കൊച്ചി: ശബരിമല വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് പി.സി. ജോര്‍ജ് എംഎല്‍എ. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ശക്തമായി സംസാരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ത് ചെയ്യുമെന്ന് അറിയണമല്ലോ എന്നും കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പി.സി. ജോര്‍ജ് പറഞ്ഞു.
എന്ത് പറയണം, എന്ത് പറയണ്ട എന്ന് തെരഞ്ഞെടുപ്പ് കമ്മീഷനല്ല നിശ്ചയിക്കുന്നത്. ജനാധിപത്യത്തെ കശാപ്പ് ചെയ്യാന്‍ കമ്മീഷന് അധികാരമില്ല. ശബരിമല വിഷയം മാത്രമല്ല, ഭരിക്കുന്ന പാര്‍ട്ടികളുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനുള്ള ബാധ്യത രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്കുണ്ട്. പ്രളയ ദുരന്തത്തിന് ശേഷം സര്‍ക്കാരിലേക്ക് ദുരിതാശ്വാസ ഫണ്ടായി ലഭിച്ച മൂവായിരത്തിലധികം കോടി രൂപ എന്ത് ചെയ്തുവെന്ന് കേരളത്തിലെ ജനങ്ങളോട് പറയാന്‍ പിണറായി വിജയന് ബാധ്യതയുണ്ട്. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കുള്ള വീട് നിര്‍മാണം ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നും ജോര്‍ജ് ചൂണ്ടിക്കാട്ടി.
പത്തനംതിട്ടയില്‍ മത്സരിക്കണമെന്നാണ് ആഗ്രഹം. നല്ല ഭൂരിപക്ഷത്തോടെ വിജയിക്കും. യുഡിഎഫും എല്‍ഡിഎഫും വിട്ട് ഒരു രാഷ്‌ട്രീയ പാര്‍ട്ടിക്ക് കേരളത്തില്‍ ഇടമുണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്നു. അംഗീകാരമുള്ള പ്രധാനമന്ത്രിയാണ് മോദി. കുമ്മനം രാജശേഖരന്‍ വളരെ നല്ല വ്യക്തിയാണെന്നുമാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
പി.ജെ. ജോസഫിന്റെ ഇപ്പോഴത്തെ ഗതിയില്‍ വളരെ ദുഃഖമുണ്ട്. ജോസഫിന് ഇനി രണ്ടു വഴികളാണ്. ഒന്നുകില്‍ പശുവിനെ കറന്ന് കാര്‍ഷിക വൃത്തിയുമായി മാന്യമായി ജീവിക്കാം. രാഷ്‌ട്രീയത്തിലാണ് നില്‍ക്കുന്നതെങ്കില്‍ കെ.എം. മാണി കാണിക്കുന്ന നെറികേടിനെ ചോദ്യം ചെയ്യണം.
മാണി പാര്‍ട്ടിയിലെ ഓരോരുത്തരെയും ഇല്ലാതാക്കുമ്പോള്‍ ചിരിച്ചു നില്‍ക്കുകയായിരുന്നു ജോസഫ്. ഇപ്പോള്‍ ജോസഫിനും കിട്ടേണ്ട സമയത്ത് കിട്ടി. മാണി ഇപ്പോള്‍ ഒന്നുമല്ലാത്ത അവസ്ഥയിലാണ്. ചെവി കേള്‍ക്കാനും കണ്ണ് കാണാനും വയ്യ.
ജോസ് .കെ. മാണിയെ രാഷ്‌ട്രീയക്കാരനായിട്ട് കാണുന്നില്ല. പാര്‍ട്ടിയില്‍ ഊളത്തരമാണ് അയാള്‍ കാണിച്ചുവെക്കുന്നത്. ജോസഫ് പാര്‍ട്ടി വിട്ട് കോട്ടയത്ത് മത്സരിക്കണമെന്നും മത്സരിച്ചാല്‍ പിന്തുണക്കണോ വേണ്ടയോ എന്ന കാര്യം പാര്‍ട്ടി ആലോചിക്കുമെന്നും ജോര്‍ജ് പറഞ്ഞു.
















