ന്യൂദല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷനായിരിക്കെ അപ്രതീക്ഷിതമായാണ് കുമ്മനം രാജശേഖരന് ഗവര്‍ണറായി നിയമിക്കപ്പെട്ടത്. ചുമതലയേറ്റെടുക്കാന്‍ മിസോറാമിലെത്തിയപ്പോള്‍ കേരളത്തിലെ ചാനലുകളില്‍ ‘ബ്രേക്കിംഗ് ന്യൂസ്’ പ്രത്യക്ഷപ്പെട്ടു- കുമ്മനത്തിനെതിരെ വന്‍ പ്രതിഷേധം. മിസോറാം ജനത ഗവര്‍ണറെ വേണ്ടെന്ന് പറഞ്ഞുവെന്ന് വരെ ചില മാധ്യമങ്ങള്‍ എഴുതി പിടിപ്പിച്ചു. പിപ്പീള്‍സ് റപ്രസെന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സ്റ്റാറ്റസ് ഓഫ് മിസോറാം (പ്രിസം) എന്ന ഒരു പുതിയ സംഘടനയായിരുന്നു എതിര്‍പ്പുന്നയിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 13 സീറ്റില്‍ മത്സരിച്ച ഈ സംഘടനക്ക് ലഭിച്ചത് വെറും 1262 വോട്ടുകളാണ്- 0.2%.
തൊണ്ണൂറ് ശതമാനത്തോളം ക്രിസ്ത്യന്‍ വിശ്വാസികളുള്ള മിസോറാമില്‍ ആര്‍എസ്എസ് പ്രചാരകനായ കുമ്മനത്തിന്റെ ഗവര്‍ണര്‍ പദവി പലതരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടിരുന്നു. എന്നാല്‍ മിസോറാം ജനതയുടെ എല്ലാ സംശയങ്ങളെയും ഇല്ലാതാക്കുന്നതായിരുന്നു ആദ്യ ദിനം മുതല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. വെള്ളമുണ്ടും ഷര്‍ട്ടുമണിഞ്ഞ് കേരളീയ വേഷത്തിലായിരുന്നു കുമ്മനത്തിന്റെ സത്യപ്രതിജ്ഞ. ഇന്നലെ അവസാന ദിവസം ഓഫീസിലെത്തിയപ്പോഴും ഇതേ വേഷം തന്നെയായിരുന്നു അദ്ദേഹത്തിന്. കേരളത്തിന്റെ പാരമ്പര്യത്തെ മുറുകെപ്പിടിച്ചപ്പോള്‍ മിസോറാമിന്റെ തനത് സംസ്കാരത്തെയും വ്യത്യസ്തയെയും ഉള്‍ക്കൊള്ളാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. രാഷ്ട്രീയ മത വ്യത്യാസമില്ലാതെ, എതിര്‍ത്തവരെപ്പോലും സൗഹൃദവലയത്തില്‍ കൂടെച്ചേര്‍ത്താണ് അദ്ദേഹം കേരളത്തിലേക്ക് മടങ്ങുന്നത്. കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ലാല്‍തന്‍വാല, ഇപ്പോഴത്തെ മുഖ്യമന്ത്രി സൊറാംതാംഗ്മ എന്നിവരുമായും ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായും അടുത്ത ബന്ധം പുലര്‍ത്തി.
പ്രോട്ടോക്കോളില്ലാത്ത ഗവര്‍ണര്‍
”പാര്‍ട്ടിയിലും സംഘടനയിലും നിരവധി ചുമതലകള്‍ വഹിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഭരണപരമായ പദവിയിലെത്തുന്നത്. പഠിക്കാനുള്ള അവസരം കൂടിയാണിത്”. സത്യപ്രതിജ്ഞക്കായി മിസോറാമിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് ദല്‍ഹിയില്‍ മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. ജനങ്ങളെ കേള്‍ക്കുന്നതിനോ അവരുടെ പരാതികള്‍ പരിഹരിക്കുന്നതിനോ പ്രോട്ടോക്കോള്‍ തടസ്സമാകരുതെന്ന് കുമ്മനത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ഉന്നത ഉദ്യോഗസ്ഥരും വിഐപികളും മാത്രം സന്ദര്‍ശകരായിരുന്ന ഐസ്വാളിലെ രാജ്ഭവന് സാധാരണക്കാരുടെയും അഭയകേന്ദ്രമായി മാറി. പൊതുപരിപാടികളില്‍ പദവിയുടെ അലങ്കാരമില്ലാതെ ജനങ്ങളിലൊരാളായി അദ്ദേഹം പെരുമാറി. രാജ്ഭവന്റെ പ്രവര്‍ത്തനത്തില്‍ അടിമുടി മാറ്റം വരുത്തി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതിനായി താമസമുറിയോട് ചേര്‍ന്ന് താല്‍ക്കാലികമായി ഓഫീസ് സംവിധാനമൊരുക്കി. ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം ഉണ്ടാകരുതെന്ന് നിര്‍ബന്ധം പിടിച്ചു. ഓരോ ഫയലുകളും വിശദമായി പഠിക്കാനും സമയം കണ്ടെത്തി.
ജനകീയനായ ഗവര്‍ണര്‍
ഓഫീസില്‍ ഒതുങ്ങിയിരുന്നില്ല പ്രവര്‍ത്തനം. പൊതുസമൂഹത്തിന്റെയും സന്നദ്ധസംഘടനകളുടെയും പരിപാടികളില്‍ നിരന്തരം പങ്കെടുത്തു. സ്വഛ് ഭാരത്, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ പരിപാടികള്‍ക്ക് ഊന്നല്‍ നല്കി. കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് പദ്ധതികള്‍ ആവിഷ്കരിക്കാന്‍ എല്ലാവിധ പിന്തുണയും നല്കി. ‘ക്ലീന്‍, ഗ്രീന്‍, ബയോ മിസോറാം’ നടപ്പാക്കുന്നതിന് സര്‍ക്കാരിന് പദ്ധതി സമര്‍പ്പിച്ചു. മുപ്പത് വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ സൗജന്യമായി പഠിക്കാന്‍ അവസരമൊരുക്കി. ജനങ്ങളുമായി നേരിട്ട് ബന്ധം സ്ഥാപിക്കുന്നതിനും മുന്‍ഗണന നല്കി. രാജ്ഭവനിലെ സാധാരണ ജീവനക്കാരുടെ വീടുകളില്‍ അപ്രതീക്ഷിതമായി അദ്ദേഹമെത്തിയിരുന്നു. ചിലപ്പോഴൊക്കെ പ്രഭാത ഭക്ഷണവും അവിടെനിന്നായിരുന്നു. ആശുപത്രികളിലും അനാഥാലയങ്ങളിലും പതിവ് സന്ദര്‍ശകനായി.
രാജ്ഭവനില്‍ ആദ്യമായി ചില്‍ഡ്രന്‍സ് ഡേ ആഘോഷം നടന്നു. ഏറ്റവും മികച്ച വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് നല്‍കാനും തീരുമാനിച്ചു. പിറന്നാള്‍ ആഘോഷിക്കണമെന്ന് ജീവനക്കാര്‍ നിര്‍ബന്ധിച്ചപ്പോള്‍ പട്ടാളക്കാരുടെ ക്യാമ്പാണ് കുമ്മനം തെരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ ആദ്യ പിറന്നാള്‍ ആഘോഷമായിരുന്നു അത്! സൈനികദിനത്തില്‍ മിസോ ഭാഷയില്‍ ആശംസ നേരാമെന്ന ആശയം അദ്ദേഹത്തിന്റേത് തന്നെയായിരുന്നു. ഇതിനെച്ചൊല്ലി കേരളത്തില്‍ എതിരാളികള്‍ ട്രോളുണ്ടാക്കി ആഘോഷിച്ചപ്പോള്‍ കുമ്മനം മിസോറാം ജനതയുടെ ഹൃദയത്തില്‍ ഇടംനേടുകയായിരുന്നു. മുന്‍പ് 17 ഗവര്‍ണര്‍മാര്‍ ഉണ്ടായിരുന്നിട്ടും ആദ്യമായാണ് ഒരാള്‍ മിസോ ഭാഷയില്‍ സംസാരിച്ചത്. ഭാഷയുമായി വൈകാരിക അടുപ്പം സൂക്ഷിക്കുന്നവരാണ് മിസോറാം ജനത.
പ്രോട്ടോക്കോള്‍ പാലിക്കാറില്ലെന്ന പരാതിയുണ്ടായിരുന്നെങ്കിലും കേരളത്തിലെ കുമ്മനത്തിന്റെ പരിപാടികള്‍ അദ്ദേഹത്തെ അനുഗമിച്ചിരുന്ന എഡിസിമാര്‍ക്ക് അത്ഭുതമായിരുന്നു. ‘ഇത്രയും ജനകീയനായ ഒരാളെയാണോ ഗവര്‍ണറാക്കിയതെന്ന്’ സെല്‍ഫിയെടുക്കാനെത്തുന്നവരെ കണ്ട് എഡിസിയായ എസ്പി റക്സ് ഒരിക്കല്‍ ചോദിച്ചു. ഇത്രയും ‘സിംപിളാ’യ ഗവര്‍ണര്‍ അവര്‍ക്ക് ആദ്യത്തെ അനുഭവമായിരുന്നു. പണം ചെലവഴിക്കുന്നതിലും അദ്ദേഹം മിതത്വം പാലിച്ചു. സഹായം ചോദിച്ചെത്തിയവര്‍ക്ക് ശമ്പളത്തില്‍നിന്നും പണം എടുത്ത് നല്കി. ഗവര്‍ണറുടെ ഫണ്ടുള്ളത് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ‘നമ്മള് കൊടുക്കുന്നത് നമ്മുടെ തന്നെ പണമായിരിക്കണം’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: