തൃശൂര്‍: രാഹുല്‍ ഗാന്ധിയുടെ കണ്ണൂര്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കിയതിനെച്ചൊല്ലി യുഡിഎഫില്‍ പോര്. കോണ്‍ഗ്രസ്-സിപിഎം ഒത്തുകളിയാണ് കണ്ണൂരിലെ പരിപാടി റദ്ദാക്കാന്‍ കാരണമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും ലീഗ് നേതൃത്വവും കരുതുന്നു.
16ന് കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ കാസര്‍കോട്ടെ പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കും. കണ്ണൂരില്‍ കൊല്ലപ്പെട്ട ലീഗ് പ്രവര്ത്തകന് അരിയില്‍ ഷുക്കൂറിന്റെ വീട്ടില്‍ എത്തുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ കണ്ണൂര്‍ ജില്ലയിലെ പരിപാടികള്‍ റദ്ദാക്കി.
കെ.സുധാകരന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇതില്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാവും വടകരയിലെ സ്ഥാനാര്‍ത്ഥിയുമായ പി.ജയരാജന് പ്രതിസ്ഥാനത്താണ്. ഷുക്കൂറിന്റെ വീട്ടില്‍ രാഹുല്‍ എത്തിയാല്‍ കേസിന് വീണ്ടും മാധ്യമ ശ്രദ്ധ കിട്ടും. ഇത് ജയരാജനേയും കണ്ണൂര്‍ നേതൃത്വത്തേയും പ്രതിരോധത്തിലാക്കും. അതിനാല്‍ കോണ്‍ഗ്രസ്- സിപിഎം നേതൃത്വങ്ങള്‍ ഒത്തുകളിച്ച് രാഹുലിന്റെ പരിപാടി റദ്ദാക്കുകയായിരുന്നുവെന്നാണ് സൂചന.
മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ രാഹുല്‍ കണ്ണൂര്‍, വയനാട് ജില്ലകളില്‍ പോകരുതെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയതായും സൂചനയുണ്ട്. കണ്ണൂരില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ രാഹുല്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം നല്കിയ റിപ്പോര്‍ട്ടാണിതെന്ന് സുധാകരന് ഉള്‍പ്പെടെയുള്ളവര്‍ കരുതുന്നു.
കണ്ണൂരിലെ പരിപാടി ഒഴിവാക്കിയതോടെ തൃശൂരില്‍ മല്‍സ്യത്തൊഴിലാളി പരിപാടിയില്‍ രാഹുല്‍ പങ്കെടുക്കും. ഇത്,തൃശൂരില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ കച്ചകെട്ടി കാത്തിരിക്കുന്ന ഡിസിസി പ്രസിഡന്റ് ടി.എന്‍. പ്രതാപന് ഉപകാരമായി. പ്രതാപനാണ് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സമ്മേളനം സംഘടിപ്പിക്കുന്നത്. തൃപ്രയാര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് പരിപാടി. കിട്ടിയ അവസരം മുതലാക്കി രാഹുലിനെ സ്വാധീനിച്ച് സീറ്റുറപ്പിക്കാനുള്ള നീക്കത്തിലാണ് പ്രതാപന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: