ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. മൂന്ന് മുന്നണികളും ഒരുപോലെ പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലം കൂടിയാണിത്.
പാലക്കാട്, മലമ്പുഴ, കോങ്ങാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, മണ്ണാര്‍ക്കാട്, പട്ടാമ്പി എന്നീ നിയോജകമണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് പാലക്കാട് ലോകസഭാ മണ്ഡലം. നിയമസഭ തെരഞ്ഞടുപ്പില്‍ ഇതില്‍ അഞ്ചെണ്ണത്തില്‍ എല്‍ഡിഎഫും രണ്ടെണ്ണം യുഡിഎഫുമാണ് ജയിച്ചത്. മലമ്പുഴയിലും പാലക്കാടും ബിജെപിയാണ് രണ്ടാംസ്ഥാനത്ത്.
പാലക്കാട് ലോകസഭാ മണ്ഡലം നിലവില്‍ വന്ന 1957 മുതല്‍ ഇതുവരെ നാലു തവണ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചിട്ടുള്ളത്. 1977ല്‍ സുന്നാ സാഹിബും 1980,1984, 1991 വര്‍ഷങ്ങളില്‍ വി.എസ് വിജയരാഘവനുമാണ് കോണ്‍ഗ്രസിനു വിജയം സമ്മാനിച്ചവര്‍.
എ. കെ ഗോപാലനും ഇ.കെ നായനാരും പാലക്കാട് നിന്ന് വന്‍ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 1996,1998,1999,2004 വര്‍ഷങ്ങളില്‍ എന്‍.എന്‍. കൃഷ്ണദാസാണ് സിപിഎമ്മിനു വേണ്ടി മണ്ഡലം പിടിച്ചത്. മൂന്നുതവണ വി.എസ്.വിജയരാഘവനെയും ഒരുതവണ എം.ടി.പത്മയെയുമാണ് കൃഷ്ണദാസ് തോല്‍പ്പിച്ചത്.
2009ല്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ഇവിടെ. കോണ്‍ഗ്രസിന്റെ സതീശന്‍ പാച്ചേനിയെ 1820 വോട്ടിനാണ് എല്‍ഡിഎഫിലെ എം.ബി രാജേഷ് പരാജയപ്പെടുത്തിയത്.
2014ല്‍ യുഡിഎഫ് സ്ഥാനാര്‍തഥിയായി നിന്നത് സോഷ്യലിസ്റ്റ് ജനതാനേതാവ് എം.പി.വീരേന്ദ്രകുമാറായിരുന്നു. 2009ലെ ലോക്‌സഭാ സീറ്റ് തര്‍ക്കത്തെ തുടര്‍ന്നാണ് വീരേന്ദ്രകുമാര്‍ എല്‍ഡിഎഫ് വിട്ട് യുഡിഎഫിലെത്തിയത്. ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് എം.ബി.രാജേഷിനോട് തോറ്റത്. ഇതോടെ കോണ്‍ഗ്രസിനെതിരെയും വീരേന്ദ്രകുമാര്‍ ആരോപണം ഉന്നയിച്ചു. കോണ്‍ഗ്രസുകാര്‍ വേണ്ടരീതിയില്‍ പ്രവര്‍ത്തിക്കാത്തതാണ് തോല്‍വിക്ക് കാരണമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. സോഷ്യലിസ്റ്റ് ജനതയുടെ പരാതിയെ തുടര്‍ന്ന് യുഡിഎഫ് അന്വേഷണ സമിതിയെ നിയോഗിച്ചു.
ഇടതുകോട്ടയില്‍ വിള്ളല്‍വീഴ്‌ത്തി ബിജെപിയുടെ കടന്നുവരവ് ഇരുമുന്നണികള്‍ക്കും ഭീഷണിയായി. 2004ല്‍ സി. ഉദയ് ഭാസ്‌കര്‍ 1,47,792 വോട്ടുകള്‍ നേടി. 2009ല്‍ സി.കെ.പത്മനാഭനായിരുന്നു സ്ഥാനാര്‍ഥി, 69707 വോട്ടുകള്‍ നേടി. 2014ല്‍ ബിജെപി സംസ്ഥാന ജന.സെക്രട്ടറി ശോഭാ സുരേന്ദ്രന് 1,36,492 വോട്ടാണ് ലഭിച്ചത്. സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭ പാലക്കാടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക