തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ഇടതു യൂണിയന് നേതാക്കളുടെ രൂക്ഷമായ തമ്മിലടി കാരണം ഫയലുകള്‍ കുന്നുകൂടി. ഭരണം സ്തംഭനത്തിലേക്ക്. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോലും ഫയല്ക്കൂമ്പാരമാണ്. നിലവിലെ സെക്രട്ടറിമാരെ വച്ച് ഫയല്‍ നീക്കം സാധ്യമല്ലാതായതോടെയാണ് പുതിയ സെക്രട്ടറിയെ അടിയന്തരമായി നിയമിച്ചത്.
ജീവനക്കാരുടെ സ്ഥലംമാറ്റത്തെചൊല്ലിയുള്ള തര്‍ക്കമാണ് രൂക്ഷമായ ഭരണ പ്രതിസന്ധിയിലേക്ക് എത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്ന് ജീവനക്കാരെ സെക്രട്ടേറിയറ്റ് അസോസിയേഷന് നേതാക്കള്‍ ഇടപെട്ട് അനധികൃതമായി സ്ഥലം മാറ്റി. വിവരം അറിഞ്ഞ മുഖ്യമന്ത്രി ഇവരുടെ സ്ഥലം മാറ്റം റദ്ദാക്കി. ഇവര്‍ക്ക് കൂട്ട് നിന്ന ജീവനക്കാരെ സ്ഥലം മാറ്റാനും ആവശ്യപ്പെട്ടു.
എന്നാല്‍ അസോസിയേഷന് പ്രസിഡന്റിന്റെ ഭീഷണിയെ തുടര്‍ന്ന് വകുപ്പ് സെക്രട്ടറി സ്ഥലംമാറ്റം ഫയലില്‍ ഒപ്പിട്ടില്ല. അസോസിയേഷനിലെ എതിര് ചേരി പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാസ് സിന്‍ഹയുടെ മുന്നില്‍ വിവരം എത്തിച്ചു. സ്ഥലംമാറ്റം നടപ്പാക്കാനുള്ള അധികാരം വകുപ്പ് സെക്രട്ടറിയില്‍ നിന്നും പ്രത്യേക ഉത്തരവിലൂടെ സിന്‍ഹ ഏറ്റെടുത്തു. അസോസിയേഷന് പ്രസിഡന്റ് സ്ഥലം മാറ്റത്തില്‍ ഇടപെടരുതെന്ന് മുഖ്യമന്ത്രി കര്‍ശന നിര്‍ദ്ദേശം നല്കി. ഇതോടെ അസോസിയേഷനിലെ മറുവിഭാഗത്തിന്റെ ശക്തി വര്‍ധിച്ചു. ഇതോടെ പോയി പണി നോക്കണം മിസ്റ്റര്‍ എന്ന തലക്കെട്ടോടെ മറുവിഭാഗം നോട്ടീസ് ഇറക്കി. നോട്ടീസിലെ മിസ്റ്റര്‍ എന്ന വാക്ക് സിന്‍ഹയെ ഉദ്ദേശിച്ചല്ല മുഖ്യമന്ത്രിയെ ഉദ്ദേശിച്ചാണെന്നും വ്യക്തം.
വടം വലി രൂക്ഷമായതോടെ ഫയലുകള്‍ വഴിയാധാരമായി. മുഖ്യമന്ത്രിയുടെ ഓഫീസ് അടിയന്തരമായി ആവശ്യപ്പെടുന്ന ഫയല്‍ പോലും സമയത്ത് നല്‍കുന്നില്ല. വനിതാ ജീവനക്കാരെ ഇരു വിഭാഗവും ഭീഷണിപ്പെടുത്തുന്നുണ്ട്. തങ്ങള്‍ പറയുന്നത് നടപ്പാക്കിയില്ലെങ്കില്‍ സ്ഥലംമാറ്റുമെന്നാണ് ഭീഷണി. എന്തു ചെയ്യണമെന്നറിയാതെ വട്ടം കറങ്ങുകയാണ് സെക്രട്ടേറിയറ്റിലെ വനിതാ ജീവനക്കാര്‍.
എം.വി. ജയരാജന് പ്രൈവറ്റ് സെക്രട്ടറിയായി വരും മുമ്പ് വരെ യൂണിയന് നേതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ കടുത്ത നിയന്ത്രണമായിരുന്നു. എം.വി എത്തിയതോടെ എല്ലാം തകിടം മറിഞ്ഞു. മുഖ്യമന്ത്രി അറിയാതെ പോലും പല ഫയലുകളും അസോസിയേഷന് നേതാക്കള്‍ നീക്കി. ചില ഫിസിക്കല്‍ ഫയലുകളും (മുഖ്യമന്ത്രിയില്‍ നിന്ന് നേരിട്ട് ഒപ്പിട്ട് വാങ്ങിക്കുന്ന ഫയലുകള്‍) നീങ്ങിയതായാണ് വിവരം. മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയില്‍ ആയിരിക്കെ ഇത്തരത്തില്‍ ഒരു ഫയല്‍ നീങ്ങിയെന്നത് സംബന്ധിച്ച വിവാദം സെക്രട്ടേറിയറ്റില്‍ നില നില്ക്കുന്നു. തെരഞ്ഞെടുപ്പ് കൂടി ആയതോടെ ഫയലുകളുടെ നീക്കം കൂടുതല്‍ വൈകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: