തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് അങ്കം കുറിച്ചതോടെ രാഷ്ട്രീയ കേരളത്തിന് ഇക്കുറി ചര്‍ച്ച ചെയ്യാന്‍ ബഹുവിശേഷങ്ങള്‍. ആവനാഴിയിലെ അമ്പുകള്‍ക്ക് ദാരിദ്ര്യമില്ല. പ്രചാരണ വിഷയങ്ങള്‍ രാജ്യാതിര്‍ത്തിയും കടന്നു മുന്നേറുമ്പോള്‍ ബലാക്കോട്ടില്‍ വ്യോമസേന വര്‍ഷിച്ച ബോംബുകളേക്കാള്‍ ശക്തിയേറും വാക്യുദ്ധത്തിന്.
അതിര്‍ത്തി കടന്ന മിന്നലാക്രമണവും ‘എല്‍ഡിഎഫ് വരും എല്ലാം ശരിയാകും’ മുതല്‍ ശബരിമലയും നവോത്ഥാന മതിലും, പാക്കിസ്ഥാന് പിടികൂടിയ വൈമാനികനെ തിരികെ കൊണ്ടുവന്നതുമൊക്കെ ചൂടേറിയ ചര്‍ച്ചകളില്‍ സ്ഥാനം പിടിക്കും.
പാഴായ പരസ്യ വാചകം
”എല്‍ഡിഎഫ് വരും എല്ലാ ശരിയാകും” എന്ന മുദ്രാവാക്യം ഇപ്പോള്‍ അവര്‍ പോലും പറയാന്‍ മടിക്കുന്നതായിരിക്കും ലോക്സഭാ തെരഞ്ഞെടുപ്പ്. ഈ മുദ്രാവാക്യം അക്ഷരാര്‍ത്ഥത്തില്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത് പ്രതിപക്ഷ കക്ഷികളാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഓരോ ഭരണവീഴ്ചയിലും ഈ മുദ്രാവാക്യം ഇതിനകം ചര്‍ച്ച ചെയ്യപ്പെട്ടു. ഓരോ രാഷ്ട്രീയ കൊലപാതകത്തിലും കേരള ജനത ഏറ്റുപാടി എല്‍ഡിഎഫ് വന്നു എല്ലാപേരെയും ശരിയാക്കി.
അതോടൊപ്പം എല്‍ഡിഎഫ് വരുമ്പോള്‍ സമ്പൂര്‍ണ മദ്യനിരോധനം എന്ന ചലച്ചിത്ര നടി കെപിഎസി ലളിതയുടെ പരസ്യ വാചകം അമ്മമാര്‍ മറക്കാനിടയില്ല. വനിതകളുടെ ശാക്തീകരണത്തിന് മുന്നിട്ടിറങ്ങിയവര്‍, നടി പീഡനത്തിനരയായപ്പോള്‍ മൗനം പാലിച്ച സംഘടനാനേതാവ് വീണ്ടും സ്ഥാനാര്‍ത്ഥിയാകുന്നതു മുഖ്യവിഷയമായി കടന്നു വരാം.
വിശ്വാസം ചര്‍ച്ചയാവുന്ന തെരഞ്ഞെടുപ്പ്
ആക്ടിവിസത്തിനു വേണ്ടി വിശ്വാസത്തെ അട്ടിമറിച്ചതാണ് തെരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന പ്രധാന വിഷയം. വിശ്വാസത്തിന് എതിരല്ലെന്ന് പറയുന്ന സംസ്ഥാന സര്‍ക്കാര്‍ നവോത്ഥാന മതില് നിര്‍മിച്ച് പിറ്റേദിവസം ആക്ടിവിസ്റ്റുകളെ ശബരിമലയില്‍ കയറ്റി ലക്ഷക്കണക്കിന് വിശ്വാസികളുടെ മനസ്സിന് മുറിവേല്‍പ്പിച്ചു. ഇതിനെ ശക്തിയുക്തം എതിര്‍ത്ത എന്‍എസ്എസിന്റെ കരയോഗം ഓഫീസുകളില്‍ റീത്ത് വച്ച് അധിക്ഷേപിച്ചു. ഒത്തുതീര്‍പ്പിന് തയാറാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞിട്ടും അയയാത്ത എന്‍എസ്എസ് നിലപാട് തുറന്ന ചര്‍ച്ചയാകും.
അമ്മമാരുടെ ദീന രോദനവും കര്‍ഷക ആത്മഹത്യയും
അമ്മമാരുടെ ദീനരോധനത്തിന് അറുതിവരാതെ തുടരുന്ന രാഷ്ട്രീയകൊലപാതകത്തിന് ആയിരം ദിനത്തിലെ ഭരണനേട്ടത്തിലും അറുതി വരുത്താന്‍ സാധിച്ചില്ല. പറഞ്ഞതെല്ലാം ചെയ്തു നിറഞ്ഞു. ഇനി നവകേരള നിര്‍മ്മാണം എന്ന സര്‍ക്കാരിന്റെ പരസ്യവാക്യം സംസ്ഥാനമെങ്ങും സ്ഥാനം പിടിച്ചപ്പോഴും പ്രളയദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടത് പുനര്‍ നിര്‍മിക്കാന്‍ വൃക്കവില്‍ക്കാന്‍ തയാറായ ഗൃഹനാഥന്റെ അവസ്ഥയും ചര്‍ച്ചാ വേദികളില്‍ എത്തും. കര്‍ഷകരക്ഷയ്ക്ക് ലോങ് മാര്‍ച്ച് നടത്തിയവര്‍ ഭരിക്കുന്നിടത്ത് ഉണ്ടായ കര്‍ഷക ആത്മഹത്യയുടെ കണക്കുകള്‍ പ്രചരണ വേദികളില്‍ എണ്ണിനിരത്തും.
മധുവും ശ്രീജിത്തും കടന്നുവരും
ഉത്തരേന്ത്യയിലെ എല്ലാ കൊലപാതകങ്ങളെയും രാഷ്ട്രീയ വല്ക്കരിച്ചപ്പോള് വിശന്നു വലഞ്ഞ് ഭക്ഷണമുണ്ടാക്കാന്‍ അരിയെടുത്ത വനവാസി മധുവിനെ തല്ലിക്കൊന്ന ചിത്രവും മറക്കാനിടയില്ല. പൗരന്റെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ട പോലീസ് വീട്ടില്‍ നിന്ന് വിളിച്ചിറിക്കി മര്‍ദ്ദിച്ച് കൊന്ന ശ്രീജിത്, ദുരഭിമാനക്കൊലയ്ക്ക് ഇരയായ കെവിന്, അതിന് സഹായം നിന്ന പോലീസും, നെഹ്റു കോളേജില്‍ പീഡനത്തിന് ഇരയായി മരിച്ച വിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ നടുറോഡില്‍ പോലീസ് വലിച്ചിഴച്ചതുമൊക്കെ കവലകളിലെ പ്രസംഗങ്ങളില്‍ സ്ഥാനം പിടിക്കും. ആദ്യാക്ഷരം പകര്‍ന്നു നല്കിയ അധ്യാപികയ്ക്ക് കുഴിമാടം ഒരുക്കിയതും മറ്റൊരു അധ്യാപികയുടെ കസേര കത്തിച്ചതും അതിന് ഒത്താശ ചെയ്ത നടപടിയും വേദികളില്‍ ഇടം പിടിക്കും.
എംഎല്‍എമാര്‍ മത്സരിക്കുന്നത് എന്തിന്
ജനവിധി തേടി വിജയിച്ചവര്‍ കാലാവധി കഴിയും മുമ്പേ എന്തിന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെടും. ഭയം മുന്നില്‍ക്കണ്ടിട്ടാണോ എന്ന ചോദ്യം ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. പൊതു സമ്മതനായ മറ്റ് നേതാക്കള്‍ ഉണ്ടായിരിക്കെ ഭൂമികൈയേറ്റക്കാര്‍ക്ക് എന്തിന് മത്സരിക്കാന്‍ അനുമതി നല്കി എന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ ചോദിക്കുന്നു. പ്രചരണത്തിന് എരിവും പുളിയും പകരുന്നതായിരിക്കും എംഎല്‍എയുടെയും നേതാക്കളുടെയും പീഡനകഥകള്‍.
പുല്‍വാമയും ബലാക്കോട്ടും
ദേശീയ തലത്തില്‍ എന്നല്ല പ്രദേശിക തലത്തിലെയും പ്രധാന ചര്‍ച്ചാവിഷയമാകും പുല്‍വാമയിലെ ഭീകരാക്രമണവും പകരം ഇന്ത്യ ബലാക്കോട്ടില്‍ നടത്തിയ വ്യോമാക്രമണവും. ചിലര്‍ക്ക് പാക്കിസ്ഥാന്റെ ശബ്ദം എന്നതായിരിക്കും ചര്‍ച്ചകളില്‍ നിറയുന്നത്. ഇതില്‍ ഏറെ പഴികേള്‍ക്കേണ്ടി വരുന്നതും ശത്രുവിനെ തുരത്താന്‍ രാപകലില്ലാതെ സേവനം അനുഷ്ഠിക്കുന്ന സൈനികരും. ദേശസ്നേഹമല്ല വലുത് വോട്ടാണ് എന്നത് മുന്നില്‍ക്കണ്ട് പാക്കിസ്ഥാനെ പുകഴ്ത്തുന്ന കാഴ്ചകളും ഉണ്ടാകും.
കൈകോര്‍ത്ത് സിപിഎമ്മും കോണ്‍ഗ്രസും
ബംഗാളില്‍ അരിവാള്‍ ചുറ്റികയും കൈപ്പത്തിയും തമ്മില്‍ സഹകരിക്കും. തിരികെ കേരളത്തില്‍ എത്തുമ്പോള്‍ വീറോടെ പൊരുതും. അവിടെ ഒരേ വേദികളില്‍ നേതാക്കള്‍ കൈകോര്‍ത്ത് വോട്ട് ചോദിക്കും. ഇവിടെ ഇരുകൈയും മറന്ന് പരസ്പരം ഏറ്റുമുട്ടും. സോഷ്യല്‍ മീഡിയയ്ക്കും ട്രോളര്‍മാര്‍ക്കും ഇനി വിശ്രമം ഉണ്ടാകില്ല ബംഗാളിലെയും കേരളത്തിലെയും തെരഞ്ഞെടുപ്പ് പ്രചരണം സംബന്ധിച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: