പൊതുപരീക്ഷകളുടെ ഒരു കാലഘട്ടംകൂടി കടന്നുവരുമ്പോള്‍ സമൂഹവും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പേടിയോടെ വിവക്ഷിച്ചിരുന്ന പരീക്ഷാപ്പേടി എന്ന വികാരം പടിക്ക് പുറത്താകുന്ന ചില കാഴ്ചകളാണ് കാണാന്‍ കഴിയുന്നത്. പണ്ടുമുതലേ പൊതുപരീക്ഷകളില്‍ വിജയം നേടേണ്ടതിന്റെ പ്രാധാന്യം മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക് പറഞ്ഞു മനസിലാക്കി കൊടുത്തിരുന്നു. മറ്റ് പരീക്ഷകളില്‍നിന്നു വ്യത്യസ്തമായി നടത്തിപ്പില്‍ ചില പ്രത്യേകതകള്‍ ഉണ്ടെന്നൊഴിച്ചാല്‍ പൊതുപരീക്ഷകളില്‍ എന്താണ് ഭയക്കാനുള്ളത്? ഒന്നുമില്ല. പക്ഷേ നമ്മുടെ മുന്‍തലമുറയും നമ്മളുള്‍പ്പെടെയുള്ളവരും കുട്ടികളില്‍ ഇങ്ങനെയൊരു ഭയാശങ്ക വളര്‍ത്തികൊണ്ടുവന്നു. പത്താംക്‌ളാസ് ഉള്‍പ്പെടെയുള്ള പൊതുപരീക്ഷകള്‍ ഏതൊ വലിയ കടമ്പയാണ് എന്ന തരത്തില്‍ നമ്മുടെ ഉപബോധമനസില്‍ കോറിയിട്ടതു മായാതെകിടക്കുന്നുണ്ട്. അതുകൊണ്ടാണ് ഇത്തരം ഭയാശങ്കകള്‍ നമ്മളെ പിന്തുടരുന്നത്. എന്നാല്‍ കഥമാറി.
സ്‌കൂള്‍ ക്‌ളാസുകളില്‍ പരീക്ഷാസമ്പ്രദായം ഒഴിവാക്കിയതുമുതല്‍ ബഹുഭൂരിപക്ഷം കുട്ടികള്‍ക്കും ചെറിയ ക്‌ളാസ്മുതല്‍ പരീക്ഷാപ്പേടി ഇല്ലാ എന്നുതന്നെ പറയാം. പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്ക് ഉപരി വിദ്യാഭ്യാസത്തിനു പ്രയോജനം ചെയ്യുമെങ്കിലും ജീവിതവിജയം ഈ പരീക്ഷയുടെ മാര്‍ക്കിനെ അടിസ്ഥാനമാക്കി വിലയിരുത്താന്‍ പാടില്ല. അത് നമ്മുടെ കുട്ടികളെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വം സമൂഹം ഏറ്റെടുക്കണം. ഈ വേളകളില്‍ കുട്ടികള്‍ക്ക് ആത്മവിശ്വാസവും ശുഭാപ്തിവിശ്വാസവും പകര്‍ന്നുനല്‍കുകയാണ് അദ്ധ്യാപകരും രക്ഷിതാക്കളും ചെയ്യേണ്ടത്. അല്ലാതെ ഭയപ്പെടുത്തുകയല്ല. പൊതുപരീക്ഷകളില്‍ വളരെകുറഞ്ഞ നിലവാരം പുലര്‍ത്തിയ എത്രയോപേര്‍ പില്‍ക്കാലത്ത് ഉന്നതങ്ങളില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തരം പരീക്ഷകളില്‍ കുട്ടികള്‍ക്കായി ചില മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്. നമ്മുടെ സ്‌കൂളുകളില്‍ ഇപ്പോള്‍ വിദ്യാഭ്യാസവകുപ്പിന്റെയും മറ്റ് സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ പ്രചോദനക്‌ളാസുകളും പരീക്ഷാപ്പേടി ഇല്ലാതാക്കുന്നതിനും മറ്റുമായി വിവിധ ക്‌ളാസുകളും നടന്നുവരുന്നത് ആശ്വാസകരമാണ്. എന്നാല്‍ ഇത് കൂടുതലും പരീക്ഷയോടടുപ്പിച്ചുള്ള ദിവസങ്ങളിലാണ് നടത്താറ്. അധ്യയന വര്‍ഷാരംഭത്തില്‍ത്തന്നെ ഇത്തരത്തിലുള്ള ക്‌ളാസുകള്‍ സംഘടിപ്പിച്ചാല്‍ കുറേകൂടി ഫലം ചെയ്യുമെന്നുള്ളത് ഉറപ്പാണ്.
പരീക്ഷയെ അഭിമുഖീകരിക്കുന്നവര്‍ക്കായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ മാത്രം താഴെ സൂചിപ്പിക്കാം.
പരീക്ഷയ്‌ക്ക് മുന്‍പ് ശ്രദ്ധിക്കേണ്ടത്
- ഏകാഗ്രതയ്‌ക്കും മനശാന്തിക്കും വേണ്ടി ദിവസവും പത്തുമിനിറ്റ് പ്രാണായാമം നടത്തുക.
- പഠനത്തിലും സമയക്രമത്തിലും പഠനമേശയിലും അടുക്കും ചിട്ടയും പാലിക്കുക.
- മടി ഒഴിവാക്കാന്‍, പരീക്ഷയില്‍ ഉന്നതവിജയം നേടിയാലുണ്ടാകുന്ന പ്രയോജനങ്ങളെകുറിച്ച് ചിന്തിക്കുക
- പഠനമുറിയില്‍ ശുദ്ധവായുവും നല്ല വെളിച്ചവും ഉറപ്പാക്കുക
- പതിവില്‍ കൂടുതല്‍ ഉറക്കമൊഴിക്കുന്നത് ഒഴിവാക്കുക
- പരീക്ഷയില്‍ നല്ല വിജയംനേടുന്ന രംഗം മനസ്സില്‍ എപ്പോഴും കാണുക.
- മാതൃകാചോദ്യങ്ങള്‍ കൂടുതല്‍ പരിശീലിക്കുക
- ഓരോ മണിക്കൂറിലും അഞ്ച് മിനിറ്റുസമയം ഇടവേള എടുക്കുകയും ഇളം ചൂടുവെള്ളം കുടിക്കുകയും ചെയ്യുക.
- ഈ കാലയളവില്‍ പുറത്തുനിന്നുള്ളതും ദഹിക്കാന്‍ പ്രയാസമുള്ളതുമായ ഭക്ഷണം ഒഴിവാക്കുക.
- മൊബൈലില്‍നിന്നും ടിവിയില്‍നിന്നും പൂര്‍ണമായും ഒഴിഞ്ഞുനില്‍ക്കുക.
- മറവി ഒഴിവാക്കാന്‍ ഓരോ ദിവസവും, മുന്‍പ് പഠിച്ച പാഠഭാഗങ്ങളുടെ ചെറുകുറിപ്പുകള്‍ മറിച്ച് നോക്കുക (ഓരോ വിഷയത്തിന്റെയും പ്രധാനപ്പെട്ട ഭാഗങ്ങള്‍ ചെറുകുറിപ്പുകളായി തയാറാക്കുക )
- ശാരീരികവും മാനസികപരവുമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക.
- ഒഴിവാക്കിയ പാഠഭാഗങ്ങള്‍ പഠിക്കുന്നതിനേക്കാള്‍ നല്ലത് പഠിച്ച ഭാഗങ്ങള്‍ കൂടുതല്‍ ഹൃദിസ്ഥമാക്കുന്നതാകും.
- അവസാന സമയങ്ങളില്‍ പുതിയ ഗൈഡുകളോ മറ്റ് പഠസഹായികളോ ഉപയോഗിക്കരുത്.
- പഠിക്കേണ്ടത് ഒന്നും നാളത്തേക്ക് മാറ്റി വെയ്‌ക്കാതിരിക്കുക.
- അദ്ധ്യാപകര്‍ വിഷയങ്ങള്‍ പഠിപ്പിക്കുന്ന രംഗങ്ങള്‍ പരിശീലിക്കുക.
- ഈ സമയങ്ങളില്‍, കൂട്ടുകാരുമായി ‘എന്തൊക്കെപഠിച്ചു ഏതുവരെപഠിച്ചു എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ഒഴിവാക്കുക.
പരീക്ഷാസമയം ശ്രദ്ധിക്കേണ്ടത്
- എന്നും എഴുന്നേല്‍ക്കുന്ന സമയത്ത് എഴുന്നേല്‍ക്കുക
- പരീക്ഷ ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് സ്‌കൂളിലെത്തുക. (ഗതാഗത ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാന്‍)
- കൂട്ടുകാരുമായുള്ള താരതമ്യപഠനം, ചര്‍ച്ച ഇവ ഒഴിവാക്കുക.
- ആദ്യ ബെല്ലിനു പത്ത് മിനിറ്റ് മുന്‍പേ പാഠപുസ്തകം അടച്ചുവെക്കുക.
- ഉത്സവാഘോഷവേളകളില്‍ നമുക്ക് ഉണ്ടാകുന്ന അതേ മാനസികാവസ്ഥയോടെ, പുഞ്ചിരിക്കുന്ന മുഖവുമായി പരീക്ഷാഹാളിലേക്ക് പ്രവേശിക്കുക.
- അഞ്ച് മിനിറ്റ് കണ്ണടച്ചിരുന്ന് മനസിനെ ഏകാഗ്രമാക്കുക.
- പരീക്ഷയ്‌ക്ക് മുന്നേ ലഭിക്കുന്ന പതിനഞ്ച് മിനിറ്റും പ്രയോജപ്പെടുത്തുക.
- ചോദ്യപ്പേപ്പര്‍ കിട്ടിയ ഉടന്‍ മനസിരുത്തി വായിക്കുക.
- ഏറ്റവും നല്ലവണ്ണം അറിയാവുന്ന ചോദ്യങ്ങള്‍ പെന്‍സില്‍ കൊണ്ട് അടയാളപ്പെടുത്തുക.
- ഓരോ ചോദ്യത്തിനും മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ സമയം വീതിച്ച് നല്‍കുക. (ചില കുട്ടികള്‍ കുറഞ്ഞ മാര്‍ക്കിന്റെ ചോദ്യങ്ങള്‍ക്ക് കൂടുതല്‍ സമയം ചിലവഴിക്കുന്നതിനാല്‍ കൂടുതല്‍ മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതാന്‍ സമയം ലഭിക്കാതെവരുന്നു)
- ആദ്യപേജില്‍ ഏറ്റവും നല്ലവണ്ണം അറിയാവുന്ന ചോദ്യം ഏറ്റവും വൃത്തിയായി എഴുതുക.
- പരീക്ഷയില്‍മാത്രം ശ്രദ്ധിക്കുക. മറ്റുള്ളവരെ ശ്രദ്ധിക്കാതിരിക്കുക.
- അവസാന പരീക്ഷ കഴിയുന്നതുവരെ കൂട്ടുകാരുമായി, നടന്ന പരീക്ഷകളുടെ ‘പോസ്റ്റ്മാര്‍ട്ടം’ നടത്താതിരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: