തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായി പോലീസിലെ സിപിഎം ഫ്രാക്ഷനുകള് രഹസ്യ യോഗം ചേരുന്നു. ഇടത് അനുകൂല സംഘടനകളായ കേരള പോലീസ് അസോസിയേഷന്, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് എന്നീ സംഘടനകളുടെ മറവിലാണിത്. തെരഞ്ഞെടുപ്പ് ഫണ്ട് പിരിവും ആരംഭിച്ചിട്ടുണ്ട്.
കടുത്ത സിപിഎം അനുഭാവികളെ ഉള്‍പ്പെടുത്തിയാണ് ഫ്രാക്ഷന് രൂപീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നേയുള്ള പോലീസിലെ സ്ഥലം മാറ്റം സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ ജില്ലാ ഫ്രാക്ഷനുകള് ചേര്‍ന്നിരുന്നു. അതിന് പിന്നാലെ കഴിഞ്ഞ ദിവസം ബ്രാഞ്ച് യോഗങ്ങളും ആരംഭിച്ചു. അസോസിയേഷന് യോഗങ്ങള്‍ എന്നുപറഞ്ഞാണ് കൂടിച്ചേരല്‍. സിപിഎം ജില്ലാ സെക്രട്ടറിമാരുള്‍പ്പെടെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
തെര.സമയത്ത് അസോസിയേഷനുകള്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ എങ്ങനെയെന്നതിനെക്കുറിച്ച് ജില്ലാ ഫ്രാക്ഷന് കമ്മറ്റികള്‍ തീരുമാനം എടുത്തിട്ടുണ്ട്. പോലീസിലെ സിപിഎം ബ്രാഞ്ച് അംഗങ്ങള്‍ 5000 രൂപ വീതം തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നല്‍കണം. ഫ്രാക്ഷനുകളുടെ സഹായത്താല്‍ വിജിലന്‍സ്, സ്പെഷ്യല്‍ ബ്രാഞ്ച്, ക്രൈംബ്രാഞ്ച്, വിവിഐപി സെക്യൂരിറ്റി തുടങ്ങിയ ഇടങ്ങളിലേക്ക് സ്ഥലം മാറ്റം വാങ്ങിയവര്‍ റാങ്ക് അനുസരിച്ച് 5000 രൂപ മുതല്‍ 25000 വരെ നല്‍കണം. സാദാ പോലീസുകാര്‍ 500 മുതല്‍ 1000 രൂപ വരെയും.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവരുടെ പോസ്റ്റല്‍ വോട്ട് കൂട്ടമായി ഇടതുപക്ഷത്തിന് ചെയ്യിപ്പിക്കാനുള്ള തീരുമാനവും എടുത്തിട്ടുണ്ട്. അസോസിയേഷനുകള്‍ വഴിമാത്രം പോസ്റ്റല്‍ വോട്ട് ചെയ്യിച്ചാല്‍ മതിയെന്നാണ് കര്‍ശന നിര്‍ദ്ദേശം. പോസ്റ്റല്‍ ബാലറ്റ് വാങ്ങുന്നതുമുതല്‍ അയക്കുന്നത് വരെ അസോസിയേഷന് നേതാക്കളുടെ മേല്‍നോട്ടം ഉണ്ടാകും. അതിനായി ഓരോ സ്റ്റേഷനിലേയും കടുത്ത ഇടത് അനുഭാവികളായ അസോസിയേഷന് നേതാക്കളെ ചുമതലപ്പെടുത്തും. ഇതനുസരിച്ചുള്ള പട്ടിക അസോസിയേഷന് തയാറാക്കി.
രാഷ്ട്രീയം പാടില്ലാത്ത സംസ്ഥാന പോലീസ് സേനയില്‍ 315 സിപിഎം ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്ന വാര്‍ത്ത ജന്മഭൂമി നേരത്തെ തന്നെ പുറത്ത് വിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: