തമിഴ് കവിയായിരുന്ന കമ്പര്‍, രാമായണത്തിന് നല്‍കിയ വ്യാഖ്യാനമാണ് രാമാവതാരമെന്ന കമ്പരാമായണം. എന്നാല്‍ വാല്‍മീകി രാമായണത്തിന്റെ പദാനുപദ തമിഴ് വിവര്‍ത്തനമല്ലിത്.
കമ്പര്‍ ചൊല്ലിക്കൊടുത്ത് ഗണപതി ഭഗവാന്‍ ഒരൊറ്റ രാത്രികൊണ്ട് എഴുതി പൂര്‍ത്തിയാക്കിയതത്രേ കമ്പരാമായണം. ശ്രീരംഗത്തെ ശ്രീരംഗനാഥസ്വാമി ക്ഷേത്രമണ്ഡപത്തിലിരുന്നാണ് കമ്പര്‍ താന്‍ രചിച്ച രാമായണം ആദ്യമായി ചൊല്ലിയത്.
കാളിയുടെ അവതാരമായിരുന്ന ലങ്കാലക്ഷ്മിയാണ് ലങ്കയിലെത്തിയ ഹനുമാനെ ആദ്യമായി തടഞ്ഞത് ഹനുമാന്റെ പ്രഹരമേറ്റ ലങ്കാലക്ഷ്മി ചോരഛര്‍ദിച്ചു വീണു.അപ്പോഴാണ് അവള്‍ക്ക് തന്റെ ഭൂതകാലം ഓര്‍മയിലെത്തിയത്. ഹനുമാനെ സാദരം വണങ്ങിയ ലങ്കാലക്ഷ്മി ഹനുമാന് ലങ്കയിലേക്ക് വഴി പറഞ്ഞുകൊടുത്തു. അനന്തരം അവള്‍ കൈലാസത്തിലേക്ക് മടങ്ങി. കൈലാസത്തിലെത്തിയ ശ്രീകാളി തനിക്ക് രാമരാവണ യുദ്ധം കാണാനുള്ള ഭാഗ്യമുണ്ടായില്ലെന്ന് മഹാദേവനോട് പറഞ്ഞു. ദ്രാവിഡദേശത്തു ചെന്ന് സ്വയംഭൂ ക്ഷേത്രത്തില്‍ അധിവസിക്കാനായിരുന്നു മഹാദേവന്റെ ഉപദേശം. കമ്പരായി അവിടെ ഞാന്‍ ജന്മമെടുക്കും. അവിടെ വെച്ച് ഞാന്‍ രാമായണം രചിക്കാം. അതിനെ ആധാരമാക്കി പാവക്കൂത്ത് ആവിഷ്‌ക്കാരം ചെയ്യാം. നേരില്‍ കാണുന്നതിനേക്കാള്‍ വ്യക്തമായും പൂര്‍ണമായും നിനക്ക് രാമരാവണ യുദ്ധം കണ്ടു രസിക്കാം.
വൈകാതെ കാളി, തിരുവണ്ണനല്ലൂര്‍ സ്വയംഭൂലിംഗ ക്ഷേത്രത്തില്‍ സാന്നിധ്യമുറപ്പിച്ചു. ക്ഷേത്രത്തിനടുത്ത് താമസിച്ചിരുന്ന വിധവയായിരുന്നു ചിങ്കാരവല്ലി. അവരുടെ മകനായി മഹാദേവന്‍ അവതരിച്ചു. വിധവയായ ചിങ്കാരവല്ലി അപവാദങ്ങള്‍ സഹിക്കവയ്യാതെ കുഞ്ഞിനെ ക്ഷേത്രത്തിന്റെ കൊടിമരച്ചുവട്ടില്‍ ഉപേക്ഷിച്ചു. പുത്രനില്ലാതെ സങ്കടപ്പെട്ടു കഴിഞ്ഞ ജയപ്പവള്ളന്‍ എന്ന പ്രതാപിയായ കൗണ്ടരാണ് ആ കുഞ്ഞിനെ വളര്‍ത്തിയത്. കൊടിമരക്കമ്പമരത്തിന്റെ ചുവട്ടില്‍ നിന്ന് കണ്ടെടുത്തതിനാല്‍ ‘കമ്പര്‍’ എന്ന് പേരിട്ടു. അതിബുദ്ധിമാനും
കവിയുമായിരുന്ന കമ്പര്‍ പിന്നീട് ചോളരാജാവിന്റെ സദസ്യനായി. കമ്പന്‍, രാജാവിന്റെ കവി സദസ്സില്‍ ഒരാളായതോടെ ബഹുമാനപൂര്‍വം കമ്പര്‍ എന്നറിയപ്പെട്ടു. ഒരിക്കല്‍, കവി സദസ്സിലെ അംഗമായിരുന്ന ഒട്ടക്കൂത്തനോടും കമ്പരോടും രാമായണം തമിഴ് ഭാഷയില്‍ രചിക്കാന്‍ രാജാവ് ആവശ്യപ്പെട്ടു. സേതുബന്ധനം വരെയുള്ള ഭാഗങ്ങള്‍ ഒട്ടക്കൂത്തനോടു രചിക്കാനാവശ്യപ്പെട്ടു. യുദ്ധപ്രകരണം എഴുതാന്‍ കമ്പരോടും പറഞ്ഞു. ഒട്ടക്കൂത്തന്‍ ആറുമാസം കൊണ്ട് തന്റെ ദൗത്യം പൂര്‍ത്തിയാക്കി. കമ്പരാകട്ടെ എഴുതിത്തുടങ്ങിയിട്ടു പോലുമില്ലായിരുന്നു. ഇക്കാര്യം രാജാവറിഞ്ഞു. പിറ്റേന്നു തന്നെ കൃതി സദസ്സില്‍ വായിക്കണമെന്ന് അറിയിച്ചു. ഒരു രാത്രികൊണ്ട് കവിതയെഴുതാനിരുന്ന കമ്പര്‍ ഒന്നും എഴുതാതെ ഉറങ്ങിപ്പോയി. കമ്പര്‍ ഉണര്‍ന്നപ്പോള്‍ രാമായണം മുഴുവനായി എഴുതി വെച്ചിരിക്കുന്നതു കണ്ടു. ആശ്ചര്യഭരിതനായ കമ്പര്‍, അതെഴുതിയത് ശാരദാ ഭഗവതിയാണെന്ന് ഊഹിച്ചു. കൃതിയുമായി സദസ്സിലെത്തി. രാജാവിനെ ചൊല്ലിക്കേള്‍പ്പിച്ചു. ഇതാണ് കമ്പരാമായണവുമായി ബന്ധപ്പെട്ട ഐതിഹ്യം. പാവക്കൂത്തിന് ഉപയോഗിക്കാവുന്ന തരത്തിലായിരുന്നു ആ കാവ്യത്തിലെ യുദ്ധകാണ്ഡരചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക