കോഴിക്കോട്: കൊലക്കേസുകളിലും പീഡനക്കേസുകളിലും പ്രതികളായവരെയും വിചാരണ നേരിടുന്നവരെയും സ്ഥാനാര്‍ഥികളാക്കാനുള്ള സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നീക്കം നിയമവ്യവസ്ഥയെയും ജനാധിപത്യത്തെയും വെല്ലുവിളിക്കലാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ആരോപിച്ചു. ബിജെപി ഉത്തരമേഖലാ പരിവര്‍ത്തനയാത്രയുടെ ഭാഗമായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശശി തരൂരിനെയും കെ.സി. വേണുഗോപാലിനെയും ഉമ്മന്‍ ചാണ്ടിയെയും പരിഗണിക്കുന്ന കോണ്‍ഗ്രസും പി. ജയരാജനെയും പി.വി. അന്‍വറിനെയും സ്ഥാനാര്‍ത്ഥികളാക്കുന്ന എല്‍ഡിഎഫും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. രണ്ടു കൊലപാതകക്കേസുകളില്‍ പ്രതിപട്ടികയിലുള്ളയാളാണ് സിപിഎമ്മിന്റെ വടകര സ്ഥാനാര്‍ഥിയായ പി. ജയരാജന്‍. പൊന്നാനിയിലെ സ്ഥാനാര്‍ത്ഥിയായ പി.വി. അന്‍വറാകട്ടെ കൈയേറ്റ മാഫിയയുടെ ആളാണെന്ന ആരോപണം ഉയര്‍ന്ന യാളാണ്.
വടകരയില്‍ യുഡിഎഫിനെ പിന്തുണയ്‌ക്കാനുള്ള ആര്‍എംപിയുടെയും കെ.കെ. രമയുടെയും തീരുമാനം ആത്മഹത്യപരമാണെന്ന് അദ്ദേഹം പറഞ്ഞു. പി. ജയരാജനെ പോലെ തന്നെ അവര്‍ യുഡിഎഫിനെയും എതിര്‍ക്കണം. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് യുഡിഎഫ് അട്ടിമറിച്ചില്ലായിരുന്നുവെങ്കില്‍ കുഞ്ഞനന്തനൊപ്പം പി. ജയരാജനും ജയിലില്‍ കിടക്കുമായിരുന്നുവെന്നും എം.ടി. രമേശ് ആരോപിച്ചു.
















