തിരുവനന്തപുരം: അധികാരത്തിലെത്തിയ ശേഷം 1.56 ലക്ഷം പേര്‍ക്ക് നിയമനം നല്‍കിയെന്ന സംസ്ഥാന സര്‍ക്കാര്‍ വാദം തട്ടിപ്പ്. പിഎസ്സി വഴി 92,536 പേര്‍ക്ക് സ്ഥിര നിയമനവും എംപ്ലോയിന്റ് എക്സ്ചേഞ്ചുവഴി 29,580 പേര്‍ക്ക് താല്‍ക്കാലിക നിയമനവും നല്‍കിയതായാണ് പിണറായി വിജയന് സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ പുസ്തകത്തില്‍ അവകാശപ്പെട്ടത്്. ജോബ് ഫെയര്‍ വഴി സ്വകാര്യ മേഖലയില്‍ തൊഴില്‍ ലഭിച്ച 11,245 പേരേയും ജോബ് ഓഫര്‍ ലഭിച്ച 23,092 പേരയും ചേര്‍ത്താണ് സര്‍ക്കാര്‍ ഈ കണക്കുണ്ടാക്കിയത്.
ഈ അവകാശവാദം തെറ്റെന്ന്, എന്നാല്‍ സര്‍ക്കാറിന്റെ ഔദ്യോഗിക രേഖകളും സാക്ഷ്യപ്പെടുത്തുന്നു. ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2016ല്‍ 13,313 താല്‍ക്കാലിക നിയമനങ്ങളും 4,95,969 സ്ഥിരം നിയമനങ്ങളും അടക്കം 5,09,282 സര്‍ക്കാര്‍ ജീവനക്കാരാണുള്ളതെന്ന് ബജറ്റ് രേഖകള്‍ വ്യക്തമാക്കുന്നു.
ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ച കഴിഞ്ഞ ബജറ്റ് രേഖകളില്‍ 99 വകുപ്പുകളിലായി 5,15,639 ജീവനക്കാരാണുള്ളത്. ഇതില്‍ 11,865 പേര് താല്‍ക്കാലിക ജീവനക്കാരാണെന്നും വ്യക്തമാക്കുന്നു. 2016ല്‍ നിന്ന് ജീവനക്കാരുടെ വ്യത്യാസം വെറും 6,357 മാത്രം. അന്ന് 97 വകുപ്പുകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ രണ്ട് വകുപ്പുകള്‍ കൂടി. നോര്‍ക്ക, വനിതാ-ശിശു വികസന വകുപ്പുകള്‍. നോര്‍ക്കയില്‍ 197 പേരും വനിതാ-ശിശു വികസന വകുപ്പില്‍ 506 ജീവനക്കാരുമാണ് നിയമിതരായത്.
സര്‍ക്കാര്‍ വന്നശേഷം പോലീസ് വകുപ്പിലെ ജീവനക്കാരുടെ എണ്ണത്തിലാണ് കാര്യമായ വര്‍ധന ഉണ്ടായത്. 1935 പോലീസുകാര്‍ കൂടി സേനയുടെ ബലം 60,126 ആയി. ഏറ്റവും അധികം ജീവനക്കാരുള്ള(1,67,639) പൊതുവിദ്യാഭ്യാസ വകുപ്പില്‍ 1112 പേര്‍ക്ക് അധികമായി ജോലി കൊടുത്തു.
പൊതു വിദ്യാഭ്യാസം (525), ആരോഗ്യം (418), ആരോഗ്യ വിദ്യാഭ്യാസം (372), ലാന്‍ഡ് റവന്യു (257), തദ്ദേശഭരണം(173), വ്യവസായം(163), ജയില്‍(108) എന്നീ വകുപ്പുകളിലാണ് കാര്യമായ കൂടുതല്‍ നിയമനങ്ങള്‍ നടന്നിട്ടുള്ളത്്. അതേ സമയം പട്ടികജാതി വികസനം (78) ഉള്‍പ്പെടെ വിവിധ വകുപ്പുകളില്‍ മൂന്നു വര്‍ഷത്തിനിടയില്‍ ജീവനക്കാരുടെ എണ്ണത്തില്‍ കുറവും വന്നിട്ടുണ്ട്.
25 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന പ്രകടനപത്രികയുമായി അധികാരത്തിലെത്തിയ സര്‍ക്കാര്‍ പറഞ്ഞതെല്ലാം ചെയ്തു നിറഞ്ഞു എന്നവകാശപ്പെട്ടാണ് 1000-ാം ദിനം ആഘോഷിച്ചത്. അതിനായി ഇറക്കിയ പുസ്തകത്തിലാണ് 1.56 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കിയെന്ന് അവകാശപ്പെട്ടത്്. പിഎസ്സി വഴി 92,536 പേര്‍ക്ക് സ്ഥിര നിയമനം നല്കി എന്ന അവകാശവാദം അംഗീകരിച്ചാലും ഇതില്‍ 95 ശതമാനവും പെന്ഷന് പറ്റിയവര്‍ക്ക് പകരമായ നിയമനമായിരുന്നു എന്ന യാഥാര്‍ഥ്യം മറച്ചുവെക്കുകയാണ്.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുവഴിയുള്ള നിയമനങ്ങള്‍ ആറുമാസത്തേക്കാണ്. നിയമനം ലഭിച്ചവരില്‍ ഭൂരിഭാഗവും തൊഴില്‍രഹിതരായി എന്നതും മറച്ചുവെച്ച്് 29,580 പേര്‍ക്ക് തൊഴില്‍ നല്കി എന്നതിലെ കാപട്യം വ്യക്തമാക്കുന്നതാണ് ബജറ്റ് രേഖകള്‍. 2017ല്‍ 13313 താല്‍ക്കാലിക ജീവനക്കാരാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ഉള്ളത്് 11865 പേര്. 1448 പേരുടെ കുറവ്.
ബജറ്റില്‍ മാത്രമല്ല സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലും സംസ്ഥാനത്തെ തൊഴിലാളികളെക്കുറിച്ച് വ്യക്തമായ കണക്കുണ്ട്. പൊതു, സ്വകാര്യ മേഖലകള്‍ ചേര്‍ത്താല്‍ 12,13,977 എന്നാണ് നിയമസഭയില്‍ വെച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2016 ല്‍ ഇത് 11,49,450 ആയിരുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നും. കൂടിയത് വെറും 24,427 മാത്രം. സ്വകാര്യ മേഖലയുടേതുകൂടി കൂട്ടിയാല്‍പോലും 1.56 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്കി എന്ന അവകാശവാദത്തിന്റെ അടുത്തല്ല യാഥാര്‍ഥ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: