ന്യൂദല്‍ഹി: ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് രാജിവച്ച ഡോ. കുമ്മനം രാജശേഖരന് വികാരനിര്‍ഭരമായ വിടവാങ്ങല്‍ നല്കി മിസോറാം. രാജിവാര്‍ത്ത വന്നതിന് പിന്നാലെ രണ്ട് ദിവസമായി രാജ്ഭവന് സന്ദര്‍ശകരുടെ തിരക്കിലായിരുന്നു.
മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ക്ക് പുറമെ അദ്ദേഹവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നിരവധി സാധാരണക്കാരും മലയാളി സംഘടനാ പ്രവര്‍ത്തകരും ആശംസയുമായി എത്തി.
കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ജീവനക്കാര്‍ കുമ്മനത്തിന് യാത്രയയപ്പ് നല്‍കിയത്. കേരളത്തിലേക്ക് മടങ്ങുന്നതിലെ വേദന പങ്കുവച്ച അവര്‍ കേന്ദ്രമന്ത്രിയായി മിസോറാമില്‍ വീണ്ടും വരണമെന്ന് ആവശ്യപ്പെട്ടു. വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞും കേരളത്തിലേക്ക് ക്ഷണിച്ചും കുമ്മനം അവര്‍ക്കൊപ്പം ചെലവഴിച്ചു. തിരുവനന്തപുരത്ത് ലോക്സഭാ സ്ഥാനാര്‍ഥിയായി അദ്ദേഹം മത്സരിക്കുമെന്ന് മിസോറാമിലെ പ്രാദേശിക പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
രാജ്ഭവന്റെ സുരക്ഷാച്ചുമതലയുള്ള സൈനികര്‍ക്കും ജീവനക്കാര്‍ക്കും ഒപ്പമായിരുന്നു ഇന്നലെ പ്രഭാത ഭക്ഷണം. പതിനൊന്ന് മണിയോടെ അസം ഗവര്‍ണറായ പ്രഫ. ജഗ്ദിഷ് മുഖി ചുമതല ഏറ്റെടുത്തു. തുടര്‍ന്ന് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് മുഖ്യമന്ത്രി സൊറാംതാംഗ്മയും മന്ത്രിമാരും ഔദ്യോഗിക യാത്രയയപ്പ് നല്കി. ജനകീയനായ ഗവര്‍ണറാണ് രാജിയോടെ മിസോറാമിന് നഷ്ടപ്പെടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുമായി കുമ്മനം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ലളിതമായ ജീവിത രീതിയും സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള താത്പര്യവും മറ്റുള്ളവര്‍ക്ക് മാതൃകയാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്ഭവനില്‍ മിസോറാം പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. തലസ്ഥാനമായ ഐസ്വാളിലെ ആര്‍മി ഹെലിപ്പാഡിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും കുമ്മനത്തെ അനുഗമിച്ചു. അവിടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച് ദല്‍ഹിക്ക് മടങ്ങി. ഇന്നോ നാളെയോ കേരളത്തിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: