കോഴിക്കോട്: വയനാട് സീറ്റില്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുമ്പോള്‍ മുസ്ലിം സമുദായത്തിന്റെ ഹിതം കൂടി പരിഗണിക്കാന്‍ കോണ്‍ഗ്രസ് തയാറാവണമെന്ന് എസ്‌കെഎസ്എസ്എഫ് ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂരിന്റെ മുന്നറിയിപ്പ്. വയനാട്ടിലേക്ക് ഇത്തവണയും സ്ഥാനാര്‍ഥിയെ ഇറക്കുമതി ചെയ്യാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
സമുദായവുമായി ആശയവിനിമയം നടത്താന്‍ ശേഷിയും താത്പര്യവുമുള്ള ഏക മുസ്ലിം എംപി എന്ന നിലയിലായിരിക്കണം വയനാട് സീറ്റിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിശ്ചയിക്കേണ്ടത്. എം.ഐ. ഷാനവാസിന്റെ മരണത്തോടെ, ഉണ്ടായിരുന്ന ദുര്‍ബലകണ്ണിയും മുറിഞ്ഞുപോയി. ഇത് കെപിസിസി പ്രസിഡന്റ് ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് എസ്‌കെഎസ്എസ്എഫ് നേതാവ് ഫേസ്ബുക്കിലൂടെ ചോദിക്കുന്നു. അങ്ങനെയൊരു കണ്ണി ആവശ്യമില്ലേ എന്ന് കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ടോ എന്ന് നേതാവ് ആരായുന്നു.
ആരെയെങ്കിലും വയനാട്ടിലേക്ക് കെട്ടിയിറക്കിയാല്‍ സമുദായം പിന്നാലെ വരില്ല. പട്ടയം ചോദിക്കാനും സര്‍ക്കാര്‍ ഭൂമി എഴുതിവാങ്ങാനും കോണ്‍ഗ്രസ് നേതൃത്വത്തിന് മുമ്പില്‍ സമുദായം വരാറില്ലെന്നും അവകാശപ്പെടുന്ന നേതാവ് സമുദായത്തിന്റെ ഹിതം മനസിലാക്കാനുള്ള മാന്യത കോണ്‍ഗ്രസ് കാണിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുന്നു.
വയനാട് സ്ഥാനാര്‍ഥിയെ നിശ്ചയിക്കുമ്പോള്‍ കാലം മാറിയത് തിരിച്ചറിഞ്ഞില്ലെങ്കില്‍ പല കോലങ്ങളും കാണേണ്ടിവരുമെന്നും ചുരം കയറാന്‍ വല്ലാതെ വിയര്‍ക്കേണ്ടിവരുമെന്നുമാണ് സുന്നി യുവജനവിഭാഗം നേതാവ് നല്‍കുന്ന മുന്നറിയിപ്പ്.
















