കേരളത്തെ ഇതേപോലെ എല്ലാത്തരത്തിലും കൈയയച്ച് സഹായിച്ച ഒരു കേന്ദ്രസര്‍ക്കാര്‍ ഉണ്ടാകില്ല. മുഖ്യമന്ത്രി പിണറായി വിജയനെ ആദ്യം കണ്ടപ്പോള്‍ത്തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ ഒരു കാര്യമുണ്ട്. പണമില്ലാത്തതിന്റെ പേരില്‍ കേരളത്തില്‍ ഒരു വികസന പദ്ധതിയും മുടങ്ങില്ലെന്ന്. പ്രധാനമന്ത്രിയുടെ ഓഫീസിനെ സ്വന്തം വീടുപോലെ കരുതി ആവശ്യങ്ങള്‍ ഉന്നയിക്കാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നതായി മുഖ്യമന്ത്രി തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. പ്രധാനമന്ത്രിയെ കണ്ട ആവേശത്തില്‍ ഗെയ്ല് പൈപ്പ്ലൈന്, ദേശീയപാത വികസനം, ദേശീയ ജലപാത എന്നിവയൊക്കെ പെട്ടെന്ന് തീര്‍ക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. പ്രധാനമന്ത്രി വാക്ക് പാലിച്ചു. കേരളം പദ്ധതികള്‍ക്കും പരിപാടികള്‍ക്കും ആവശ്യപ്പെട്ടപ്പോഴൊക്കെ സഹായവും പിന്തുണയും നല്കി. പ്രളയക്കെടുതിമൂലം കേരളം ദുരിതമനുഭവിച്ചപ്പോള്‍ നേരിട്ടെത്തുകയും സര്വ്വസൈന്യത്തിന്റെയും പിന്തുണ ഉറപ്പാക്കുകയും ചെയ്തത് നരേന്ദ്രമോദിയാണ്. കേന്ദ്രം നല്ലരീതിയില്‍ പിന്തുണച്ചതിന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് നന്ദിയും രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് പടിവാതില്ക്കലെത്തിയപ്പോള് കേന്ദ്രം സഹായിച്ചില്ലെന്ന ആരോപണവുമായി ഭരണകക്ഷിപാര്ട്ടികള് മൈക്ക്വയ്ക്കുന്നുണ്ട്. പ്രളയ സമയത്ത് 500 കോടി രൂപ മാത്രമാണ് കേന്ദ്രം നല്‍കിയതെന്നും 700 കോടി നല്‍കാമെന്ന യുഎഇ സര്‍ക്കാരിന്റെ വാഗ്ദാനത്തിന് കേന്ദ്രം തടയിട്ടെന്നും പറഞ്ഞു പരത്തുന്നു.
അടിയന്തരസഹായമായി ചോദിച്ച 2000 കോടിക്ക് മുകളില്‍ തുക കാലതാമസം ഉണ്ടാകാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ കേന്ദ്രം എത്തിച്ചുവെന്ന സത്യം മറച്ചുവച്ചാണ് കള്ളക്കണക്ക് പറയുന്നത്. മാത്രമല്ല പ്രളയത്തെത്തുടര്‍ന്നുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വ്യക്തമായ പദ്ധതിതയ്യാറാക്കിയാല് ആവശ്യമുള്ളത്ര തുക ഉടന്‍ അനുവദിക്കുമെന്ന് കേന്ദ്ര ധനമന്ത്രിയുള്‍പ്പെടെയുള്ളവര്‍ ആവര്‍ത്തിക്കുകയും ചെയ്തു. ഇതുവരെ വ്യവസ്ഥാപിതമാര്ഗ്ഗത്തില് വ്യക്തവും സമഗ്രവുമായ പദ്ധതി സമര്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആകെ നഷ്ടം 26,000 കോടിയാണെന്നും പുനര്‍ നിര്‍മ്മാണത്തിന് 31,000 കോടിയെങ്കിലും വേണമെന്നുമാണ് ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്ന പദ്ധതി. ഒരു കാലത്ത് നഖശിഖാന്തം എതിര്‍ത്തിരുന്ന ലോകബാങ്ക് തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ അതേപടി നടപ്പാക്കുമ്പോഴാണ് 31,000 കോടിയുടെ കണക്ക് വരിക.
മാത്രമല്ല ദേശീയ ദുരിന്തനിവാരണ നിധിയില്‍ നിന്ന് അനുവദിച്ച 2104 കോടി രൂപയടക്കം വിവിധ കേന്ദ്രപദ്ധതികളോട് കേരളം പ്രതികരിക്കുന്നില്ലെന്ന് വാര്‍ത്തയും പുറത്തുവന്നു. 16 ഇനങ്ങളിലായി കേന്ദ്രം അനുവദിച്ച 10,425 കോടി രൂപ കൈപ്പറ്റാന്‍ കേന്ദ്രം പലതവണ ആവശ്യപ്പെട്ടിട്ടും കേരളത്തിന് കുലുക്കമില്ല. നികുതി വരുമാനത്തിലെ കുറവിനുള്ള നഷ്ടപരിഹാരമായി അനുവദിച്ച 2405 കോടി ലഭിക്കാനും കേരളത്തിന്റെ ഭാഗത്തുനിന്നു നടപടിയൊന്നുമില്ല. അംഗപരിമിതര്‍ക്കും വിധവകള്‍ക്കും പെന്ഷന് നല്കാന് കേന്ദ്രം അനുവദിച്ച തുകയും വിവിധ മിഷനുകള്‍ക്കായി നല്കുന്ന തുകയും കണക്കും റിപ്പോര്‍ട്ടും നല്കി വാങ്ങിച്ചെടുക്കാനുള്ള ഒരു ശ്രമവും ഉണ്ടായിട്ടില്ല. പല തുകകളും നഷ്ടപ്പെടുമെന്ന് വ്യക്തമാക്കി കേന്ദ്രത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ സംസ്ഥാന സര്‍ക്കാരിന് അറിയിപ്പുകള് അയച്ചുമടുത്തു. നഗരവികസനത്തിനുള്ള അമൃത് പദ്ധതിയില്‍ കേരളത്തിന് നല്കിയ ആയിരം കോടിയോളം രൂപ നഷ്ടപ്പെടുമെന്ന് കാണിച്ച് കേന്ദ്രം കത്തെഴുതിയിട്ട് മാസങ്ങളായി. കര്‍ഷകര്‍ക്ക് സമ്മാനമായി പ്രഖ്യാപിച്ച 6,000 രൂപ കേരളത്തിലെ പാവപ്പെട്ട കര്‍ഷകര്‍ക്ക് സമയത്ത് കിട്ടാതിരിക്കാനും ഭരണസംവിധാനം ശ്രമിച്ചിരുന്നു.
കേന്ദ്രത്തിന്റെ പല സ്വപ്നപദ്ധതികളും ജനങ്ങളിലെത്താതെ തടഞ്ഞതിന് പുറമെയാണ് അനുവദിച്ച കോടികള്‍ ഉപയോഗിക്കാന്‍ ശ്രമിക്കാതെയുള്ള സര്‍ക്കാരിന്റെ അലസത. നല്കുന്ന പണത്തിന് വ്യക്തമായ കണക്ക് വെക്കണം എന്നതാണ് കേരളത്തിന്റെ നിഷ്ക്രിയതയ്ക്ക് കാരണമെന്ന വിലയിരുത്തലിലാണ് കേന്ദ്രം. പണം നല്‍കിയാല്‍മതി ചെലവഴിക്കുന്നതെങ്ങനെയെന്ന് ചോദിക്കരുതെന്ന നിലപാടാണ് കേരളത്തിന്റേത്. ധാര്‍ഷ്ട്യം നിറഞ്ഞ ഈ നിലപാട് മൂലം നഷ്ടമാകുന്നത് കേരളത്തിന് കിട്ടുന്ന കോടികളാണ്, വികസനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: