കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍ സ്ഥാനത്ത് നിന്നു എന്‍. വാസുവിന് നീക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. വാസുവിന്റെ കാലാവധി 2018 ജനുവരിയില്‍ അവസാനിച്ചെങ്കിലും നീട്ടി നല്‍കിയിരുന്നു. ഇത് അവസാനിച്ച സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ തീരുമാനം. എന്‍. വാസുവിനെ ഇനി തുടരാന്‍ അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് പി.ആര്‍. രാമചന്ദ്രമേനോന്‍, ജസ്റ്റിസ് എന്‍. അനില്‍കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
പുതിയ നിയമനം വരെ വാസുവിനെ തുടരാന്‍ അനുവദിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യവും തള്ളി. നിലവില്‍ ചുമതലകള്‍ നിറവേറ്റാന്‍ ദേവസ്വം അഡീ. സെക്രട്ടറി എം. ഹര്‍ഷന് ഹൈക്കോടതി താല്‍ക്കാലിക ചുമതല നല്‍കി. ദേവസ്വം കമ്മീഷണറുടെ കാലാവധി കഴിഞ്ഞതായുള്ള ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വാസുവിന് കോടതി ആറാഴ്ച കൂടി ചുമതല നീട്ടി നല്‍കിയിരുന്നു. ഈ കാലാവധിയും തീരുന്ന സാഹചര്യത്തിലാണ് ഇനിയും തുടരാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ കോടതിയോട് അഭ്യര്‍ഥിച്ചത്. പുതിയ നിയമനത്തിനുള്ളവരുടെ പാനല്‍ നല്‍കാന്‍ സര്‍ക്കാരിനായില്ല.
ഇങ്ങനെയെങ്കില്‍ ഏതെങ്കിലും റിട്ട. ജില്ലാ ജഡ്ജിമാരെ കമ്മീഷണറായി കോടതിക്ക് നിയമിക്കേണ്ടി വരുമെന്ന് ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് നിയമനത്തിനുള്ളവരുടെ പട്ടിക ആറാഴ്ചക്കം നല്‍കാന്‍ നിര്‍ദേശം നല്‍കി. ഇതിനകം പാനല്‍ നല്‍കാനായില്ലെങ്കില്‍ അത് സര്‍ക്കാരിന്റെ കഴിവ്‌കേടാണെന്നും കോടതി വാക്കാല്‍ ചൂണ്ടിക്കാട്ടി. എം. ഹര്‍ഷന് വെള്ളിയാഴ്ച തന്നെ കമ്മീഷണറുടെ താല്‍ക്കാലിക ചുമതല കൈമാറാന്‍ കോടതി നിര്‍ദേശിച്ചു.
















