പള്ളിക്കത്തോട്: ശബരിമല ശ്രീകോവിലില്‍ സ്ഥാപിക്കാനുള്ള തങ്ക വാതിലുമായി ഇളമ്പള്ളി ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തില്‍ നിന്ന് ഘോഷയാത്ര ആരംഭിച്ചു.
പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് തങ്കത്തില്‍ പൊതിഞ്ഞ വാതില്‍ അലങ്കരിച്ച രഥത്തിലേക്ക് മാറ്റിയത്. തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറും ചലച്ചിത്ര താരം ജയറാമും ചേര്‍ന്ന് ഭക്തര്‍ക്ക് മുമ്പില്‍ തങ്കവാതില്‍ അനാച്ഛാദനം ചെയ്തു. തുടര്‍ന്ന് നടന്ന സമ്മേളനം എ. പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു. പത്മശ്രീ ജയറാം ഭദ്രദീപം പ്രകാശിപ്പിച്ചു. തങ്കവാതില്‍ ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് വലിയ അനുഗ്രഹമായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഡോ. എന്‍. ജയരാജ് എംഎല്‍എ അധ്യക്ഷനായി. ദേവസ്വം ബോര്‍ഡംഗം കെ.പി. ശങ്കര്‍ദാസ്, കര്‍ണാടക എംഎല്‍എ സുരേഷ്, ജിജി അഞ്ചാനി തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തിന് ശേഷം ജയറാം ഘോഷയാത്രയ്‌ക്കൊപ്പം ഏറെ ദൂരം യാത്ര ചെയ്തു.
ഗുരുവായൂര്‍ ഇളവള്ളി നന്ദന്‍ ആചാരി നിലമ്പൂര്‍ തേക്കില്‍ പണിത വാതില്‍ ചെമ്പില്‍ രൂപകല്‍പ്പന ചെയ്തത് ഹൈദരാബാദ് സ്വദേശികളായ എം. പ്രവീണും സി. നരേഷും ചേര്‍ന്നാണ്. രണ്ടു പ്രാവശ്യം ശബരിമലയില്‍ എത്തിച്ച് അളവെടുപ്പ് നടത്തിയ ശേഷമാണ് ഹൈദരാബാദിലെത്തിച്ച് സ്വര്‍ണം പൂശിയത്. നാല് കിലോയോളം സ്വര്‍ണമാണ് ഇതിനായി ഉപയോഗിച്ചത്. വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം ഇന്ന് സന്നിധാനത്ത് എത്തിക്കുന്ന തങ്ക വാതില്‍ ദേവസ്വം ഭാരവാഹികള്‍ ചേര്‍ന്ന് ഏറ്റുവാങ്ങും.
















