മലപ്പുറം: വിവാദ വ്യവസായിയും നിലമ്പൂര്‍ എംഎല്‍എയുമായ പി.വി. അന്‍വറിനെ പൊന്നാനിയില്‍ സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍ ആര്യാടന് മുഹമ്മദ്, പിണറായി വിജയന്, പി.കെ കുഞ്ഞാലിക്കുട്ടി സഖ്യം. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറിയ ആര്യാടന് മുഹമ്മദ് രാഷ്ട്രീയത്തില്‍ അപ്രസക്തനായെന്ന് കരുതിയവര്‍ക്കുള്ള തിരിച്ചടിയാണ് ഈ നീക്കം.
25 വര്‍ഷത്തോളം കയ്യടക്കി വെച്ചിരുന്ന നിലമ്പൂര്‍ മണ്ഡലത്തില്‍ മകനെ പ്രതിഷ്ഠിക്കാന്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്യാടന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം കാലുവാരിയതോടെയാണ് ആര്യാടന് ഷൗക്കത്ത് നിലമ്പൂരില്‍ തോറ്റത്. പിന്നീട് മലപ്പുറത്തെ കോണ്‍ഗ്രസിന്റെ അവസാന ശബ്ദമായ ആര്യാടന് മുഹമ്മദ് ഒരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നു.
മുസ്ലീം ലീഗിനെ എന്നും എതിര്ക്കുന്നയാളെങ്കിലും ആര്യാടന് പി.കെ. കുഞ്ഞാലിക്കുട്ടിയുമായി നല്ല ബന്ധമാണുള്ളത്. ഇവര്‍ ഇരുവരുമായി രാഷ്ട്രീയത്തിന് അതീതമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് മുഖ്യമന്ത്രി പിണറായി. ഈ മൂന്നുപേരുടെ പൊതുതാത്പര്യമാണ് പി.വി. അന്‍വറിന്റെ കാര്യത്തില്‍ നാടകീയമായ നീക്കത്തിന് വഴിവെച്ചത്.
മുസ്ലീം ലീഗില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും തമ്മിലുള്ള യുദ്ധം പരസ്യമായ രഹസ്യമാണ്. തനിക്ക് എന്നും ഭീഷണിയുയര്‍ത്തുന്ന ഇ.ടിയെ ഒതുക്കാന്‍ കുഞ്ഞാലിക്കുട്ടി ഒരു അവസരം കാത്തിരിക്കുമ്പോഴാണ് ലോക്സഭാ തെരഞ്ഞെടുപ്പ് എത്തിയത്. അന്‍വറിനെ നിര്‍ത്തിയതു വഴി പൊന്നാനിയില്‍ ഇ.ടി ക്ക് വലിയ വെല്ലുവിളിയുയര്‍ത്താന്‍ കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചു.
മകനെ എങ്ങനെയെങ്കിലും നിയമസഭയിലെത്തിക്കാന്‍ ശ്രമിക്കുന്ന ആര്യാടനും ലീഗിലെ അപ്രമാദിത്വം ഉറപ്പിക്കാന്‍ കുഞ്ഞാലിക്കുട്ടിയും സംയുക്തമായി തീരുമാനിച്ചപ്പോള്‍ ഇരുവരുടെയും പൊതുസുഹൃത്തായ പിണറായി പിന്തുണ നല്‍കുകയായിരുന്നു.
പൊന്നാനിയില്‍ അന്‍വര്‍ വിജയിച്ചാല്‍ സ്വാഭാവികമായി നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പുണ്ടാകും. അവിടെ ഷൗക്കത്തിനെ വിജയിപ്പിക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാനാണ് മൂവര്‍ സംഘത്തിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: