശുമല കയറ്റം ആരംഭിച്ചു. ഹിന്ദുക്കളും വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. പോലീസ് രംഗത്തെത്തി. എന്തും സംഭവിക്കാവുന്ന സ്ഥിതി നിലനിന്നു. ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ മണര്‍കാട് കാവിലെ വെളിച്ചപ്പാട് തുള്ളി മലമുകളില്‍ എത്തി, നാട്ടുകാരും തടിച്ചുകൂടി. അദ്ദേഹം കാട്ടിക്കൊടുത്ത സ്ഥലത്ത് കുഴിച്ചപ്പോള്‍ മനോഹരമായ ദേവീവിഗ്രഹം കിട്ടി. സ്ഥലമുടമ സ്ഥലം ക്ഷേത്രത്തിന് വിട്ടുകൊടുക്കുകയും, അവിടെ ക്ഷേത്രനിര്‍മാണമാരംഭിക്കുകയും ചെയ്തു. ഏതാണ്ട് രണ്ടേകാല്‍ ഏക്കര്‍ സ്ഥലം അപ്രകാരം ക്ഷേത്രത്തിനു ലഭിച്ചു.
ഹിന്ദുസമൂഹം സമീപത്തുനിന്നു മാത്രമല്ല ജില്ലയുടെ എല്ലാ ഭാഗങ്ങളില്‍നിന്നും അങ്ങോട്ട് പ്രവഹിച്ചു. സംഘത്തിന്റെ പ്രാന്ത സംഘചാലക് ആയിരുന്ന എന്‍. ഗോവിന്ദ മേനോന്‍ എല്ലാവിധ ഒത്താശകളും നല്‍കി. മുതിര്‍ന്ന സ്വയംസേവകനും സദാ ഊര്‍ജ്ജസ്വലനുമായിരുന്ന എം.കെ. ഗോവിന്ദപ്പിള്ള എല്ലാ കാര്യങ്ങള്‍ക്കും മുന്നില്‍നിന്ന് നയിച്ചു. മാധവജിയുടെയും പ്രാന്തപ്രചാരക് ഭാസ്‌കര്‍റാവുജിയുടെയും ഹരിയേട്ടന്റെയുമൊക്കെ യഥോചിതവും യഥാസമയവുമുള്ള മാര്‍ഗനിര്‍ദ്ദേശവും ലഭിച്ചുവന്നു. ജില്ലയിലെ സംഘപ്രചാരകന്മാരും എല്ലാ നീക്കങ്ങള്‍ക്കും പ്രചോദനമേകി പിന്നില്‍ പ്രവര്‍ത്തിച്ചു. 1966-ല്‍ ഈ ലേഖകന്‍ കോട്ടയത്തു ജില്ലാ പ്രചാരകനായിരുന്നു. ജി. അപ്പുക്കുട്ടന്‍ താലൂക്കിലും, കെ. മാധവനുണ്ണി, പി. രാമചന്ദ്രന്‍, എം. പത്മനാഭന്‍ (പില്‍ക്കാലത്ത് ആത്മനിഷ്ഠാനന്ദ സ്വാമി) തുടങ്ങിയ ഒട്ടേറെപ്പേര്‍ പ്രചാരകരായിരുന്നു.
ഈ ഹൈന്ദവമുന്നേറ്റത്തിനു മുന്‍പില്‍ കുരിശുകൃഷിയും സ്ലീവാ മലകയറ്റവും തുടര്‍ന്നുപോകാന്‍ ക്രിസ്ത്യാനികള്‍ക്ക് വളരെ ബുദ്ധിമുട്ടായി. നിയമരംഗത്തും വിജയിക്കില്ലെന്നവര്‍ക്കുറപ്പായി. ക്ഷേത്രം മനോഹരമായി ഉയര്‍ന്നു. മലമുകളിലേക്കുള്ള റോഡും ക്ഷേത്രം തന്നെ നിര്‍മിച്ചു. ക്രിസ്ത്യാനികള്‍ക്കു കയറ്റം വിഷമമായി. അവരുടെ മുതിര്‍ന്നവര്‍ ഒത്തുതീര്‍പ്പിന് നീക്കങ്ങള്‍ ആരംഭിച്ചു. പി.എന്‍. ശിവരാമന്‍ നായരും ടി.പി. ബാലകൃഷ്ണനും ക്ഷേത്രത്തിനുവേണ്ടി ചങ്ങനാശ്ശേരിയില്‍ നടത്തിയ ചര്‍ച്ചയില്‍, കുരിശു സ്വയം പിഴുതുമാറ്റാമെന്നു ക്രിസ്ത്യാനികള്‍ സമ്മതിക്കുകയും, അവരുടെ കൈവശമുണ്ടായിരുന്ന 30 സെന്റ് സ്ഥലം ക്ഷേത്ര സമിതിക്കാര്‍ വിലയ്‌ക്കുവാങ്ങണമെന്നുമായിരുന്നു നിര്‍ദ്ദേശം. അന്നുതന്നെ സ്ഥലം വാങ്ങാനുള്ള പണം സമാഹരിച്ചു പിറ്റേന്ന് 30 സെന്റ് ഭൂമി ക്ഷേത്രസ്വത്താക്കി. കോണ്‍ക്രീറ്റ് കുരിശ് പള്ളി ഭാരവാഹികള്‍ ഇളക്കിയെടുത്ത് പോലീസകമ്പടിയോടെ തിരിയെ കൊണ്ടുപോയി. അതോടെ ഹൈന്ദവ-ക്രൈസ്തവ സമൂഹങ്ങള്‍ക്കിടയില്‍ നിലനിന്ന വല്ലായ്മയ്‌ക്കറുതിയുമായി.
തുടര്‍ന്ന് മാതൃമല ദേവി അനുഗ്രഹം ചൊരിഞ്ഞ് സര്‍വൈശ്വര്യ പ്രദായിനിയായി വിരാജിച്ചുവരുന്നു. മാതൃമല ക്ഷേത്രം നവോത്ഥാന പ്രതീകവും നാഴികക്കല്ലുമാണെന്ന് തുടക്കത്തില്‍ പ്രസ്താവിച്ചത് സംഘടിതവും സുസജ്ജവും വിജിഗീഷ നിറഞ്ഞതുമായ ഹിന്ദുസമാജത്തിനു മാത്രമേ ഇതര സമൂഹങ്ങളുടെ ആദരവും സൗഹാര്‍ദ്ദവും നേടാന്‍ കഴിയൂ എന്നത് അവിടെ തെളിഞ്ഞതിനാലാണ്. അവ യാചിച്ചു വാങ്ങേണ്ടതല്ല ആര്‍ജിച്ചെടുക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: