ഒന്‍പത് മാസത്തെയും ഒന്‍പത് ദിവസത്തെയും ഇടവേളയ്ക്ക് ശേഷം കുമ്മനം രാജശേഖരന് സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുകയാണ്. ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചതിന് ശേഷം ദല്‍ഹി മിസോറാം ഭവനില്‍ ആദ്യമായി നടത്തിയ പത്രസമ്മേളനത്തില്‍ ‘കേരളത്തിന്റെ രാജേട്ടന്’ നിലപാട് വ്യക്തമാക്കുന്നു.
? താത്പര്യമില്ലാതെയാണ് ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുത്തതെന്ന് പറയപ്പെട്ടിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണോ രാജി
കേരളത്തിന് വേണ്ടി പ്രവര്‍ത്തിക്കാനാണ് ആഗ്രഹം. സംഘടനാ പ്രവര്‍ത്തനത്തിനായി മുഴുവന്‍ സമയവും സമര്‍പ്പിച്ചതാണ്. അതുകൊണ്ട് തന്നെ പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കും. പദവികള്‍ ആഗ്രഹിക്കുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. ഇപ്പോള്‍ മടങ്ങേണ്ട സമയമാണെന്ന് പലരും പറഞ്ഞു. എനിക്കും തോന്നി. കേന്ദ്ര നേതൃത്വം സമ്മതം നല്‍കിയതോടെയാണ് തിരിച്ചുവരുന്നത്.
? പുതിയ ഉത്തരവാദിത്വങ്ങളെക്കുറിച്ച്
എന്ത് ചുമതല നല്കിയാലും ഏറ്റെടുക്കും. ചുമതല നല്കിയില്ലെങ്കിലും സന്തോഷം മാത്രമേയുള്ളൂ. ഒരുപാധിയുമില്ലാതെയാണ് മടക്കം.
? തിരുവനന്തപുരത്ത് ആര്‍എസ്എസ് പട്ടികയില്‍ താങ്കളുടെ പേര് മാത്രമേ ഉള്ളൂവെന്നും കേള്‍ക്കുന്നുണ്ട്.
ഞാനും കേള്‍ക്കുന്നുണ്ട്. എന്നോട് ചോദിച്ചിട്ടില്ല.
? ബിജെപി അധ്യക്ഷനും പറഞ്ഞത് തിരുവനന്തപുരമെന്നാണ്
അധ്യക്ഷന്‍ അങ്ങനെ പറഞ്ഞാല്‍ അനുസരിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്.
? ശബരിമലയാകുമോ ബിജെപിയുടെ പ്രധാന തെരഞ്ഞെടുപ്പ് വിഷയം
വിശ്വാസം, വികസനം, വിമോചനം എന്ന മുദ്രാവാക്യമാണ് ഉയര്‍ന്നുവരാന്‍ പോകുന്നത്. വിശ്വാസം സംരക്ഷിക്കപ്പെടണം. വികസനം ഉണ്ടാകണം. ഇരുമുന്നണികളുടെയും ദുര്‍ഭരണത്തില്‍നിന്നും കേരളത്തെ മോചിപ്പിക്കണം. മതസ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും കേരളത്തിന് നഷ്ടപ്പെടുന്നുവെന്നാണ് ശബരിമല വ്യക്തമാക്കുന്നത്. ഏതെങ്കിലും വിഭാഗത്തിന്റെ മാത്രം വിഷയമല്ല ഇത്. എല്ലാ മതസ്ഥരുടെയും ആരാധനയിലും സങ്കല്‍പ്പങ്ങളിലും കടന്നുകയറ്റം ഉണ്ടാകാന്‍ പോകുന്നു. ദേവസ്വം ആക്ട് പോലെ ചര്‍ച്ച് ആക്ട് നടപ്പാക്കി ക്രൈസ്തവ ദേവാലയങ്ങളുടെ ഭരണത്തിലും കൈകടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ചര്‍ച്ച് ആക്ട് നടപ്പിലാക്കരുതെന്ന് പറയുന്നത് അതുകൊണ്ടാണ്. ക്ഷേത്രങ്ങളെ സര്‍ക്കാരിന്റെ പിടിയില്‍നിന്നും മോചിപ്പിക്കണം. ദേവസ്വം ആക്ടും ഇല്ലാതാക്കണം. മതസ്വാതന്ത്ര്യം എല്ലാവര്ക്കും ഉണ്ടാകണം.
നിരീശ്വരവാദികളായ ഞങ്ങള്‍ പറയുന്നത് എല്ലാവരും അനുസരിക്കണമെന്ന് അടിച്ചേല്‍പ്പിക്കുകയാണ്. ശബരിമലയില്‍ പോകുന്നവര്‍ പ്രത്യേക ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരുന്നവരാണ്. ആ സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കണം. വൈവിധ്യമാണ് നിലനില്‍ക്കേണ്ടത്. യൂണിറ്റി ഇന്‍ ഡൈവേഴ്സിറ്റി എന്നതല്ല, യൂണിറ്റി ഇന്‍ യൂണിഫോമിറ്റിയാണ് കമ്യൂണിസ്റ്റുകളുടെ ലക്ഷ്യം. എല്ലാ ക്ഷേത്രങ്ങളിലും ഒരേ ആചാരം മതിയെന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. പറശ്ശിനിക്കടവിലെ ആചാരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പറ്റില്ല.
? ശബരിമല പ്രക്ഷോഭം ബിജെപിയെ സഹായിക്കുമോ
ജനങ്ങളുടെ വികാരം പ്രതിഫലിപ്പിക്കാനുള്ള അവസരമാണ് തെരഞ്ഞെടുപ്പ്. അവര്‍ അത് പ്രതിഫലിപ്പിക്കുക തന്നെ ചെയ്യും. സമരത്തെ രാഷ്ട്രീയമായി നേരിടുകയാണ് സര്‍ക്കാര്‍ ചെയ്തത്. അതുകൊണ്ടാണ് ആയിരക്കണക്കിനാളുകളെ അറസ്റ്റ് ചെയ്തത്. വിശ്വാസികളെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ ഇട്ടിരിക്കുകയാണ്. സന്നിധാനത്ത് ശരണം വിളിച്ചതാണ് കുറ്റം. ഇത്രയും ദീര്‍ഘകാലം കേരളത്തില്‍ ജനങ്ങള്‍ സമരത്തിനിറങ്ങിയ മുന്‍ അനുഭവം ഉണ്ടായിട്ടില്ല. സ്ത്രീകളും യുവാക്കളും തെരുവിലിറങ്ങി നടത്തിയ ഇതുപോലൊരു സമരം കമ്യൂണിസ്റ്റ് പാര്‍ട്ടിക്കോ കോണ്‍ഗ്രസ്സിനോ അവകാശപ്പെടാന്‍ സാധിക്കില്ല. രാഷ്ട്രീയവും സാമൂഹികവും ആധ്യാത്മികവുമായ മാനം ശബരിമല വിഷയത്തിനുണ്ട്.
? കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാത്തത് എന്താണ്
പുനപ്പരിശോധനാ ഹര്‍ജിയില്‍ വിധി വരട്ടെ. വിശ്വാസം സംരക്ഷിക്കാന്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ അനിവാര്യമാണെങ്കില്‍ തീര്‍ച്ചയായും ആവശ്യപ്പെടും. ഓര്‍ഡിനന്‍സാണ് പരിഹാരമെങ്കില്‍ കൊണ്ടുവരണമെന്ന് പറയും.
? ശബരിമല വിഷയം ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെടുത്തുമോ
ന്യൂനപക്ഷങ്ങള്‍ ശബരിമലക്കെതിരാകുന്നത് എങ്ങനെയാണ്? ശബരിമല അവിടെപ്പോകുന്ന വിശ്വാസികളുടെ വിഷയമാണ്. അവരോട് കാട്ടിയ അനീതി മറ്റ് മതസ്ഥരോടും ഉണ്ടാകരുത്. ഈ ദുര്യോഗം ഇവിടത്തെ ക്രിസ്ത്യാനികളോ മുസ്ലിങ്ങളോ അനുഭവിക്കാന്‍ ഇടവരരുത്. അതിന് ഇപ്പോഴത്തെ ഈ അതിക്രമം തടഞ്ഞേ പറ്റു. മതസ്വാതന്ത്ര്യത്തിന് മേലുള്ള കൈയേറ്റമാണ് സര്‍ക്കാര്‍ നടത്തുന്നത്.
? ന്യൂനപക്ഷങ്ങളുടെ വോട്ട് ബിജെപിക്ക് കിട്ടുമോ
സംശയമെന്താണ്. ന്യൂനപക്ഷങ്ങള്‍ക്ക് ഏറ്റവുമധികം പദ്ധതികള്‍ നടപ്പാക്കിയതും ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഏറ്റവുമധികം സൗകര്യങ്ങള്‍ ചെയ്ത് നല്കിയതും മോദി സര്‍ക്കാരാണ്.
? കേരളത്തില്‍ ആരൊക്കെ തമ്മിലാണ് മത്സരം
ത്രികോണ മത്സരമാണ്. ഇത് ഇങ്ങനെ മുന്നോട്ട് പോയാല്‍ ബംഗാളില്‍ കോണ്‍ഗ്രസ്സും സിപിഎമ്മും ഒരു കൈയില്‍ രണ്ട് കൊടിയും പിടിച്ച് നടക്കുന്നത് കേരളത്തിലും കാണാം. ബിജെപിയെ തോല്‍പ്പിക്കുകയാണ് ലക്ഷ്യമെന്ന് പിണറായി പറഞ്ഞത് ഇതിന്റെ തുടക്കമാണ്.
? മിസോറാമിലെ അനുഭവങ്ങള്‍
ഗവര്‍ണറെന്ന നിലയില്‍ നന്നായി പ്രവര്‍ത്തിക്കാന്‍ സാധിച്ചുവെന്നാണ് വിശ്വസം. അനുഭവങ്ങള്‍ എക്കാലവും പ്രചോദനമാണ്. മൂന്ന് സ്വയംഭരണ ജില്ലകള്‍ നേരിട്ട് ഭരിക്കാനുള്ള അവസരം ലഭിച്ചു. വികസന പിന്നാക്കാവസ്ഥയുള്ള അവിടെയൊക്കെ റോഡിലൂടെ എത്തിപ്പെടണമെങ്കില്‍ ഒരു ദിവസം വേണം. അവര്‍ക്ക് വികസനവും പുരോഗതിയും ഉറപ്പ്വരുത്തുന്ന നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചു. അതില്‍ അഭിമാനവും ചാരിതാര്‍ത്ഥ്യവുമുണ്ട്.
? ഗവര്‍ണറാക്കിയപ്പോള്‍ പ്രതിഷേധമുണ്ടായിരുന്നല്ലോ
ഏതാണ്ട് ഒരുമാസക്കാലം ഉണ്ടായിരുന്നു. അവരോടുള്‍പ്പെടെ സൗഹൃദം സ്ഥാപിക്കാന്‍ സാധിച്ചു.
? സമൂഹമാധ്യമങ്ങളില്‍ ആഘോഷിക്കപ്പെടുന്ന വ്യക്തിയാണ്
അതെ, കുറച്ചുനാളായി ദാരിദ്ര്യത്തിലാണ്. (ചിരി).
? തിരിച്ചുവരവ് ട്രോളന്മാര്ക്ക് ഊര്‍ജ്ജം പകരുമോ
അതവര് തീരുമാനിക്കട്ടെ. എന്നെ സംബന്ധിച്ച് ആര് എന്ത് ചെയ്താലും തൃപ്തനാണ്.
? ട്രോളുകള്‍ അധിക്ഷേപിക്കുന്ന തരത്തിലാകാറുണ്ട്. നിയമ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണ്
എന്തെങ്കിലും വിഷമമോ പ്രതിഷേധമോ തോന്നിയാലല്ലേ നമ്മള് അെതക്കുറിച്ച് ആലോചിക്കേണ്ടതുള്ളൂ. അവരെങ്കിലും നമ്മളെ ഓര്‍ക്കുന്നുണ്ടല്ലോ. എതിര്‍ക്കുന്നവരോടും വിമര്‍ശിക്കുന്നവരോടും വിരോധം തോന്നേണ്ട കാര്യമില്ല. ഇതൊക്കെ ഒരു പോസിറ്റീവ് എനര്‍ജിയാണ് നല്‍കുന്നത്.
? കടകംപള്ളിക്ക് മറുപടി
കടിച്ചതും പിടിച്ചതും ഉണ്ടാവില്ലെന്നാണ് കടകംപള്ളി സുരേന്ദ്രന്റെ അവഹേളനം. സംശുദ്ധരാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവര്‍ എന്തെങ്കിലും കടിക്കാനോ പിടിക്കാനോ അല്ല പ്രവര്‍ത്തിക്കുന്നത്. കടകംപള്ളിയുടെ രാഷ്ട്രീയ സങ്കല്‍പ്പം അതായിരിക്കും. അതിനായിരിക്കും അദ്ദേഹം രാഷ്ട്രീയ രംഗത്തേക്ക് വന്നതും. മൂല്യാധിഷ്്ഠിത രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് സംശുദ്ധമായ ഹൃദയത്തോടെയാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. തോല്‍ക്കുകയോ ജയിക്കുകയോ അല്ല, ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് പ്രധാനം. ജനങ്ങള്‍ക്കൊപ്പമാണോ എന്നത് മാത്രമാണ് മാനദണ്ഡം.
എന്റെ രാജി ഭരണഘടനാ സ്ഥാപനത്തോട് കാട്ടിയ അനീതിയെന്നാണ് സിപിഐ നേതാവ് രാജ പറയുന്നത്. ഞാന്‍ രാജിവെച്ചിട്ടാണ് മത്സരിക്കുന്നത്. അതില്‍ ഭരണഘടനാപരമായ ഒരു അവഹേളനവുമില്ല. ഇടതുമുന്നണി എംഎല്‍എമാരെ മത്സരിപ്പിക്കുന്നതില്‍ എന്താണ് രാജയ്ക്ക് പറയാനുള്ളത്. എംഎല്‍എ സ്ഥാനം രാജിവെച്ച് മത്സരിച്ച് ആ മണ്ഡലങ്ങളില്‍ ഇതോടൊപ്പം തെരഞ്ഞെടുപ്പ് നടത്തുകയാണ് വേണ്ടത്. ഇടതുപക്ഷത്തിന്റെ വളര്‍ച്ച മുരടിച്ചുവെന്നാണ് സിറ്റിംഗ് എംഎല്‍എമാരെ മത്സരിപ്പിക്കുന്നതിലൂടെ വ്യക്തമാകുന്നത്. തൊഴുത്തുമാറ്റി കെട്ടിയിട്ട് എന്ത് കാര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: