കൊച്ചി: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരളാ ഫീഡ്‌സെന്ന കാലിത്തീറ്റ നിര്‍മാണ ഫാക്ടറിയെ പ്രതിസന്ധികളില്‍നിന്ന് കയറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍. 15 ലക്ഷം കന്നുകാലികളെ സംരക്ഷിക്കുന്ന, അയ്യായിരത്തോളം വരുന്ന ക്ഷീര കര്‍ഷകര്‍ക്ക് നേരിട്ടും അല്ലാതെയും നേട്ടമുണ്ടാക്കുന്ന സംരംഭമാണ് ചാലക്കുടി കല്ലേറ്റുംകരയിലെ കേരള ഫീഡ്‌സ്.
ചോളം പ്രധാന അസംസ്‌കൃത വസ്തുവായ കാലിത്തീറ്റ നിര്‍മാണ ഫാക്ടറിക്ക് ഇന്ന് പ്രധാന പ്രതിസന്ധി അതിന്റെ ലഭ്യതയാണ്. ഹരിയാന, പഞ്ചാബ്, യുപി, ഝാര്‍ഖണ്ഡ്, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങില്‍നിന്നാണ് ചോളം വരുന്നത്. കൊപ്രപ്പിണ്ണാക്ക് പോലും ആവശ്യത്തിന് സംസ്ഥാനത്തില്ല. രാജ്യത്തെ 15.5 കോടി കന്നുകാലികള്‍ക്കും കര്‍ഷകര്‍ക്കും രക്ഷയായി മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന കാമധേനു പദ്ധതിയോടെ ചോളം ലഭ്യത ഇനിയും കുറയും. ഈ സാഹചര്യത്തില്‍ കേരള ഫീഡ്‌സിന് ആവശ്യമായ ചോളം എത്രത്തോളമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മോല്‍നോട്ടത്തിലുള്ള എംഎംടിസി രേഖാമൂലം അന്വേഷിച്ചിട്ടുണ്ട്.
വിവിധ ഘട്ടങ്ങളില്‍ കേന്ദ്ര സഹായം
കേരള സര്‍ക്കാരിന്റെ ഇ ടെണ്ടര്‍ സംവിധാനത്തില്‍ റിവേഴ്‌സ് ഓപ്ഷന്‍ ഇല്ലാത്തതിനാല്‍ നിലവില്‍ കേരള ഫീഡ്‌സ് അസംസ്‌കൃത വസ്തുവിന്റെ ഇ ടെണ്ടറിങ്ങിന് കര്‍ണാടക സര്‍ക്കാരിന്റെ സംവിധാനത്തെയാണ് ആശ്രയിക്കുന്നത്.
പകരം കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ കോപ്പറേറ്റീവ് ഡയറി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍സിഡിഎഫ്‌ഐ) സംവിധാനം വിനിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇതുവഴി വിവിധ സംസ്ഥാനങ്ങളില്‍നിന്ന് കേരള ഫീഡ്‌സിന് നേരിട്ട് ചോളവും മറ്റും സംഭരിക്കാനാവും. മില്‍ക്ക് ഡയറി പ്ലാന്റുകളമായി സഹകരിച്ച് പ്രവര്‍ത്തന മേഖല വിപുലപ്പെടുത്താനുമാകും.
കാലിത്തീറ്റയുടെ ഉപയോഗം കുറച്ച് കന്നുകാലികള്‍ക്ക് കൂടുതല്‍ പോഷക ഗുണം ലഭ്യമാക്കുന്ന ബൈപാസ് പ്രോട്ടീന്‍ പ്ലാന്റ് കേരള ഫീഡ്‌സില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് പ്രത്യേകം പ്ലാന്റ് നിര്‍മിച്ച്, ശാസ്ത്ര-സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കുന്നതിന്റെ മുഴുവന്‍ ചെലവും കേന്ദ്ര സര്‍ക്കാരാണ് വഹിക്കുന്നത്. പ്ലാന്റില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉല്‍പ്പാദനം തുടങ്ങിയിട്ടുണ്ട്. കേന്ദ്രത്തിന്റെ കാമധേനു പദ്ധതി പ്രകാരം നിലവാരമുള്ള കാലിത്തീറ്റ ഉല്‍പ്പാദനത്തിന് കേരളത്തിന് പുറത്ത് ഫാക്ടറികള്‍ തുടങ്ങുന്ന കാര്യത്തിലുള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ സഹായം ലഭ്യമാകും.
ലക്ഷ്യം 500 കോടി ടേണ്‍ ഓവര്‍
കാലിത്തീറ്റ ഉല്‍പ്പാദനത്തില്‍ മാത്രമല്ല, സ്വകാര്യ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിലനിയന്ത്രിക്കുന്നതിലുള്‍പ്പെടെ കേരളാ ഫീഡ്‌സിന് നിര്‍ണായക പങ്കുണ്ടെന്ന് കമ്പനി ചെയര്‍മാന്‍ കെ.എസ്. ഇന്ദുശേഖരന്‍ നായരും എംഡി ഡോ. ബി. ശ്രീകുമാറും പറയുന്നു. പ്രളയത്തിന് മുമ്പ് 75 ലക്ഷം രൂപ ലാഭത്തിലായ കമ്പനി പിന്നെയും നഷ്ടത്തിലാണെന്ന് അവര്‍ വിശദീകരിച്ചു. കല്ലേറ്റുംകര, കരുനാഗപ്പള്ളി, കോഴിക്കോട് എന്നിവയ്‌ക്കു പുറമേ തൊടുപുഴയില്‍ അടുത്ത മാസം പ്രവര്‍ത്തനം തുടങ്ങുന്ന പ്ലാന്റുകൂടി ഉല്‍പ്പാദനം നടത്തിയാല്‍ വിപണിയില്‍ 50 ശതമാനം കമ്പനിക്ക് നേടാനാകുമെന്നും 2020 ല്‍ 500 കോടി ടേണ്‍ ഓവര്‍ നേടുകയാണ് ലക്ഷ്യമെന്നും ഇതിന് സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡികള്‍ നല്‍കാന്‍ തയാറാകണമെന്നും അവര്‍ വിശദീകരിച്ചു.
കമ്പനിക്ക് ലാഭം മാത്രമല്ല, കര്‍ഷക ക്ഷേമമെന്ന പ്രതിബദ്ധതയുണ്ട്. അങ്ങനെ 50 കിലോ ചാക്കില്‍ ശരാശരി 60 രൂപ നഷ്ടം സഹിച്ചാണ് വില്‍ക്കുന്നത്. അടുത്തിടെ അസംസ്‌കൃത വസ്തുക്കള്‍ക്ക് വിലകൂടിയിട്ടും 100 രൂപവരെ വര്‍ധിപ്പിക്കണമെന്നിരിക്കെ 25 രൂപയേ കൂട്ടിയുള്ളൂ. മറ്റ് സ്വകാര്യ കമ്പനികള്‍ക്ക് ഇല്ലാത്ത സുതാര്യത കമ്പനിക്കുണ്ടെന്നും അസംസ്‌കൃത വസ്തുവും ഗുണപരിശോധന നടത്തിയേ ഫാക്ടറിയില്‍ കടത്തൂ എന്നും അവര്‍ പറഞ്ഞു.
















