പത്രങ്ങളില്‍ നിന്ന്:
”പരീക്ഷാപ്പേടി എന്നത് കേവലം മാനസിക സംഘര്‍ഷം മാത്രമാണ്. വ്യക്തമായി ചിന്തിച്ചാല്‍ അതിന്റെ കാരണങ്ങളെ നാലായി തിരിക്കാം. കേവലം പരീക്ഷയെ മുന്‍നിര്‍ത്തി മാത്രം വിഭാവന ചെയ്യുന്ന പാഠ്യപദ്ധതിയുടെ അടുക്കും ചിട്ടയുമില്ലാത്ത അടിച്ചേല്പിക്കലാണ് കുട്ടികളില്‍ പരീക്ഷാക്കാലത്ത് പിരിമുറുക്കം സൃഷ്ടിക്കുന്നത്.”
ഒന്നാമത്തെയും മൂന്നാമത്തെയും വാക്യങ്ങളില്‍ ‘കേവലവും’- ‘മാത്ര’-വുമുണ്ട്. ഉദ്ദേശിച്ച അര്‍ത്ഥം കിട്ടാന്‍ ഇവയില്‍ ഒന്ന് മതി.
”പരീക്ഷാപേടി എന്നത് കേവലം മാനസിക സംഘര്‍ഷമാണ്.”- (ശരി)
”പരീക്ഷാപേടി എന്നത് മാനസിക സംഘര്‍ഷം മാത്രമാണ്”- (ശരി)
മൂന്നാമത്തെ വാക്യത്തില്‍ ഇതുപോലെ ‘കേവലം പരീക്ഷയെ മുന്‍നിര്‍ത്തി’- എന്നോ ‘പരീക്ഷയെ മുന്‍നിര്‍ത്തിമാത്രം’- എന്നോ ആക്കണം.
”അകാരണവും വികലവുമായ ചിന്താരീതികളുടെയും അശാസ്ത്രീയ കാഴ്ചപ്പാടുകളുടെയും പ്രകടമായ ആവിഷ്കാരഭാവനയാണ് പേടി.”-
വികലമായ വാക്യം പേടി ആവിഷ്കാരമോ ഭാവനയോ! എന്താണ് പ്രകടമായ ആവിഷ്കാരം? ഈ നിര്‍വചനം വായിച്ചാല്‍ ആരും ഒന്നുപേടിക്കും! പേടി എന്ന് മാത്രം പറഞ്ഞാല്‍ ഇതിലും നന്നായി കാര്യം മനസ്സിലാകും.
”നാലുദിവസത്തെ ആശങ്കകള്‍ക്കൊടുവില്‍ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപ്പിടിത്തത്തിനും വിഷപ്പുകയ്ക്കും ശമനം.”-
ആശങ്കകള്ക്കൊടുവിലാണോ, തീപ്പിടിത്തമുണ്ടായത്?
”നാലുദിവസത്തെ ആശങ്കകള്‍ ഒഴിഞ്ഞു. ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപ്പിടിത്തത്തിനും വിഷപ്പുകയ്ക്കും ശമനം.”
”ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപ്പിടിത്തത്തിനും വിഷപ്പുകയ്ക്കും ശമനം. നാലുദിവസത്തെ ആശങ്കകള്‍ ഇതോടെ അകന്നു.”
ഇങ്ങനെ പലവിധത്തില്‍ ഈ വാക്യം തിരുത്താം. അതിനു തയ്യാറല്ലെങ്കില്‍ ആശങ്കകള്‍ക്കൊടുവില്‍ എന്നുകഴിഞ്ഞ് കോമയെങ്കിലും ഇടണം.
”ഈ കഥകളില്‍ കുഞ്ഞുങ്ങളോടുള്ള സ്നേഹം അതി ഭയങ്കരമായി കാണുന്നുണ്ട്.”- കുഞ്ഞുങ്ങളോടുള്ള സ്നേഹത്തെ ഇത്ര പേടിക്കണോ? അര്‍ത്ഥം നഷ്ടപ്പെട്ട വാക്കാണ് ‘ഭയങ്കരം’. ‘കൂടുതലായി’-എന്നതിന് പകരമായാണ് ഇവിടെ അതിഭയങ്കരം പ്രയോഗിച്ചിരിക്കുന്നത്. ഇത് അതിഭയങ്കരമായ ശൈലിതന്നെ!
”വരുന്ന ഒരു വര്‍ഷത്തില്‍ സമ്പൂര്‍ണ്ണ മാലിന്യമുക്ത സംസ്ഥാനമെന്ന നേട്ടം കൈവരിക്കാനൊരുങ്ങുകയാണ് സംസ്ഥാനം.”- ‘സംസ്ഥാന’-ങ്ങളിലൊന്ന് ഒഴിവാക്കാം.
”ഒരു വര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ്ണ മാലിന്യമുക്ത സംസ്ഥാനമെന്ന നേട്ടം കൈവരിക്കാനൊരുങ്ങുകയാണ് കേരളം.”-
”അഴുകുന്ന മാലിന്യം കമ്പോസ്റ്റാക്കി വളമാക്കി ഉപയോഗിക്കുകയോ ബയോഗ്യാസാക്കി പാചകത്തിനോ ഉപയോഗിക്കാം.”-
‘ഉപയോഗം’ ഒന്ന് മതി.
”അഴുകുന്ന മാലിന്യം കമ്പോസ്റ്റാക്കി വളമയോ, ബയോഗ്യാസാക്കി പാചകത്തിനോ ഉപയോഗിക്കാം.”-
”പുന്നശ്ശേരി നമ്പിയില്നിന്നാണ് കുര്യാക്കോസ് സംസ്കൃതപഠനം നടത്തിയത്.”-
എന്തിനാണ് ഈ വളച്ചുകെട്ടല്‍?
”പുന്നശ്ശേരി നമ്പിയാണ് കുര്യാക്കോസിനെ സംസ്കൃതം പഠിപ്പിച്ചത്.”-
”പുന്നശ്ശേരി നമ്പിയില്നിന്നാണ് കുര്യാക്കോസ് സംസ്കൃതം പഠിച്ചത്.”-
‘നടത്തി’- കുറയ്ക്കുകയാണ് നല്ലത്.
”സൗദി ടൂറിസ്റ്റുകളുടെ വരവില്‍ വന്വര്ദ്ധനവരും.”-
പ്രാസഭംഗിക്കുവേണ്ടിയാവാം അവസാനം ‘വരും’- ചേര്‍ത്തത്. പക്ഷേ അതിലൊരു കൃത്രിമത്വം തോന്നും. ‘വര്‍ദ്ധനയുണ്ടാകും’- എന്ന പ്രയോഗമാണ് ഇവിടെ യോജിക്കുക.
ലേഖനങ്ങളില്‍ നിന്ന്
”വിവിധങ്ങളായ ചിന്തകളാലും യുക്തിവിചാരങ്ങളുമായി അങ്ങോട്ടുമിങ്ങോട്ടും നടന്നുനീങ്ങുന്ന നളന്, കാട്ടുതീയില്‍പെട്ട് വിലപിക്കുന്ന കാര്‍ക്കോടകനെ കാണുന്നു.”-
‘ചിന്തകളും യുക്തിവിചാരങ്ങളുമായി’- എന്നുവേണം
”അക്രമരാഷ്ട്രീയത്തില്‍ നൂറുകണക്കിന് യുവാക്കളാണ് ഇതിനകം മരിച്ചത്. ഒട്ടേറെപ്പേര്‍ ജീവശ്ശവങ്ങളായി കഴിയുന്നു.”-
‘ജീവശ്ശവം’- (തെറ്റ്) ‘ജീവച്ഛവം’- (ശരി)
പിന്കുറിപ്പ്:
വികലമായ ഭാഷയിലാണ് ഇന്ന് കൊണ്ടാടപ്പെടുന്ന പല രചനകളും എഴുതപ്പെട്ടിരിക്കുന്നതെന്ന് എത്രപേര്‍ നിരീക്ഷിച്ചിട്ടുണ്ട്. – വി.ആര്. സുധീഷ്.
സാരമില്ല വികലമായ ഭാഷയാണല്ലോ ഇന്ന് കൊണ്ടാടപ്പെടുന്നത്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: