കോട്ടയം: കോട്ടയത്ത് അഖിലേന്ത്യ നേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന സ്ഥാനാര്‍ഥി നിര്‍ണയ യോഗത്തെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി. മണ്ഡലതലത്തില്‍ അഭിപ്രായ രൂപീകരണത്തില്‍ കിട്ടിയ ലിസ്റ്റിലെ പേരുകള്‍ പരിശോധിച്ച് സാധ്യതാ സ്ഥാനാര്‍ഥിപട്ടിക ഏകകണ്ഠമായി കേന്ദ്ര കമ്മിറ്റിക്ക് ശുപാര്‍ശ ചെയ്യുകയായിരുന്നു.
കൊല്ലം, ആലപ്പുഴ, ചാലക്കുടി എന്നിവിടങ്ങളിലേക്ക് കേന്ദ്ര കമ്മിറ്റി സ്ഥാനാര്‍ഥികളുടെ പേരുകള്‍ ശുപാര്‍ശ ചെയ്‌തെന്ന വാര്‍ത്ത തെറ്റാണ്. ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയിലെ സ്ഥാനാര്‍ഥിത്വത്തില്‍ ഒന്നാംപേരുകാരന്‍ നിര്‍ദേശിക്കപ്പെട്ടെന്ന വാര്‍ത്തയും ശുദ്ധകളവാണ്. സി.കെ. പത്മനാഭന്‍ നടത്തിയ അഭിപ്രായ രൂപീകരണ റിപ്പോര്‍ട്ടിലെ പേരുകളാണ് മുന്‍ഗണനാക്രമത്തില്‍ കേന്ദ്ര കമ്മിറ്റിക്ക് ശുപാര്‍ശയായി നല്‍കിയത്. മാധ്യമങ്ങളിലൂടെ പുറത്തുവന്ന ഭൂരിപക്ഷം പേരുകളും വാര്‍ത്തകളും ശരിയല്ല. സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ ബിജെപി നടത്തിയ അഭിപ്രായ രൂപീകരണ യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്റെ പേര് ഒട്ടേറെ മണ്ഡലങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍, അദ്ദേഹത്തെ ഇകഴ്‌ത്തിക്കാട്ടി ചില മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണെന്ന് ബിജെപി പത്രക്കുറിപ്പില്‍ അറിയിച്ചു. സംസ്ഥാന കമ്മിറ്റി ശുപാര്‍ശ ചെയ്ത പേരുകളെക്കുറിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര കമ്മിറ്റിയാണ്. ഇതിനിടയില്‍ നിര്‍ദേശിക്കപ്പെട്ട സാധ്യതാപട്ടികയിലെ ഒന്നാം പേരുകാര്‍ക്ക് ജനസമ്പര്‍ക്കവും മറ്റ് അനൗപചാരിക പ്രചാരണങ്ങളും നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്.
















