മലപ്പുറം: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയില്‍ ഭിന്നതയില്ലെന്ന് സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍. ബിജെപിയുടെ ഐക്യം തകര്‍ത്ത് മുതലെടുപ്പ് നടത്താമെന്ന് പ്രതീക്ഷിക്കുന്നവര്‍ക്ക് നിരാശയായിരിക്കും ഫലം. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി അക്കൗണ്ട് തുറക്കും. ശബരിമല വിഷയത്തിലടക്കമുള്ള സംസ്ഥാന സര്‍ക്കാറിന്റെ വീഴ്ചകള്‍ ബിജെപിക്ക് ഗുണം ചെയ്യും. വിശ്വാസികളോട് സിപിഎം നേരിട്ട് ക്രൂരത കാണിച്ചപ്പോള്‍ കോണ്‍ഗ്രസ് ഒളിച്ചുനിന്ന് വിശ്വാസികളെ വഞ്ചിക്കുകയായിരുന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കയ്യേറ്റക്കാരേയും ബൂര്‍ഷ്വാസികളെയുമാണ് സിപിഎം സ്ഥാനാര്‍ത്ഥികളാക്കിയതെന്നതിന് തെളിവാണ് പൊന്നാനിയിലെ പി.വി. അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം. മാവോയിസ്റ്റ് ജലീലിനെ വെടിവെച്ചു കൊന്നത് സംബന്ധിച്ച് അവര്‍ക്ക് അനുകൂല നിലപാടെടുക്കുന്ന സിപിഐ നയം വ്യക്തമാക്കണം. കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ മാത്രമല്ല, കമ്യൂണിസ്റ്റ് കുടുംബങ്ങളും തകരുകയാണെന്നും അദ്ദേഹം പറഞ്ഞു.
















