ന്യൂദല്‍ഹി: വിശാല സഖ്യം പ്രതീക്ഷിച്ച കോണ്‍ഗ്രസ് പ്രതിപക്ഷ നിരയില്‍ ഒറ്റപ്പെടുന്നു. ഒരു സംസ്ഥാനത്തും കോണ്‍ഗ്രസ്സുമായി സഖ്യത്തിനില്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി വീണ്ടും വ്യക്തമാക്കി. നേരത്തെ കോണ്‍ഗ്രസ്സിനെ ഒഴിവാക്കി ഉത്തര്‍ പ്രദേശില്‍ എസ്പിയും ബിഎസ്പിയും സഖ്യം രൂപീകരിച്ചിരുന്നു. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബിഎസ്പിയുമായി ചേരാമെന്ന കോണ്‍ഗ്രസ്സിന്റെ മോഹമാണ് മായാവതി ഇപ്പോള്‍ നുള്ളിക്കളഞ്ഞത്. മധ്യപ്രദേശില്‍ രണ്ട് എംഎല്‍എമാരുള്ള ബിഎസ്പി, കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ ഈ പിന്തുണ ലോക്സഭയില്‍ വേണ്ടെന്നാണ് മായാവതിയുടെ നിലപാട്. യുപിയില്‍ പ്രിയങ്ക വാദ്രയെ ഇറക്കിയിട്ടും എസ്പിയും ബിഎസ്പിയും അവഗണിക്കുന്നതും കോണ്‍ഗ്രസ്സിന് കനത്ത തിരിച്ചടിയായിട്ടുണ്ട്.
ലോക്സഭക്കൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ആന്ധ്രാ പ്രദേശില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പാര്‍ട്ടിയായ ടിഡിപിയുടെ തീരുമാനം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം മത്സരിച്ച ടിഡിപി അടുത്തിടെയാണ് എന്‍ഡിഎ വിട്ടത്. തുടര്‍ന്ന് നായിഡു പ്രതിപക്ഷ സഖ്യത്തിനായി മുന്നില്‍നിന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു. തെലങ്കാനാ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് മത്സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു. 2014ല്‍ 16 സീറ്റുണ്ടായിരുന്ന ടിഡിപി രണ്ടിലൊതുങ്ങി. കോണ്‍ഗ്രസ് 19 ഇടത്തും ജയിച്ചു. ഇതാണ് കോണ്‍ഗ്രസ്സിനെ ഒഴിവാക്കാന്‍ ടിഡിപിയെ പ്രേരിപ്പിച്ചത്.
ദല്‍ഹി ഘടകത്തിന്റെ എതിര്‍പ്പ് കാരണം ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള രാഹുലിന്റെ ശ്രമവും വിജയിച്ചില്ല. മൂന്ന് വീതം സീറ്റുകളില്‍ മത്സരിച്ച് ബാക്കിയുള്ള ഒരിടത്ത് പൊതുസമ്മതനെ നിര്‍ത്താമെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ പ്രതീക്ഷ. എഎപി തയാറായിരുന്നെങ്കിലും പിസിസി അധ്യക്ഷ ഷീലാ ദീക്ഷിത് ഉള്‍പ്പെടെയുള്ള നേതാക്കള്‍ എതിര്‍ത്തു. ഇതോടെ ഏതാനും ദിവസങ്ങളായി ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ തമ്മില്‍ വാക്പോര് തുടരുകയാണ്.
കോണ്‍ഗ്രസ്സുമായി സഖ്യത്തിനില്ലെന്ന് തുറന്നടിച്ച് ആപ്പ് രംഗത്തെത്തി. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയില്‍ ഉള്‍പ്പെടെ ഷീലയെ കടന്നാക്രമിച്ച ആപ്പുമായി സഖ്യമുണ്ടാക്കുന്നത് നേതാക്കള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തതാണ് കാരണം. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സുമായി സഖ്യത്തിന് ശ്രമിച്ച കോണ്‍ഗ്രസ് ഒടുവില്‍ അപ്രസക്തരായ ഇടത് പാര്‍ട്ടികളുമായി കൈകോര്‍ക്കാന്‍ നിര്‍ബന്ധിതരായി. കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയില്ലാത്തതാണ് മറ്റ് പാര്‍ട്ടികളെ പിന്നോട്ട് വലിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: