ഇടുക്കി: മാര്‍ച്ച് മാസം പാതിയാകുമ്പോള്‍ സംസ്ഥാനത്തെ താപനിലയില്‍ അസാധാരണ വര്‍ദ്ധന. തൃശൂര്‍ ജില്ലയിലെ വെള്ളാനിക്കരയില്‍ ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 39.2 ഡിഗ്രി സെല്‍ഷ്യസാണ്.
കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ കണക്കുകള്‍ പ്രകാരം 2014ന് ശേഷം ഒരു സ്റ്റേഷനില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന ചൂട് കൂടിയാണിത്. മൂന്ന് ദിവസമായി ഘട്ടം ഘട്ടമായി ഇവിടെ താപനില ഉയരുകയാണ്. ചൊവ്വാഴ്ച 38.6 ഡിഗ്രിയായിരുന്നു താപനില. 2014 മാര്‍ച്ച് 31ന് പുനലൂരില്‍ രേഖപ്പെടുത്തിയ 39.5 ഡിഗ്രിയാണ് അടുത്തകാലത്തെ ഏറ്റവും ഉയര്‍ന്ന താപനില.
ചരിത്രത്തില്‍ തന്നെ ഇതിലും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയിട്ടുള്ളതും പുനലൂരിലാണ്. 1983ലും 1992ലും രേഖപ്പെടുത്തിയ 40.6 ആണിത്. പാലാക്കാട് 40 ഡിഗ്രി രേഖപ്പെടുത്തിയതായി വാര്‍ത്തകള്‍ വരുമ്പോഴും അന്തരീക്ഷ ശാസ്ത്രകേന്ദ്രത്തിന്റെ സ്റ്റേഷനില്‍ രേഖപ്പെടുത്തിയിട്ടുള്ള പരമാവധി താപനില 37.7 ഡിഗ്രി സെല്‍ഷ്യസ് വരെ മാത്രമാണ്. പുനലൂര്‍ -37, ആലപ്പുഴ-35.5, കോട്ടയം-37.7, കൊച്ചി- 33.6, പാലക്കാട്-37.7, കോഴിക്കോട്-35, കണ്ണൂര്‍- 34 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയാണ് മറ്റ് പ്രധാന സ്റ്റേഷനുകളിലെ കൂടിയ താപനില. കുറഞ്ഞ താപനില 22-26 ഡിഗ്രി സെല്‍ഷ്യസ് വരെയും.
താപനില വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഉഷ്ണവാതം സംബന്ധിച്ച മുന്നറിയിപ്പ് ദല്‍ഹിയിലെ കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം ഇന്ന് പുറത്ത് വിടും. രാജ്യത്താകെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ശരാശരി 1.6-3 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനിലയില്‍ വ്യത്യാസം വന്നിരിക്കുന്നത്.
വേനല്‍ മഴയിലും കുറവ്
വേനല്‍ക്കാലം രണ്ടാഴ്ച പിന്നിടുമ്പോള്‍ സംസ്ഥാനത്താകെ 15 ശതമാനം കുറവ്. കൊല്ലം, തൃശൂര്‍ ഇടുക്കി ജില്ലകളില്‍ ശരാശരി മഴ ലഭിച്ചപ്പോള്‍ കാസര്‍ഗോഡ് മഴ പെയ്തിട്ടില്ല. തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളെ വരുംദിവസങ്ങളില്‍ മഴയുടെ കുറവ് സാരമായി ബാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: