പെരിയ(കാസര്‍കോട്): സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ച കോണ്‍ഗ്രസ് പ്രസിഡന്റ് സിപിഎമ്മിനെതിരെ ഒന്നും പറയാതെ പെരിയയില്‍ നിന്നു മടങ്ങി.
കൃപേഷ്, ശരത്ലാല് എന്നിവരുടെ വീടുകളിലെത്തിയ രാഹുല്‍ സിപിഎമ്മിനെതിരെ ഒന്നും മിണ്ടാതെ പോയത് കോണ്‍ഗ്രസ്സ് അണികളെ നിരാശരാക്കി. ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും സിപിഎമ്മാണ് കൊലപാതകത്തിന് പിന്നിലെന്ന് ആണയിട്ട് പറയുമ്പോഴാണ് രാഹുലിന്റെ മൗനം അണികള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയിരിക്കുന്നത്.
കേസില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ ഉള്‍പ്പെടെ പ്രതികളായി പോലീസ് അറസ്റ്റ് ചെയ്യുകയും കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ സിപിഎം ഉന്നത നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. ദേശീയ തലത്തില്‍ത്തന്നെ കോണ്‍ഗ്രസ് സിപിഎമ്മു മായി ലോകസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയിരിക്കുന്ന ധാരണയാണ് രാഹുലിന്റെ മൗനത്തിന് പ്രധാന കാരണം.
കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നീതി കിട്ടാനായി പരിശ്രമിക്കുമെന്ന് മാത്രമാണ് രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഗുഢാലോചനയില്പെട്ടവരും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരുമായ നിരവധി പേര് പുറത്ത് സുഖമായി കഴിയുന്നുണ്ടെന്ന് വീട്ടുകാര്‍ ആരോപണമുന്നയിച്ചിട്ടും അതില്‍ ഒരാളെ പോലും പോലീസ് ചോദ്യം ചെയ്യാന്‍ ഇതേവരെ തയാറായിട്ടുമില്ല. ഇതെക്കുറിച്ചൊന്നും രാഹുല്‍ ഒന്നും പറഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: