പ്രവചനാതീതമാണ് തൃശൂരിന്റെ രാഷ്ട്രീയ മനസ്സ്. മുന്‍കൂട്ടിയുള്ള വിലയിരുത്തലുകള്‍ക്കൊന്നും പൂര്‍ണമായും പിടിതരാത്ത രാഷ്ട്രീയ സ്വഭാവമുണ്ട് തൃശൂരിന്. സമീപകാല തെരഞ്ഞെടുപ്പുകളിലെ വന്‍ അട്ടിമറികളിലൊന്നായിരുന്നു 96ലെ കരുണാകരന്റെ തോല്‍വി. മുഖ്യമന്ത്രിക്കസേര എ.കെ. ആന്റണിയെ ഏല്‍പ്പിച്ച് ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറിയ കരുണാകരന് നൂറു ശതമാനം വിജയമുറപ്പിച്ചാണ് സ്വന്തം തട്ടകമായ തൃശൂരില്‍ മത്സരത്തിനിറങ്ങിയത്.
പക്ഷേ ജനഹിതം മറ്റൊന്നായിരുന്നു. ഫലം വന്നപ്പോള്‍ സിപിഐയിലെ വി.വി. രാഘവന് വിജയിച്ചു. എന്നെ മുന്നില്‍ നിന്നും പിന്നില്‍ നിന്നും കുത്തിയെന്ന കരുണാകരന്റെ വിലാപം ഇപ്പോഴും കേരള രാഷ്ട്രീയത്തില്‍ കളിയായും കാര്യമായും മുഴങ്ങുന്നു. അച്ഛന് തോറ്റിടത്ത് 98-ല്‍ അങ്കത്തിനിറങ്ങിയ മകന് കെ. മുരളീധരനും തോല്‍വിയറിഞ്ഞു. ജയിച്ചത് അതേ വി.വി. രാഘവന് തന്നെയെന്നതും കൗതുകമായി.
പതിനാറില്‍ പത്തും സിപിഐ
ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടത്തില്‍ സിപിഐയെ ഏറ്റവുമേറെ തവണ വരിച്ചിട്ടുള്ള മണ്ഡലങ്ങളിലൊന്നാണ് തൃശൂര്‍. 2014-ല്‍ രാജ്യത്തെല്ലായിടത്തും മത്സരിച്ച സീറ്റുകളില്‍ സിപിഐ തോറ്റപ്പോഴും തൃശൂര്‍ അവരെ കൈവിട്ടില്ല. അങ്ങനെ ലോക്സഭയിലെ ഏക സിപിഐ പ്രതിനിധിയായി 2014 ല്‍ സി.എന്‍. ജയദേവന് മാറി. 51 മുതലുള്ള 16 തെരഞ്ഞെടുപ്പുകളില്‍ പത്തിലും വിജയം സിപിഐക്കൊപ്പമായിരുന്നു. ഇടതുപക്ഷത്ത് നിന്ന് സിപിഐ അല്ലാതെ മറ്റാരും തൃശൂരില്‍ മത്സരിച്ചിട്ടുമില്ല. പക്ഷേ തൃശൂര്‍ മണ്ഡലം തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് സിപിഐ നേതാക്കള്‍ക്കുപോലും ഇപ്പോള്‍ പറയാന്‍ പറ്റില്ല.
ആറുതവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ സിപിഐയുടെ വിജയക്കുതിപ്പിനെ കനത്ത മാര്‍ജിനില്‍ പിടിച്ചുകെട്ടിയിട്ടുണ്ട്. ആ തോല്‍വികളൊന്നും ചെറുതായിരുന്നില്ല. 51-ലെ ആദ്യ തെരഞ്ഞെടുപ്പില്‍ തിരുക്കൊച്ചിയുടെ ഭാഗമായിരുന്ന തൃശൂരില്‍ നിന്ന് വിജയിച്ചത് കോണ്‍ഗ്രസ്സിലെ ഇയ്യുണ്ണി ചാക്കോ ആയിരുന്നു. സംസ്ഥാനം നിലവില്‍ വന്ന ശേഷം 57-ല്‍ ആദ്യമായി നടന്ന പൊതു തെരെഞ്ഞടുപ്പില്‍ വിജയം സിപിഐക്കായി. കെ. കൃഷ്ണവാര്യര്‍ തെരഞ്ഞടുക്കപ്പെട്ടു. 62ലും വാര്യര്‍ തന്നെ വീണ്ടും വിജയിയായി. 67-ല്‍ സിപിഐക്കുവേണ്ടി മത്സരിച്ച സി. ജനാര്ദനന് വിജയിച്ചു. 71ലും ജനാര്ദനന് വിജയം ആവര്‍ത്തിച്ചു. 77ലും 80ലും കെ.എ. രാജന് സിപിഐക്കുവേണ്ടി വിജയക്കൊടിനാട്ടി.
84-ല്‍ ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പിലാണ് സിപിഐക്ക് അടിതെറ്റിയത്. കോണ്‍ഗ്രസിലെ പി.എ. ആന്റണി സിപിഐയെ തറപറ്റിച്ചു. 89-ല്‍ ആന്റണിയെതന്നെ രംഗത്തിറക്കി കോണ്‍ഗ്രസ് വിജയം ആവര്‍ത്തിച്ചു. 91-ല്‍ പി.സി. ചാക്കോയിലൂടെ കോണ്‍ഗ്രസ് മണ്ഡലം നിലനിര്‍ത്തി. തുടര്‍ച്ചയായി മൂന്നുവട്ടം കോണ്‍ഗ്രസിനൊപ്പം നിന്ന മണ്ഡലത്തില്‍ ഏറെ ആത്മവിശ്വാസത്തോടെയാണ് 96-ല്‍ കെ. കരുണാകരന് മത്സരത്തിനെത്തിയത്. പഴയ പടക്കുതിര വി.വി. രാഘവനെ നിയോഗിച്ച് സിപിഐ തീര്‍ത്ത പത്മവ്യൂഹത്തില്‍ കരുണാകരന് കാലിടറി വീണു. കോണ്‍ഗ്രസിനുള്ളിലെ ചേരിപ്പോര് ഇടതുമുന്നണിക്ക് വിജയമൊരുക്കി. 98-ല്‍ കെ. മുരളീധരനും വി.വി. രാഘവന് മുന്നില്‍ കാലിടറി.
99-ല്‍ രാഘവനെ തോല്‍പ്പിച്ച് എ.സി. ജോസിലൂടെ കോണ്‍ഗ്രസ്സ് മണ്ഡലം തിരിച്ചു പിടിച്ചു. 2004-ല്‍ ജോസ് പരാജയത്തിന്റെ രുചിയറിഞ്ഞു. സി.കെ. ചന്ദ്രപ്പനാണ് സിപിഐക്ക് വേണ്ടി വിജയക്കൊടി പാറിച്ചത്. 2009-ല്‍ ചന്ദ്രപ്പന് പകരം സി.എന്‍. ജയദേവനെ സിപിഐ കളത്തിലിറക്കി. കോണ്‍ഗ്രസ്സിലെ പി.സി. ചാക്കോയുടെ മുന്നില്‍ ജയദേവന് പരാജയപ്പെട്ടു. 2014-ല്‍ ചാക്കോ തൃശൂരിനെ ഉപേക്ഷിച്ച് ചാലക്കുടിയില്‍ മത്സരത്തിന് പോയി. പകരം ചാലക്കുടിയില്‍ നിന്ന് കെ.പി. ധനപാലന് തൃശൂരിലെത്തി. പക്ഷേ വിജയം സി.എന്‍. ജയദേവനൊപ്പം നിന്നു.
ബിജെപി കരുത്തറിയിച്ചു
മണ്ഡലത്തിന്റെ രാഷ്ട്രീയ സ്വഭാവത്തില്‍ പ്രകടമായ മാറ്റം അടയാളപ്പെടുത്തിയ തെരഞ്ഞെടുപ്പായിരുന്നു 2014ലേത്. തൃശൂരില്‍ ആദ്യമായി ശക്തമായ ത്രികോണ മത്സരത്തിന് അരങ്ങൊരുങ്ങി. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബിജെപിയിലെ കെ.പി. ശ്രീശന് ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ നേടി കരുത്ത് തെളിയിച്ചു. ഇടത്-വലത് മുന്നണികള്‍ക്കപ്പുറം ആദ്യമായാണ് മൂന്നാമതൊരാള്‍ ഇത്രയുമേറെ വോട്ട് നേടുന്നത്.
തൃശൂര്‍, ഒല്ലൂര്‍, പുതുക്കാട്, മണലൂര്‍, ഗുരുവായൂര്‍, നാട്ടിക, ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് തൃശൂര്‍ ലോക്സഭ മണ്ഡലം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഈ ഏഴ് മണ്ഡലങ്ങളിലായി എന്‍ഡിഎക്ക് രണ്ടേകാല്‍ ലക്ഷം വോട്ടുകള്‍ നേടാനായി. ഇക്കുറി തൃശൂരില്‍ വാശിയേറിയ ത്രികോണ മത്സരത്തിനാണ് അരങ്ങൊരുങ്ങുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ എംപിയുടെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമല്ലെന്ന് തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ സിപിഐയും ഇടതുമുന്നണിയും സമ്മതിച്ചിരിക്കുന്നു. രാജ്യത്താകെയുണ്ടായിരുന്ന ഏക സിറ്റിങ് എംപിയെ ഒഴിവാക്കിയതിലൂടെ സിപിഐ പോരാട്ടം തുടങ്ങും മുന്‍പെ തോല്‍വി സമ്മതിച്ചത് പോലെയായി. കഴിഞ്ഞ തവണ പരാജയം മണത്ത് പി.സി. ചാക്കോ മണ്ഡലം വിട്ടോടിയതിന്റെ നാണക്കേടില്‍ നിന്ന് കോണ്‍ഗ്രസ് പുറത്ത് വന്നിട്ടില്ല.
കാര്യമായൊന്നും ചെയ്യാതെ ഒരു എംപി
കാര്യമായ അവകാശ വാദങ്ങളൊന്നും ഇല്ലാതെയാണ് സി.എന്‍. ജയദേവന്റെ പടിയിറക്കം. കോള്‍, മലയോര കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ച പദ്ധതികളൊന്നും പ്രാവര്‍ത്തികമാക്കാന്‍ എംപിക്കായില്ല. സിപിഎം-സിപിഐ ചേരിപ്പോര് എംപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങ് തടിയായി. തൃശൂര്‍ കോര്‍പ്പറേഷനിലെ സിപിഎം നേതൃത്വവുമായുള്ള എം.പിയുടെ ശീതസമരം നഗരവികസനത്തെ ബാധിച്ചു. തൃശൂരില്‍ കേന്ദ്ര സര്‍ക്കാരിന്റെ അമൃത് പദ്ധതിയുടെ ഭാഗമായും ഗുരുവായൂരില്‍ പ്രസാദ് പദ്ധതിയുടെ ഭാഗമായും ആരംഭിച്ച വികസന പദ്ധതികള്‍ മാത്രമാണ് എടുത്ത് പറയാനുള്ളത്. ഇതിന്റെ നേട്ടം സ്വാഭാവികമായും എന്‍ഡിഎക്കും ബിജെപിക്കും അവകാശപ്പെടാനാകും.
ആദര്‍ശ് ഗ്രാമം പദ്ധതിയുടെ ഭാഗമായി എംപി സ്വന്തം തട്ടകമായ അന്തിക്കാട് തെരഞ്ഞെടുത്തിരുന്നെങ്കിലും കാര്യമായൊന്നും ചെയ്യാനായില്ല. എംപിയും എംഎല്‍എയും സംസ്ഥാന ഭരണവും കൈയിലുണ്ടായിട്ടും പുത്തൂര്‍ മൃഗശാല പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കഴിയാത്തതും, കുതിരാന്‍ തുരങ്കം ഗതാഗത യോഗ്യമാക്കാനാകാത്തതും പോരായ്മകളാണ്. സ്ഥലമെടുപ്പ് മുതലുള്ള നപടി ക്രമങ്ങളിലെ മെല്ലെപ്പോക്ക് രണ്ട് പദ്ധതികളേയും ബാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: